റിയാദ്- അടുത്ത വര്‍ഷം മുതല്‍ സൗദി അറേബ്യയിലെ മൂന്ന് സ്പോര്‍ട്സ് സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കും. സ്ത്രീ ശാക്തീകരണത്തിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങള്‍ക്ക് പിറകെയാണ് സ്റ്റേഡിയങ്ങളും വനിതകള്‍ക്കായി തുറക്കുന്നത്.
ജനുവരി ആദ്യത്തോടെ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയങ്ങള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ട്വിറ്ററില്‍ പറഞ്ഞു.

കഴിഞ്ഞ മാസം റിയാദില്‍ സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഫുട്ബാള്‍ മത്സരം നടക്കാറുള്ള സ്റ്റേഡിയത്തിലായിരുന്നു ഇത്. സാമ്പത്തിക, സമൂഹിക പരിഷ്കാരങ്ങള്‍ക്കുള്ള വിഷന്‍ 2030 ന്റെ ഭാഗമായാണ് പൊതുരംഗത്ത് സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കിയത് സൗദി ചരിത്രത്തിലെ സുപ്രധാന നടപടിയായിരുന്നു.






