വിജ്ഞാനവും വിനോദവും സമന്വയിക്കപ്പെടുന്ന കലാകാരനായും സാമൂഹിക സാംസ്കാരിക പ്രവർത്തകനായും അറിയപ്പെടുന്ന ബന്ന ചേന്ദമംഗലൂർ സാംസ്കാരിക ലോകത്ത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ഓർമിക്കപ്പെടുന്നതും 'കഥാശ്വാസ'മെന്ന പുതുമയുള്ള പരിപാടിയിലൂടെയാകും.
ലോക്ഡൗൺ കാലം ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനും വേറിട്ട സാംസ്കാരിക പ്രവർത്തനത്തിലൂടെ സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും അധ്യാപകൻ കൂടിയായ ബന്ന ചേന്ദമംഗലൂർ നടപ്പാക്കിയ കഥാശ്വാസം ഇതിനകം 162 എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞു.
മലയാളത്തിലെ ശ്രദ്ധേയരായ കഥാകൃത്തുക്കളുടെ കഥകളെ തന്റെ അനുഗൃഹീതമായ സ്വരമാധുരിയോടെ വാട്സാപ്പ് ബ്രോഡ്കാസ്റ്റ്, യു-ട്യൂബ് എന്നീ ചാനലുകളിലൂടെ അവതരിപ്പിക്കുന്നതിനായി ബന്ന തുടങ്ങിവെച്ച സംരംഭം അതിവേഗമാണ് ലോകത്തെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തത്. പലപ്പോഴും കഥ വായിക്കുന്നതിലും ആസ്വാദ്യകരമാണ് കേൾക്കുന്നതെന്ന് പോലും അനുഭവവേദ്യമാക്കുന്ന രൂപത്തിലാണ് ബന്നയുടെ വായന.
ലബ്ധപ്രതിഷ്ഠരായ ലളിതാംബിക അന്തർജനം, ഒ.വി. വിജയൻ, ടി. പത്മനാഭൻ, എം. മുകുന്ദൻ, എൻ.എസ് മാധവൻ, കെ.ആർ. മീര, വി.ആർ.സുധീഷ്, കെ.പി.രാമനുണ്ണി, പി.സുരേന്ദ്രൻ, യു.കെ. കുമാരൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി.കെ. പാറക്കടവ്, എൻ.പി. ഹാഫിസ് മുഹമ്മദ്, സന്തോഷ് ഏച്ചിക്കാനം, ഡോ. എം.കെ.മുനീർ തുടങ്ങി വിവിധ തലമുറകളിലും തട്ടുകളിലുമുളളവരുടെ കഥകൾ വായനയിലൂടെ സഹൃദയ ലോകത്തിന് സമ്മാനിച്ചിരിക്കുന്നു, ബന്ന.
കഥാ വായനയോട് മലയാളി സമൂഹത്തിന് പരമ്പരാഗതമായി തന്നെ പ്രിയമുണ്ട്. പല വീടുകളിലും മുത്തശ്ശികൾ പറയുന്ന കഥകൾ കേട്ടാണ് മലയാളി സമൂഹം വളർന്നത്. എന്നാൽ കൂട്ടുകുടുംബ വ്യവസ്ഥിതി മാറുകയും ന്യൂക്ലിയർ കുടുംബങ്ങളുടെ തിരക്ക് പിടിച്ച ജീവിയാത്രക്കിടയിൽ ജീവിക്കാൻ മറന്നുപോവുകയും ചെയ്യുന്ന സമകാലിക ലോകത്ത് ഇതൊക്കെ കേട്ടുകേൾവിയാകുന്നു. ഈ സവിശേഷ സാഹചര്യത്തിലാണ് കഥാശ്വാസത്തിന്റെ സാംസ്കാരിക പരിപ്രേക്ഷ്യത്തിന് പ്രാധാന്യമേറുന്നത്.
'കഥാശ്വാസം' നൂറ് കഥകൾ പിന്നിട്ടപ്പോഴും 150 പിന്നിട്ടപ്പോഴും സഹൃദയ ലോകം അതാഘോഷിച്ചുവെന്നത് ഈ സർഗസപര്യയെ അവർ എന്തുമാത്രം നെഞ്ചേറ്റുന്നുവെന്നതിനുള്ള തെളിവാണ്. കോവിഡ് പ്രോട്ടോക്കോളിനിടയിലും കോഴിക്കോട്ട് ഒത്തുചേർന്നാണ് കഥാശ്വാസത്തിന്റെ നൂറ് എപ്പിസോഡ് ആഘോഷിച്ചത്.

നൂതനമായ ശബ്ദാഭിനയത്തിലൂടെ സാംസ്്കാരിക പ്രവർത്തനം നടത്തുന്ന ബന്ന നിരവധി ടെലി ഫിലിമുകളിലും അഞ്ചോളം മുഖ്യധാരാ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
ടിപ്പു സുൽത്താൻ, കുഞ്ഞാലി മരക്കാർ തുടങ്ങി നൂറിലധികം ഡോക്യുമെന്ററികൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ലോകപ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ചിൽഡ്രൺ ഓഫ് ദ ഹെവൺ, മുസ്തഫ അക്കാദിന്റെ ദ ലയൺ ഓഫ് ദ ഡെസേർട്ട്-ഉമർ മുഖ്താർ, ദ മെസേജ്, രിസാല, ഖലീഫ അബൂബക്കർ, ഖുർആൻ കഥകൾ തുടങ്ങി നിരവധി വിശ്വോത്തര സൃഷ്ടികളെ മലയാളി ആസ്വാദകരിലേക്കെത്തിച്ചത് ബന്നയുടെ ഡബ്ബിംഗ് ഡയറക്ഷനിലായിരുന്നു. ഐ-മീഡിയ, സമീക്ഷ എന്നിവയ്ക്കായി നിരവധി പരിപാടികൾക്ക് ബന്ന ശബ്ദം നൽകിയിട്ടുണ്ട്.
കുട്ടിക്കാലം മുതലേ കലാ രംഗത്ത് മികവ് തെളിയിച്ച ബന്ന മോണോ ആക്ട്, നാടകം, ശബ്ദാനുകരണം എന്നീ രംഗങ്ങളിലൊക്കെ സജീവമായിരുന്നു. ഇസ്ലാഹിയ സ്ഥാപനങ്ങളുടെ വാർഷികത്തിന് യശശ്ശരീരനായ റഹ്മാൻ മുന്നൂർ രചിച്ച് പ്രമുഖ മാധ്യമ പ്രവർത്തകനായ എം.സി.എ. നാസർ സംവിധാനം ചെയ്ത അശ്രുകണങ്ങൾ എന്ന നാടകത്തിലെ കൊമേഡിയൻ വേഷത്തിലൂടെയാണ് ബന്ന ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. സ്കൂൾ കലോൽസവത്തിൽ ബെസ്റ്റ് ആക്ടർ അവാർഡ് ലഭിച്ചതാണ് അഭിനയ രംഗത്ത് സജീവമാകാൻ മുഖ്യ പ്രേരകം.
മുക്കം എം.എ.എം.ഒ കോളേജിലെ പ്രീഡിഗ്രി കാലത്തും ഫാറൂഖ് കോളേജിലെ ഡിഗ്രി കാലത്തും അഭിനയത്തിന്റേയും ശബ്ദാനുകരണത്തിന്റേയും അവസരങ്ങളൊന്നും ബന്ന നഷ്ടപ്പെടുത്തിയില്ല. എൻ.എസ്.എസ് സജീവ പ്രവർത്തകനും ഭാരവാഹിയുമായി ബന്ന സാംസ്കാരിക സേവന രംഗങ്ങളിലും സജീവമായതും കലയും സാഹിത്യവുമൊക്കെ ഉപയോഗിച്ചാണ്.
ചേന്ദമംഗല്ലൂർ സ്കൂൾ അധ്യാപകനായിരുന്ന അബ്ദു മാഷാണ് ഡബ്ബിംഗ് മേഖലയിലേക്ക് ബന്നയെ എത്തിച്ചത്. തന്റെ ശബ്ദം പ്രയോജനപ്പെടുത്തുന്നതിനായി ആദ്യമായി സ്റ്റുഡിയോവിൽ ഡബ്ബിംഗിന് കൊണ്ടുപോയത് അബ്ദു മാഷായിരുന്നുവെന്ന് ബന്ന നന്ദിയോടെ ഓർക്കുന്നു.
പത്തു വർഷത്തോളം ഖത്തറിൽ പ്രവാസിയായിരുന്ന ബന്ന കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും നിത്യ അവതാരകനുമായിരുന്നു. ഹോം സിനിമാ രംഗത്ത് നൂതനങ്ങളായ പരീക്ഷണങ്ങൾ നടത്തി വിജയിച്ച സലാം കൊടിയത്തൂരിന്റെ നാടകങ്ങളിൽ സഹകരിക്കുവാനും ബന്നക്ക് അവസരം ലഭിച്ചു. അങ്ങനെയാണ് നിങ്ങളെന്നെ ഭ്രാന്തനാക്കി എന്ന പ്രഥമ ഹോം സിനിമയിൽ കേന്ദ്ര കഥാപാത്രമാകാനുള്ള അവസരം ബന്നക്ക് ലഭിക്കുന്നത്. പിന്നീട് സലാം കൊടിയത്തൂരിന്റെ മിക്ക ഹോം സിനിമകളിലും അവിഭാജ്യ ഘടകമായി മാറിയ ബന്ന ഇരുപതോളം ഹോം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
നാട്ടുകാരനായ സിദ്ദീഖ് ചേന്ദമംഗല്ലൂരിന്റെ ഊമക്കുയിൽ പാടുമ്പോൾ എന്നതായിരുന്നു ബന്നയുടെ ആദ്യ സിനിമ. ശങ്കർ, നിലമ്പൂർ ആയിഷ, മാളവിക എന്നിവരോടൊപ്പമുള്ള ബന്നയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012 ൽ രണ്ട് സംസ്ഥാന അവാർഡുകൾ നേടിയ സിനിമയായിരുന്നു അത്. മുഹ്സിൻ പരാരിയുടെ കെ.എൽ-10, അമീൻ ജൗഹറിന്റെ കാണാപാഠം, വിനോദ് മണാശേരിയുടെ ഒന്നാംസാക്ഷി, സകരിയ്യയുടെ ഹലാൽ ലൗവ് സ്റ്റോറി എന്നീ സിനിമകളിലും ബന്ന അഭിനയിച്ചിട്ടുണ്ട്. അതിനിടക്ക് അനു സിത്താര, വിനോദ് കോവൂർ എന്നിവരെ വെച്ച് നിനച്ചിരിക്കാതെ എന്ന സിനിമ സംവിധാനം ചെയ്തും ബന്ന തന്റെ മിടുക്ക് തെളിയിച്ചു. ഒറ്റപ്പെട്ടവർ എന്നതാണ് ബന്ന സംവിധാനം ചെയ്ത മറ്റൊരു ഹോം സിനിമ.
അധ്യാപകൻ, സിനിമാ സംവിധായകൻ, നടൻ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഹസനുൽ ബന്ന കോഴിക്കോട് ജില്ലയിൽ ചേന്ദമംഗല്ലൂരിൽ പരേതനായ ഇ.പി അബ്ദുല്ലയുടെയും ജമീലയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. ഹൈഫ ബന്ന, ഫൈഹ ബന്ന, ഫർഹ ബന്ന, ഹൻഫ ബന്ന എന്നിവർ മക്കളാണ്. ഇവരും ബന്നയുടെ കലാപ്രവർത്തനങ്ങൾക്ക്്് പിൻബലമേകുന്നു.
ബന്നയുടെ കഥാവായന സൗജന്യമായി ലഭിക്കുവാൻ 0091 9745669904 എന്ന വാട്സാപ്പ് നമ്പറിൽ സന്ദേശമയച്ച് ബ്രോഡ്കാസ്റ്റിൽ ചേരാം. യൂ-ട്യൂബിൽ https://www.youtube.com/channel/UCnKw01Yo9afQmDBRHlkZprw
Banna Chennamangallur YouTube
Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.
www.youtube.com എന്ന ലിങ്കിലും ലഭ്യമാണ്






