ചരിത്രത്തിൽ നിന്നും പാഠമുൾക്കൊള്ളാത്ത ഏതൊരു ജനതയും പരാജയപ്പെട്ടവരാണെന്നതിന് കാലം തന്നെയാണ് സാക്ഷി. മനുഷ്യ കുലത്തിനൊന്നാകെയുള്ള വെളിച്ചമായി ഏക സ്രഷ്ടാവ് സൃഷ്ടിച്ചേകിയ പരിശുദ്ധ ഖുർആനിന്റെ ഒരു ശൈലിയുണ്ട്. ഇന്നലെകളുടെ ചരിത്രത്തിലേക്ക് ചൂണ്ടി അവയിലെ ശരിതെറ്റുകളെ മനസ്സിലാക്കി ഇന്നിനെ രൂപപ്പെടുത്താനും അതുവഴി നല്ലൊരു നാളെയെ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്നതുമാണ് ഖുർആനിക ശൈലി. ചരിത്രമില്ലാതെ നിലനിൽപ്പും അതിജീവനവും അസാധ്യമെന്ന് സാരം.
ഇബ്‌നു ഖൽദൂൻ അവതരിപ്പിച്ച സാമൂഹ്യശാസ്ത്രത്തെ അടിസ്ഥാനമാക്കി ചരിത്രത്തെ പഠിക്കാനുള്ള ശ്രമമെന്ന് കരുതാവുന്ന കേരളത്തിലാദ്യത്തെ സാമൂഹിക ചരിത്ര രചനയും വിശകലനവുമാണ് എ.കെ കോഡൂരിന്റെ 'ആംഗ്ലോ മാപ്പിളയുദ്ധം 1921'. സമര പരമ്പരകൾ കഴിഞ്ഞൊരു നൂറ്റാണ്ടു പോലും പിന്നിടും മുൻപ് സമരത്തെയും മാപ്പിളമാരെയും വികലവും വിഷമയവുമാക്കിയവരുടെ മൂർധാവിലുള്ള പ്രഹരമാണ് എ.കെ കോഡൂർ നൽകിയ മലബാർ സമരചരിത്രത്തിന് 'ആംഗ്ലോ മാപ്പിള യുദ്ധം' എന്ന തലക്കെട്ട് തന്നെ.
1921 ലെ സമര മൈതാനത്ത് അണിനിരന്നത് മൂന്ന് കൂട്ടരാണ്. ബ്രിട്ടീഷുകാർ, കോൺഗ്രസ്, പിന്നെ മാപ്പിളമാരും. അതിൽ തന്നെ ബ്രിട്ടീഷുകാരോട് മുഖാമുഖം പോരാടിയവരെന്ന നിലക്ക് ഏറ്റവും പ്രാധാന്യമുള്ള കൂട്ടർ മാപ്പിളമാരാണ്.
തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങൾക്കായി വഴങ്ങിയവരെ കൂടെച്ചേർത്തും മറ്റു ചിലരെ അകലമിട്ട് ആവശ്യാനുസരണം ഉപയോഗിച്ചുപേക്ഷിച്ചും, ഒരു നിലയ്ക്കും വരുതിക്ക് നിൽക്കാൻ തയാറാവാതെ പ്രതിഷേധങ്ങളുയർത്തിയ മാപ്പിളമാരെ കൊന്നൊടുക്കിയും നാടുകടത്തിയും സാമൂഹികമായും സാംസ്‌കാരികമായും നാമാവശേഷമാക്കിയുമെല്ലാം കൊളോണിയലിസം കാട്ടാള നീതി നടപ്പാക്കി. തങ്ങളുടെ കൊളോണിയൽ പക്ഷം ചരിത്രത്തിൽ എങ്ങനെ അറിയപ്പെടണമെന്ന് ആഗ്രഹിച്ചോ, അതിനൊത്ത് ചരിത്രാഖ്യാനം അധിക്ഷേപിക്കാനും കുറ്റപ്പെടുത്താനും ഇടനൽകാത്ത കഥകളോടെ അതാതു കാലത്ത് തന്നെ നിർമിച്ചെടുത്തു.
എതിരാവാൻ സാധ്യതയുള്ള വിവരണങ്ങളെയും, പ്രതിസ്ഥാനത്ത് നിർത്തുന്ന സകലമാന രേഖകളെയും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം കൊളോണിയലിസ്റ്റുകൾ നടപ്പാക്കി. തങ്ങളുടെമേൽ ചെളി പുരളാത്ത വിധമുള്ള ചരിത്രാഖ്യാനങ്ങൾ തങ്ങളുടെ ന്യായാന്യായങ്ങളോടെ ഹിച്ച്‌കോകിനെ പോലുള്ളവരെ വെച്ച് നിർമിച്ചെടുത്തു. ശേഷം ബ്രിട്ടീഷനുകൂലമായ ചരിത്രമൊരുക്കാനുള്ള സകലമാന വിഭവങ്ങളും അതിന് വേണ്ട പശ്ചാത്തലങ്ങളും ഒരുക്കി വെച്ചിട്ടാണ് ബ്രിട്ടീഷുകാരൻ മലബാർ വിടുന്നത്.
അടുത്ത വിഭാഗം കോൺഗ്രസാണ്. പരിചിതമല്ലാത്ത സമര രീതികൾക്ക് ജനങ്ങളെ പാകപ്പെടുത്താതെ മാപ്പിളമാരെ സമരമുഖത്തേക്ക് ഇറക്കിയ കോൺഗ്രസിനുള്ളിൽ സമരകാലത്തും ശേഷവും വിവിധങ്ങളായ അഭിപ്രായങ്ങളുണ്ടായിരുന്നു. സമര കാലത്ത് തന്നെ സമരത്തോട് മുഖം തിരിച്ചിരുന്നവരും, അനുകൂലിച്ചിരുന്നവരും, സമരം കൈവിടുന്നുവെന്ന് കണ്ടപ്പോൾ തന്ത്രപൂർവം കൈവലിച്ചവരും, സമര കാലത്ത് കൈക്കൊണ്ട സ്വന്തം നിലപാടുകളെ പിന്നീട് തള്ളിക്കളഞ്ഞവരും തള്ളിപ്പറഞ്ഞവരുമൊക്കെയായി കോൺഗ്രസിനകത്ത് തന്നെ മലബാറിലെ സമരങ്ങളോട് വിത്യസ്ത നിലപാട് സ്വീകരിച്ചവരുണ്ട്. എന്നാൽ സത്യസന്ധമായി സമരത്തോടും സമര ചരിത്രങ്ങളോടും ഒപ്പം നിന്നിരുന്നവരും അടയാളപ്പെടുത്തിയവരുമുണ്ട്. സമര കാലത്തെ പല സംഭവങ്ങളും രേഖകളുമെല്ലാം കോൺഗ്രസ് സമ്മേളന രേഖകളിലൂടെയും ജീവചരിത്രങ്ങളിലൂടെയുമെല്ലാം ലഭ്യമായത് അതുകൊണ്ടാണ്. കുറഞ്ഞയളവിലെങ്കിലും മലബാറിന്റെ സമര ചരിത്രം അടയാളപ്പെടുത്തിയതിൽ കോൺഗ്രസുമുണ്ടെന്ന് സാരം.
മൂന്നാമത്തെ വിഭാഗം സമര രംഗത്ത് കൊളോണിയലിസത്തോട് മുഖാമുഖം പോരാടിയ മാപ്പിളമാരാണ്. ബ്രിട്ടീഷുകാരും കോൺഗ്രസും അവരവരുടെ ഭാഗം അടയാളപ്പെടുത്തി. എന്നാൽ സമര രംഗത്ത് അതിപ്രാധാന്യമുള്ളവരും മലബാർ സമരങ്ങളിലെ പ്രബല വിഭാഗവുമാണെങ്കിലും മാപ്പിളമാരുടെ ഭാഗത്ത് നിന്ന് മലബാർ സമരത്തെ കുറിച്ച് ആധികാരികമായ വിവരണമോ വിശകലനങ്ങളോ ഇക്കാലം വരെയുമുണ്ടായില്ല. എന്നാൽ സമരമുഖങ്ങളിൽ നിലകൊണ്ട മാപ്പിളമാരുടെ വിവരണങ്ങളിലൂടെയും, അതിനെ സാധൂകരിക്കുന്ന രേഖകളിലൂടെയും സമരചരിത്രത്തെ ആദിമാന്ത്യം വിശകലനം ചെയ്യുന്ന ആദ്യ കൃതിയാണ് 'ആംഗ്ലോ മാപ്പിള യുദ്ധം 1921'.
സാധാരണക്കാരനായ ഒരു പത്ര പ്രവർത്തകന്റെ അന്വേഷണ ത്വരകളാണ് മേത്തരമൊരു സാമൂഹ്യ ചരിത്രസൃഷ്ടിയിലേക്കുള്ള വാതായനങ്ങൾ. താനടങ്ങിയ നാടിന്റെയും ജനതയുടെയും വീറുറ്റതും സമ്പന്നവുമായ ചരിത്രത്തെ വായിച്ചു തുടങ്ങുമ്പോൾ കൂട്ടിയോജിപ്പിക്കാനാവാത്ത വിധം വിടവുകളും വൈകല്യങ്ങളും ഇടർച്ചകളും അകൽച്ചകളും നിറഞ്ഞതാണെന്ന തിരിച്ചറിവാണ് സത്യമന്വേഷിച്ചിറങ്ങാൻ അലവിക്കുട്ടിയെന്ന പത്രപ്രവർത്തകനെ പ്രേരിപ്പിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ വെടിക്കോപ്പുകളോട് നെഞ്ചൂക്ക് കൊണ്ടു മാത്രം ഒരു സമൂഹമെതിരിട്ട് കേവലം അരനൂറ്റാണ്ട് പിന്നിടും മുൻപേ വികലമാക്കിയ മലബാറിന്റെ പോയകാല വസ്തുതകളെ തേടി എ.കെ. കോഡൂർ ഇറങ്ങുന്നത് 1970 ലാണ്.
എന്നാൽ 'ആംഗ്ലോ മാപ്പിള യുദ്ധം 1921' എന്ന കൃതിക്കും അതിന്റെ പ്രസിദ്ധീകരണത്തിനും റൂഹാവുന്നത് വിദേശപഠനം കഴിഞ്ഞു തിരിച്ചെത്തിയ കാലം മുതൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി എ.കെ കോഡൂരിനുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും നിരന്തര സമ്പർക്കവുമാണ്.
ഒരു ശരാശരി പത്രപ്രവർത്തകനിൽ നിന്നും ഒരു ചരിത്ര ഗവേഷകനായും സാമൂഹ്യ ചരിത്രകൃതിയുടെ ഗ്രന്ഥകാരനായും എ.കെയെ വളർത്തിയത് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമാണ്.
പി.ടി.ഐയുടെ മലപ്പുറം റിപ്പോർട്ടറായും, അൽപകാലം മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു എ.കെ കോഡൂർ. മലപ്പുറം ടൈംസ്, മാപ്പിളനാട്, ലീഗ് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിക്കുകയും അനവധി ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതുകയും ചെയ്തിട്ടുണ്ട്. കോഡൂർ പഞ്ചായത്ത് ഭരണസമിതിയിൽ 2005-2010 കാലയളവിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചു മെമ്പറായും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് അലവിക്കുട്ടിയെന്ന എ.കെ കോഡൂർ.
ചരിത്രത്തിലാദ്യമായി മലബാർ സമരത്തെ ആംഗ്ലോ മാപ്പിള യുദ്ധമെന്ന് വിശേഷിപ്പിച്ചത് എ.കെയാണ്. സമര പോരാട്ടങ്ങളിൽ പങ്കെടുത്തവർ, പോരാളികൾക്ക് സഹായം ചെയ്ത് കൊടുത്തവർ, സമരത്തോടും സമര പോരാളികളോടും എതിരായിരുന്നവർ, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അക്രമങ്ങൾക്ക് വിധേയരായവർ, പട്ടാള ഭീകരതയിൽ രക്തസാക്ഷിത്വം വരിച്ചവരുടെ സഹചാരികൾ, അവരുടെ കുടുംബങ്ങൾ, സമരത്തിന്റെ കെടുതിയനുഭവിച്ചവർ, അക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തിൽ ഉദ്യോഗസ്ഥരായിരുന്നവർ തുടങ്ങിയവരുമായി നടത്തിയ അനേകം അഭിമുഖങ്ങളും അവരിൽ നിന്നെല്ലാം ലഭിച്ച രേഖകളും അനുഭവക്കുറിപ്പുകളും ഓർമക്കുറിപ്പുകളുമെല്ലാം സംസാരിക്കുന്ന ആധികാരിക രചന.
ബ്രിട്ടീഷുകാരും അല്ലാത്തവരുമായി സമര ചരിത്രങ്ങളെ അടയാളപ്പെടുത്തിയ ചരിത്രകൃതികളും മേൽപറഞ്ഞവരുടെ പക്കൽ നിന്ന് ലഭിച്ച അനേകമനേകം രേഖകളും ഡയറികളും തുടങ്ങി പഴുതടച്ചതും ലഭ്യമായ സകല വഴികളിലൂടെയുമുള്ള അന്വേഷണങ്ങൾ. രചന പൂർത്തിയാക്കുമ്പോൾ ആയിരത്തി അഞ്ഞൂറിനടുത്ത് പേജുകളുണ്ടായിരുന്നു. അതത്രയും പ്രസിദ്ധീകരിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾക്കൊടുവിൽ 475 പേജുകളിലായാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. അങ്ങനെ ഒരു മനുഷ്യായുസ്സിലെ കർമ്മമണ്ഡലത്തിന്റെ സിംഹഭാഗവും ഈ ഗ്രന്ഥരചനക്കായി ചെലവഴിച്ചാണ് എ.കെ പുസ്തകം പൂർത്തിയാക്കിയത്. കിളിയമണ്ണിൽ ഫസലിനെപ്പോലുള്ളവർ നേതൃത്വം കൊടുത്ത 'മലബാർ വിപ്ലവ അനുസ്മരണ സമിതി'യാണ് അന്ന് പ്രസിദ്ധീകരിച്ചത്. ആ കൃതിയുടെ പരിഷ്‌കരിച്ച പതിപ്പാണ് കാലിക്കറ്റ് സർവകലാശാല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രേസ് ബുക്‌സ് ഇപ്പോൾ പുറത്തിറക്കിയത്.
സാധാരണ അവതാരികകളിൽ നിന്നും ഭിന്നമായി വിശാലവും ചരിത്ര സാധുതകളുടെ കൃത്യമായ വസ്തുതാന്വേഷണങ്ങളോടെയുമുള്ള പ്രൗഢമായ കെ.എസ് മാധവന്റെ അവതാരിക പുസ്തകത്തിന്റെ തിലകച്ചാർത്തായി മാറുന്നു.






