ജീവിതയാത്രയിൽ വൈവിധ്യമാർന്ന മേഖലകളിലൂടെയുള്ള സഞ്ചാരമാണ് സജീവൻ മാസ്റ്റർ ഇഷ്ടപ്പെട്ടിരുന്നത്. അധ്യാപനത്തോടൊപ്പം പത്രപ്രവർത്തനവും സൗണ്ട് എൻജിനീയറിംഗും യോഗയും കൗൺസിലിംഗും പാട്ടും എഴുത്തും വായനയും സാമൂഹ്യപ്രവർത്തനവുമെല്ലാം ചേർന്നതാണ് ഈ ഗുരുനാഥന്റെ ജീവിതം. തനിക്കന്യമായ മേഖലകളിലൂടെ സഞ്ചരിച്ച് അവയുടെ കയ്പും മധുരവും നുണഞ്ഞ് വൈതരണികളെ നേരിടാനുള്ള കരുത്തു നേടുകയാണ് ഇദ്ദേഹം.
കണ്ണൂർ ജില്ലയിലെ പാനൂർ പാലത്തായി സ്വദേശിയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ സാമ്പത്തികശാസ്ത്ര അധ്യാപകനും നാഷണൽ സർവീസ് സ്‌കീം പോഗ്രാം ഓഫീസറും ട്രെയിനറുമായ സജീവൻ മാസ്റ്റർ ലോക്ഡൗൺ കാലത്തെ വിരസതയകറ്റാനാണ് മത്സ്യകൃഷിയിലേയ്ക്ക് ചുവടുവെച്ചത്. വിഷരഹിതമായ മത്സ്യ ലഭ്യതയായിരുന്നു ലക്ഷ്യം.

ലോക്ഡൗൺ കടന്നുവന്ന ഏപ്രിൽ മാസത്തിലായിരുന്നു കുളം കുഴിക്കാനുള്ള തീരുമാനമെടുത്തത്. കൂട്ടിന് ഭാര്യ വിജിനയും മക്കളായ ചിന്മയയും സന്മയനുമെല്ലാമുണ്ടായിരുന്നു. തുടക്കം ഒട്ടും ആസൂത്രണത്തോടെയായിരുന്നില്ല. എന്നാൽ കുഴിച്ചു തുടങ്ങിയപ്പോൾ കളി കാര്യമാവുകയായിരുന്നു. മണ്ണു കുഴിക്കാനും കോരാനും ഭാര്യക്കും മക്കൾക്കുമെല്ലാം നല്ല ആവേശമായിരുന്നു. കൂടാതെ അച്ഛനും അമ്മയുമെല്ലാം തികഞ്ഞ പിന്തുണയുമായി ഒപ്പംനിന്നു. അഞ്ചു മീറ്റർ നീളവും മൂന്നു മീറ്റർ വീതിയും ഒന്നര മീറ്റർ ആഴവുമുള്ള കുളം നിർമാണം ഒരാഴ്ചത്തെ കഠിന പരിശ്രമംകൊണ്ട് പൂർത്തിയാക്കുകയായിരുന്നു .
മത്സ്യകൃഷിയെക്കുറിച്ചുള്ള പഠനമായിരുന്നു അടുത്ത ഘട്ടം. ഗൂഗിളിലും യൂ-ട്യൂബിലുമെല്ലാം തിരഞ്ഞ് മത്സ്യകൃഷിയുടെ പാഠങ്ങൾ ഗഹനമായി പഠിച്ചു. അടുത്ത സുഹൃത്തും കൃഷിക്കാരനുമായ ബാബു പറോളിനെയും ഒപ്പം കൂട്ടി. ''മുറ്റത്ത് മീൻകുളം'' എന്ന മത്സ്യകർഷകരുടെ വാട്‌സാപ്പ് കൂട്ടായ്മയിലും അംഗമായി. ഗ്രൂപ്പിലെ വിദഗ്ധരുമായി സംസാരിച്ചു. ഒഴിവു സമയങ്ങളിൽ മത്സ്യം വളർത്തുന്ന ഫാമുകൾ സന്ദർശിക്കാനും സമയം കണ്ടെത്തി.
കുളത്തിൽ വിരിക്കേണ്ട പടുതയും എയറേഷൻ പമ്പും സ്ഥാപിച്ചു. അയൽപക്കത്തെ കിണറുകളിൽ നിന്നാണ് കുളത്തിലേയ്ക്കു വേണ്ട പതിനയ്യായിരം ലിറ്റർ വെള്ളം നിറച്ചത്. ബയോ ഫ്‌ളോക്ക് രീതിയിലുള്ള മത്സ്യകൃഷിയായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും വൈദ്യുതി നിലച്ചാൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പോകുമെന്ന തിരിച്ചറിവിൽ മറ്റൊരു മാർഗം തെരഞ്ഞെടുക്കുകയായിരുന്നു. അതാണ് ഡയറ്റം മാതൃക.

മത്സ്യകർഷകരിൽ കൂടുതൽ പേരും ആശ്രയിക്കുന്നത് ബയോ ഫ്‌ളോക്ക് മാതൃകയാണെന്നാണ് മാസ്റ്ററുടെ അഭിപ്രായം. ബയോ ഫ്‌ളോക്ക് മത്സ്യകൃഷിയെന്നാൽ കുളത്തിൽ പടുത വിരിച്ച് അതിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന രീതിയാണ്. ഫ്‌ളോക്ക് എന്നു പറഞ്ഞാൽ കൃത്രിമമായുണ്ടാക്കുന്ന ഒരു തരം ദ്രാവകമാണ്. ജൈവികമായി നിർമിക്കുന്ന ഈ ദ്രാവകം വെള്ളത്തിൽ കലർത്തിയാണ് മത്സ്യങ്ങൾക്ക് നൽകുന്നത്. പഴം, മുട്ട, യീസ്റ്റ് തുടങ്ങി ഒട്ടേറെ പദാർഥങ്ങളാണ് ഫ്‌ളോക്ക് നിർമാണത്തിനുപയോഗിക്കുന്നത്. ഒരു തരം ബാക്ടീരിയ കൂടിയാണിത്. മത്സ്യങ്ങൾ ഇവ ഭക്ഷിക്കുന്നതു പോലെ മത്സ്യങ്ങളുടെ അവശിഷ്ടം ഫ്‌ളോക്കുകൾക്കും ആഹാരമാകുന്നു. അങ്ങനെ കുളത്തിൽ അമോണിയയുടെ അളവ് കുറയ്ക്കുന്നു. ബയോ ഫ്‌ളോക്കിന്റെ ഏറ്റവും വലിയ പോരായ്മ വെള്ളത്തിൽ എല്ലായ്‌പ്പോഴും ഓക്‌സിജന്റെ ലഭ്യതയുണ്ടാവില്ല എന്നതാണ്. അതിനായി മുഴുവൻ സമയവും മോട്ടോറുകൾ പ്രവർത്തിക്കേണ്ടതായി വരും. വൈദ്യുതി ലഭ്യതയുടെ അഭാവമുണ്ടാകുമ്പോൾ വെള്ളത്തിൽ അമോണിയയുടെ സാന്നിധ്യം കൂടുകയും മത്സ്യങ്ങൾ ചത്തു പൊങ്ങാൻ കാരണമാവുകയും ചെയ്യും. ഡയറ്റം മാതൃകയിലുള്ള കൃഷിരീതിയിലേയ്ക്ക് ചുവടുവയ്ക്കാൻ സജീവൻ മാസ്റ്ററെ പ്രേരിപ്പിച്ച ഘടകവും ഇതുതന്നെ.
പുഴയിലെ സ്വാഭാവിക ആൽഗകളെ കുളത്തിൽ സൃഷ്ടിക്കുകയാണ് ഡയറ്റം കൃഷിരീതിയിലൂടെ സാധ്യമാക്കുന്നത്. സമുദ്രത്തിലും ജലാശയങ്ങളിലുമൊക്കെ കണ്ടുവരുന്ന അതിസൂക്ഷ്മ ചെടികളാണ് ആൽഗകൾ. നഗ്നനേത്രങ്ങൾ കൊണ്ട് ഇവയെ കാണാനാവില്ലെങ്കിലും ഇവയുള്ള പുഴകളിലെയും ജലാശയങ്ങളിലെയും വെള്ളത്തിന് പച്ചനിറമായിരിക്കും. വീടിനു സമീപത്തെ പാലത്തായി പുഴയിലെ ആൽഗകൾ അടങ്ങിയ പതിനഞ്ചു ലിറ്റർ വെള്ളം ശേഖരിച്ച് പടുതാക്കുളത്തിലൊഴിക്കുകയായിരുന്നു. ആൽഗകൾ സമൃദ്ധമായി വളരുന്നതിനായി മാജിക് ബഌം എന്നൊരു ലായനി ഒഴിച്ചു കൊടുത്തു. വിദഗ്ധരുടെ ഉപദേശപ്രകാരം ബാംഗ്ലൂരിൽ നിന്നാണ് ഈ ലായനി വരുത്തിയത്. മാജിക് ബഌം പത്തു മില്ലിലിറ്റർ പടുതാക്കുളത്തിൽ ഒഴിച്ചതോടെ ആൽഗകൾ സമൃദ്ധമായി. ഈ സമൃദ്ധിയിലേയ്ക്കാണ് ആയിരത്തോളം ഗിഫ്റ്റ് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. മൂന്നു മാസം പ്രായമായ മത്സ്യക്കുഞ്ഞുങ്ങളെ നാലു രൂപ നിരക്കിലാണ് വാങ്ങിയിരുന്നത്.
സൂര്യപ്രകാശമേൽക്കുമ്പോൾ ആൽഗകൾ പ്രകാശ സംശ്ലേഷണത്തിലൂടെ മത്സ്യങ്ങൾക്കാവശ്യമായ ഓക്‌സിജൻ പ്രദാനം ചെയ്യും. മത്സ്യങ്ങളുടെ വിസർജ്യങ്ങളിൽ നിന്നുണ്ടാകുന്ന അമോണിയ ഈ ചെറു സസ്യങ്ങൾ ഇല്ലായ്മ ചെയ്യുന്നു. രാത്രികാലങ്ങളിൽ പ്രകാശ സംശ്ലേഷണത്താലുള്ള ഓക്‌സിജൻ ലഭ്യമല്ലാത്തതിനാൽ എയറേറ്ററുടെ സഹായം ആവശ്യമാണ്. ഒന്നുരണ്ടു മണിക്കൂർ എയറേറ്ററുകൾ പ്രവർത്തിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്നാൽ കൂടുതൽ സമയം എയറേറ്റർ പ്രവർത്തിച്ചില്ലെങ്കിൽ മത്സ്യങ്ങൾക്ക് അപകടം സംഭവിക്കും. രണ്ടാഴ്ചയിലൊരിക്കൽ മാജിക് ബഌം ചേർക്കുമ്പോൾ ആൽഗകളുടെ സാന്നിധ്യം നന്നായി വർധിക്കുമെന്നും മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
സ്വാഭാവികമായ ജൈവ ആവാസ വ്യവസ്ഥയിൽ മീനുകൾ നീന്തിത്തിമിർക്കുന്നതിൽ സജീവനും കുടുംബവും ഏറെ സന്തോഷത്തിലാണ്. മത്സ്യങ്ങൾക്ക് ഏറെയിഷ്ടമായ പപ്പായ ഇലയും ചേമ്പിലയും ഭക്ഷണമായി നൽകുന്നുണ്ട്. കൂടാതെ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന പെല്ലറ്റുകളും നൽകുന്നു.

ആറു മാസക്കാലത്തെ വളർച്ചയ്ക്കു ശേഷമായിരുന്നു വിളവെടുപ്പ്. ഈ വർഷം ഓണക്കാലത്തായിരുന്നു വിളവെടുപ്പ്. കോരുവല ഉപയോഗിച്ചായിരുന്നു മീൻ പിടിത്തം. നൂറു കിലോ മത്സ്യം ലഭിച്ചതിൽ അറുപതു കിലോ വിറ്റു. കിലോയ്ക്ക് നാനൂറു രൂപ വെച്ചായിരുന്നു വിൽപന. ഓരോ മത്സ്യവും മുന്നൂറു ഗ്രാമിൽ കൂടുതൽ ഭാരമുണ്ടായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരുമെല്ലാം മത്സ്യം വാങ്ങാനെത്തി. നാൽപതു കിലോയോളം അവർക്കെല്ലാം സൗജന്യമായി നൽകി.
മത്സ്യകൃഷിയിൽ മാത്രമല്ല, കോഴി വളർത്തലും മറ്റൊരു വിനോദമായി കണ്ടിരിക്കുകയാണ് സജീവൻ മാസ്റ്റർ. അടുത്ത ലക്ഷ്യം ആടുകളെ വളർത്തുകയെന്നതാണ്. കൂടാതെ ചീരയും വെണ്ടയും തക്കാളിയുമെല്ലാമായി നല്ലൊരു പച്ചക്കറിത്തോട്ടവും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, പറമ്പിൽ സമൃദ്ധമായി നിൽക്കുന്ന തെങ്ങുകളും മാസ്റ്ററുടെ കൃഷിയിടത്തിൽ കൂടുതൽ പച്ചപ്പ് നൽകുന്നുണ്ട്.
നാലു വർഷമായി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുടെ ചുമതലയും ഇദ്ദേഹത്തിനാണ്. കുട്ടികളെ കൃഷിയിലേയ്ക്ക് ആകർഷിക്കാനായി അവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടം ഒരുക്കി നൽകാറുമുണ്ട്. മാത്രമല്ല, എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പാവപ്പെട്ട കുട്ടികൾക്ക് വീടു നിർമിച്ചു നൽകാനും മാസ്റ്റർ മുൻപന്തിയിലുണ്ട്. പാവപ്പെട്ട കുടുംബത്തിലെ എൻ.എസ്.എസ് വളണ്ടിയറായ കുട്ടിക്ക് ഇതിനകം വീട് നിർമിച്ചുനൽകാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറയുന്നു.
മാസ്റ്ററുടെ കൃഷിരീതി മനസ്സിലാക്കിയ സമീപ പ്രദേശങ്ങളിലെ പത്തോളം പേർ മത്സ്യകൃഷിയിൽ ആകൃഷ്ടരായി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം കാര്യങ്ങളിൽ മുഖംതിരിച്ചു നിൽക്കുന്നതാണ് പലരും ഈ രംഗത്തേയ്ക്ക് കടന്നു വരാതിരിക്കുന്നതിന് കാരണമെന്നും അദ്ദേഹം കണ്ടെത്തുന്നു. എന്നാൽ അപൂർവം ചിലയിടങ്ങളിൽ ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ഇത്തരം പദ്ധതികൾക്ക് മുൻഗണന നൽകുന്നതും കാണാൻ കഴിയുന്നുണ്ട്. മുടക്കു മുതലിന്റെ നാൽപതു ശതമാനത്തോളം സബ്‌സിഡി നൽകുന്നവരുമുണ്ട്.
മത്സ്യ കൃഷിയിലെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ രണ്ടാമതൊരു കുളം കൂടി കുഴിച്ച് അസം വാളക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരിക്കുകയാണ് സജീവൻ മാസ്റ്റർ. പാനൂരിലെ ഒരു സഹകരണ സ്ഥാപനത്തിൽ ജോലി നോക്കുന്ന ഭാര്യയും, വിദ്യാർഥികളായ മക്കളും മാത്രമല്ല, വിമുക്തഭടനായ അച്ഛൻ ചാത്തുവും അമ്മ മാധവിയും മാസ്റ്ററുടെ പ്രവർത്തനങ്ങളിൽ പിന്തുണ നൽകി കൂടെയുണ്ട്.






