കാൺപുർ- സെഞ്ചുറി വീരന്മാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഉയർത്തിയ വെല്ലുവിളിയെ അതേ നാണയത്തിൽ നേരിട്ട ന്യൂസിലാന്റിനെ ത്രില്ലർ മത്സരത്തിൽ ആറ് റൺസിന് തോൽപിച്ച ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. കൂറ്റൻ സ്‌കോറുകൾ കണ്ട കാൺപൂർ ഏകദിനം വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1 നാണ് ഇന്ത്യ നേടിയത്. തുടർച്ചയായ ഏകദിന പരമ്പര വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിതിന്റെയും (147 പന്തിൽ 138), വിരാടിന്റെയും (113 പന്തിൽ 106) തകർപ്പൻ സെഞ്ചുറികളോടെ ആറ് വിക്കറ്റിന് 337 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയതോടെ വിജയം ഉറപ്പിച്ചതാണ്. എന്നാൽ കിവീസ് വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു. കോളിൻ മൺറോയും (62 പന്തിൽ 75), ക്യാപ്റ്റൻ കെയ്ൻ വില്യംസണും (84 പന്തിൽ 64), ടോം ലാത്തമും (52 പന്തിൽ 65), ചേർന്ന് അസാധ്യമെന്ന് തോന്നിയ ലക്ഷ്യത്തിലേക്ക് സന്ദർശകരെ അടുപ്പിച്ചു. അവസാന ഓവറുകളിൽ കണിശമായി എറിഞ്ഞ ജസ്പ്രീത് ബൂംറ അവരെ ഏഴിന് 331 ൽ പിടിച്ചുകെട്ടിയില്ലായിരുന്നെങ്കിൽ കാൺപൂരിൽ അദ്ഭുതം സംഭവിച്ചേനേ.
തുടക്കം മുതൽ ശരാശരി നിലവാരത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ അവസാന മൂന്ന് ഓവറുകളിൽ അവസരത്തിനൊത്തുയർന്നാണ് ന്യൂസിലാന്റ് വിജയത്തെ തടഞ്ഞത്. പ്രത്യേകിച്ചും അവസാന ഓവറിൽ ബൂംറ. ന്യൂസിലാന്റിന് ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്നപ്പോൾ ബൂംറ വിട്ടുകൊടുത്തത് എട്ട് മാത്രം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബൂംറ പത്ത് ഓവറിൽ മൊത്തം വഴങ്ങിയത് 47 റൺസ്. 32 ഡോട് ബോളുകൾ എറിഞ്ഞ് കിവീസിനെ സമ്മർദത്തിലാക്കാനും ബൂംറക്ക് കഴിഞ്ഞു.
ഇടങ്കയ്യൻ ഓപ്പണർ മൺറോ നൽകിയ തകർപ്പൻ തുടക്കമാണ് കിവീസിന് വിജയ പ്രതീക്ഷ നൽകിയത്. ഇന്ത്യയുടെ റൺ മല മറികടക്കാൻ വമ്പനടികൾ കൊണ്ടേ കഴിയൂ എന്നറിഞ്ഞ മൺറോയുടെ തുടക്കം ഭുവനേശ്വർ കുമാറിനെ മിഡ് വിക്കറ്റിനുമുകളിലൂടെ സിക്‌സറിന് പറത്തിക്കൊണ്ടായിരുന്നു. പിന്നീട് മൂന്ന് ബൗണ്ടറികൾ കൂടി പായിച്ച് മൊത്തം 19 റൺസാണ് ആ ഓവറിൽ മൺറോ നേടിയത്. റൺസ് വിട്ടുകൊടുക്കുന്നതിൽ പൊതുവെ പിശുക്ക് കാട്ടാറുള്ള ഭുവി പക്ഷേ ഇന്നലെ പത്തോവറിൽ വിട്ടുകൊടുത്തത് 92 റൺസ്. കിട്ടിയതാകട്ടെ ഒരു വിക്കറ്റും. മാർട്ടിൻ ഗുപ്റ്റിലിനെ (10) ബുംറ പുറത്താക്കിയതോടെ വില്യംസൺ മൺറോക്ക് കൂട്ടായെത്തി. 105 പന്തിൽ 109 റൺസെടുത്ത ഈ കൂട്ടുകെട്ട് സന്ദർശകരുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നതായിരുന്നു. പെയ്‌സിനെയും സ്പിന്നിനെയും ഒരുപോലെ നിർഭയം നേരിട്ട മൺറോ എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമാണ് പായിച്ചത്. പരമ്പരയിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ വില്യംസൺ മൺറോക്ക് പിന്തുണ നൽകി. ഇരുവരെയും പുറത്താക്കിയ യുസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അതോടെ റണ്ണൊഴുക്കിന് അൽപം നിയന്ത്രണം വന്നു. എന്നാൽ റോസ് ടെയ്‌ലറും (47 പന്തിൽ 39) ലാത്തമും താളം കണ്ടെത്തിയതോടെ വീണ്ടും കിവീസ് പിടിമുറുക്കി. 69 പന്തിൽ 79 റൺസാണ് ഇവർ നാലാം വിക്കറ്റിൽ അടിച്ചത്. അവസാന പത്തോവറിൽ ജയിക്കാൻ 91 റൺസെന്ന നിലയിലെത്തിയ ന്യൂസിലാന്റ്. 41 ാം ഓവറിന്റെ ആദ്യ പന്തിൽ ടെയ്‌ലറെ ബൂംറ പുറത്താക്കിയതോടെ കളത്തിലെത്തിയ ഹെൻട്രി നിക്കോൾസ് (24 പന്തിൽ 37) സ്‌കോറിംഗിന് വേഗം കൂട്ടിയതേയുള്ളൂ. അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമടിച്ച നിക്കോൾസ് ന്യൂസിലാന്റിനെ വിജയിപ്പിച്ചേക്കുമെന്നുതന്നെ ഒരു വേള തോന്നിച്ചു, ഭുവി ക്ലീൻ ബൗൾ ചെയ്യുന്നതുവരെ. തൊട്ടടുത്ത ഓവറിൽ ലാത്തം റണ്ണൗട്ടാവുക കൂടി ചെയ്തതോടെയാണ് ഇന്ത്യക്ക് വീണ്ടും ആധിപത്യം കിട്ടുന്നത്. വാലറ്റത്തെ പിടിച്ചുകെട്ടുന്നതിൽ ബൂംറ വിജയിക്കുകയും ചെയ്തു.
നേരത്തെ ഏകദിനത്തിൽ നാല് ഇരട്ട സെഞ്ചുറി കൂട്ടുകളെന്ന അപൂർവ റെക്കോർഡുമായാണ് ശർമയും കോഹ്‌ലിയും ഇന്ത്യയെ റൺമല കയറ്റിയത്. 211 പന്തിൽ 230 റൺസാണ് രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. രോഹിത് 18 ബൗണ്ടറികളും രണ്ട് സിക്‌സറുമടിച്ചപ്പോൾ, വിരാട് ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ഇന്ത്യൻ ഇന്നിംഗ്‌സിൽ മറ്റാർക്കും കാര്യമായ റോളുണ്ടായിരുന്നില്ല. 25 റൺസെടുത്ത മഹേന്ദ്ര ധോണിയായിരുന്നു ഇവർ കഴിഞ്ഞാലുള്ള ടോപ് സ്‌കോറർ. ഇവരുടെ മികവിൽ കാൺപുർ ഗ്രീൻപാർക്കിൽ ഇന്ത്യ റെക്കോർഡ് സ്‌കോർ നേടുകയും ചെയ്തു. രണ്ട് വർഷം മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ അഞ്ചിന് 303 ആയിരുന്നു ഇതിനു മുമ്പത്തെ ഉയർന്ന സ്‌കോർ.