ദമാം- തൊഴിൽ കരാർ എഴുതി സൂക്ഷിക്കൽ അത്യാവശ്യമാണെന്ന് മുൻ തൊഴിൽ മന്ത്രാലയ നിയമോപദേഷ്ടാവ് യഹ്‌യ അൽസുഫ്‌യാനി വ്യക്തമാക്കി. രണ്ട് കോപ്പികളിൽ ഒന്ന് തൊഴിലുടമയും മറ്റൊന്ന് തൊഴിലാളിയും കൈവശം വെക്കേണ്ടതുണ്ട്. ഇനി അഥവാ എഴുതിയിട്ടില്ലെങ്കിൽ പോലും സൗദി തൊഴിൽനിയമം അനുസരിച്ച്, തൊഴിൽകരാർ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം 'തൊഴിലാളികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും' എന്ന ശീർഷകത്തിൽ ദമാമിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽകരാറിന്റെ കോപ്പി കൈവശമില്ലെങ്കിൽ തൊഴിലാളിക്ക് ഇക്കാര്യം ആവശ്യപ്പെടുന്നതിന് അവകാശമുണ്ട്.
ഇരുകക്ഷികൾക്കും ഏതുസമയത്തും തൊഴിൽ കരാർ എഴുതിക്കുന്നതിന് വിരോധമില്ല.ഗവൺമെന്റ്, പൊതുമേഖല ജീവനക്കാർക്ക് ബന്ധപ്പെട്ട വകുപ്പുകളാണ് തൊഴിൽകരാറോ നിയമന പത്രമോ നൽകേണ്ടത്. തൊഴിൽ കരാറിൽ സൗദി തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായുള്ള വിഷയങ്ങൾ ഉൾക്കൊള്ളിക്കൽ നിർബന്ധമാണെന്നും മുൻ തൊഴിൽ മന്ത്രാലയ നിയമോപദേഷ്ടാവ് പറഞ്ഞു ഭാവിയിൽ നിയമലംഘനത്തിലേക്ക് എത്തിക്കാനിടയുള്ള പ്രയാസങ്ങൾ ഒഴിവാക്കുന്നതിന് ഇത് തൊഴിലുടമക്കും തൊഴിലാളിക്കും ഒരു പോലെ സഹായകമാകും. ജോലി മുഖേനയുള്ള ആനുകൂല്യങ്ങളോ നഷ്ടപരിഹാരങ്ങളോ ലഭിക്കുന്നതിനും തൊഴിൽ കരാറിൽ സ്പഷ്ടത ഉണ്ടാകുന്നത് രണ്ട് കക്ഷികൾക്കും ഗുണം ചെയ്യുമെന്ന് യഹ്‌യ അൽസുഫ്‌യാനി വ്യക്തമാക്കി.
നിയമനം സ്ഥിരപ്പെടുന്നതിന് മുമ്പുള്ള പ്രോബഷൻ കാലയളവിലും തൊഴിലാളിക്ക് അർഹമായ അവകാശങ്ങൾ ലഭിക്കേണ്ടതുണ്ട്. കൂടാതെ, പ്രോബഷൻ കാലയളവ് എപ്പോഴാണ് അവസാനിക്കുകയെന്നും തൊഴിൽ കരാറിൽ രേഖപ്പെടുത്തണമെന്നാണ് 53-ാം വകുപ്പ് അനുശാസിക്കുന്നു. സാധാരണ ഗതിയിൽ 90 ദിവസത്തിനെക്കാളും അധികരിക്കാൻ പാടില്ല. എന്നാൽ തൊഴിലാളിക്ക് സമ്മതമാണെങ്കിൽ മാത്രം പ്രോബഷൻ കാലയളവ് ദീർഘിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ട്.
തൊഴിൽ നിയമത്തിലെ 58 ാം വകുപ്പ് പ്രകാരം തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതം കൂടാതെ, ജോലി സ്ഥലം മാറ്റുന്നതിനോ മറ്റു ജോലിക്ക് നിയോഗിക്കുന്നതിനോ പാടില്ല. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ 30 ദിവസംവരെ മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നതിന് വിരോധമില്ല. ഈ ഘട്ടത്തിൽ തൊഴിലാളിയുടെ യാത്രക്കും താമസത്തിനുമുള്ള ചെലവ് ഉടമ വഹിക്കുകയും വേണം.
മാസം തോറും വാടക കൈപ്പറ്റി വരുന്ന തൊഴിലാളികളെ ദിവസത്തിലോ ആഴ്ചയിലോ വാടക സ്വീകരിക്കണമെന്ന് നിർബന്ധിക്കാൻ തൊഴിലുടമക്ക് അവകാശമില്ലെന്ന് 59ാം വകുപ്പ് വിശദീകരിക്കുന്നുണ്ടെന്ന് യഹ്‌യ അൽസുഫ്‌യാനി ഓർമിപ്പിച്ചു. ഇത്തരത്തിൽ നിരവധി തൊഴിൽനിയമ ലംഘനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






