ഈ വർഷം ഓണത്തിനിറങ്ങിയ മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മൽ' എന്നു തുടങ്ങുന്ന പാട്ട് ഇപ്പോഴത്തെ ഹിറ്റ് ഗാനമാണ്. ഇതിന്റെ ആയുസ്സ് എത്ര കാലമെന്നൊന്നും പറയാനാവില്ല. ന്യൂജെൻ കാലത്ത് ട്രെൻഡാവുകയെന്നതാണല്ലോ പ്രധാനം. യു.എസ് പ്രസിഡന്റ് ട്രംപ് ഇതിന്റെ വരികൾക്കൊപ്പിച്ച് മനോഹരമായി നൃത്തം ചെയ്തത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യക്കാരെ ആവേശം കൊള്ളിക്കാൻ നമ്മുടെ പ്രധാനമന്ത്രി മോഡിജി വേദിയ്ക്കരികിൽ ചെണ്ട കൊട്ടുന്നുമുണ്ടായിരുന്നു. ആധുനിക കാലത്തെ പാട്ടുകളുടെ അർഥ വ്യാപ്തിയെ കുറിച്ചൊന്നും ആരും കാര്യമായി ആലോചിക്കാറില്ല. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സണും എസ്.എഫ്.ഐ നേതാവുമായ ചിന്താ ജെറോമിന് അങ്ങനെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവുമോ? നല്ല കാര്യം- കേരളത്തിലെ ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും ഈ ടൈപ്പല്ലെന്നാണ് ഗവേഷണ ഫലം.
ജമ്മിക്കി കമ്മൽ മോഷ്ടിക്കാറുമില്ല, ബ്രാണ്ടി കുടിക്കാറുമില്ല. ഏഷ്യാനെറ്റ്, മാതൃഭൂമി ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകളിലെ ആക്ഷേപ ഹാസ്യ പ്രോഗ്രാമുകളിൽ ചിന്ത നിറഞ്ഞു നിന്നു. ജനം ടി.വിയുടെ എപ്പിസോഡ് പൂർണമായും യുവ വിപ്ലവ നായികയ്ക്കായി മാറ്റി വെച്ചു. സങ്കടമതല്ല, പരിഹസിക്കാനുള്ള ഈ വ്യഗ്രതയ്ക്കിടയിൽ അവർ പറഞ്ഞ കഴമ്പുള്ള കാര്യങ്ങൾ ആരും ഗൗരവമായെടുത്തില്ല. പ്രസംഗത്തിലെ 40 സെക്കന്റുകൾ മാത്രമാണ് ട്രോളർമാർ ചർച്ച ചെയ്യുന്നത്.
ട്രോളുകളെ വളരെ ആസ്വാദ്യകരമായി കാണുന്ന ഒരാളായതുകൊണ്ട് തന്നെ കുറിച്ചുവന്ന ട്രോളുകളും ആസ്വദിക്കുകയായിരുന്നുവെന്ന് ചിന്ത പറഞ്ഞു. തിരക്കുള്ള ജീവിതത്തെ രസകരമാക്കാൻ കഴിയുന്നത് ഇത്തരം കാര്യങ്ങളിലൂടെയാണ്. അര മണിക്കൂറോളം ദൈർഘ്യമുള്ള ചിന്തയുടെ പ്രസംഗം യുട്യൂബിലുണ്ട്. ഇതിൽ സമൂഹം അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരാമർശിക്കുന്നു. തന്റെ ഒരു കൂട്ടുകാരി വിവാഹിതയായി. അതിന് ശേഷം ഭർതൃഗ്രഹത്തിലെ സുഖവിവരമറിയാൻ ചെന്നപ്പോൾ, കേട്ട വിവരം ഞെട്ടിക്കുന്നതായിരുന്നു. മരുമകൾ തയാറാക്കിക്കൊടുക്കുന്ന പാനീയങ്ങൾ കുടിക്കാൻ അമ്മായി അമ്മയ്ക്ക് ഭയം. പ്രമുഖ ചാനലിൽ തുടരുന്ന സീരിയലിലെ അനുഭവം തനിക്കുമുണ്ടാവുമോ എന്നതാണ് ഭയം.
വിഷം കലക്കിയല്ലാതെ ഇതിലെ കഥാപാത്രം ചായയും കാപ്പിയും നൽകാറില്ല. ഇത് പോലെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന ഒരു സീരിയിലിലെ കുഞ്ഞിന്റെ കാര്യവും ചിന്ത പറയുന്നുണ്ട്. ഇത് കണ്ടിരിക്കുന്നവർക്കെല്ലാം അറിയാം ഈ കുഞ്ഞിന്റെ അമ്മ ആരാണെന്ന്. എന്നാൽ ഇതിലെ അമ്മയ്ക്ക് മാത്രം അറിയില്ല, കുഞ്ഞ് ആരുടേതാണെന്ന്. ഭയങ്കരം തന്നെ. ഒരു ദിവസം യാദൃഛികമായി ഈ പരമ്പര കാണാനിടയായ ദിവസവും ഈ ആശയക്കുഴപ്പം തുടരുന്നുണ്ട്. ലോകാവസാനം വരെ തുടരുകയാവാം. ഇതിലൊരു സെലിബ്രിറ്റി ഗായകനുണ്ട്. മൂപ്പരുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പ്ലാനിടുന്ന കള്ളന്മാർക്കുമുണ്ടൊരു വീക്‌നെസ്. ഗായകന്റെ ഒപ്പം നിന്നൊരു സെൽഫിയെടുക്കണം. വെറുതെയല്ല, സ്ത്രീജനങ്ങളുൾപ്പെടെ ചാനലുകളിലെ വാർത്താ സംവാദങ്ങൾ കാണാൻ തുടങ്ങിയത്. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പത്‌നി ഷീലയെ പരിഹസിച്ചത് മലയാളികൾക്ക് മതിയായില്ലേ എന്ന് അന്വേഷിക്കാൻ ഭാഗ്യലക്ഷ്മിയുണ്ടായി. ഇതൊന്നും ടിവിയിൽ വരുന്നില്ലല്ലോയെന്ന് പറഞ്ഞ് ആ സ്ത്രീ പറഞ്ഞത് തമാശയായി തള്ളാനാണ് ഏവർക്കും താൽപര്യം. കോഴിക്കോട്ടെത്തിയപ്പോൾ മോഡിജിയുടെ ഡസനിലേറെ മിസ്ഡ് കോളുകൾ. ഒന്നും ആലോചിച്ചില്ല, പ്ലെയിനെടുത്ത് ഉടൻ ഇന്ദ്രപ്രസ്ഥത്തിലെത്തി മന്ത്രിയായി. ഈ കേന്ദ്ര മന്ത്രിയാവുകയെന്ന പ്രോസസ് എത്ര സിംപിളാണെന്ന തലത്തിലുള്ള ചർച്ചകൾ ഉയർന്നു വരാത്തതാണ് അദ്ഭുതം.
*** *** ***
ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് ശേഷമാണ് എൽ.ഡി.എഫിന്റെ ജാഗ്രതാ ജാഥകൾ തെക്കു നിന്നും വടക്കു നിന്നും തുടങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി നയിച്ച ജാഥ കാസർകോട്ട് നിന്ന് കണ്ണൂർ ജില്ല പിന്നിട്ട് വയനാട് കഴിഞ്ഞ് താമരശ്ശേരി ചുരമിറങ്ങി മുക്കവും കഴിഞ്ഞാണ് കൊടുവള്ളിയിലെത്തിയത്.
പണ്ടു കാലത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിക്കാറുള്ള മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ ഇടത് സഹയാത്രികനാണ്. കവലകളിൽ പ്രസംഗിക്കുമ്പോൾ തമാശയയും കാര്യവും ഇടകലർത്തി പറയുന്ന കോടിയേരി സഖാവിന്റെ ജന്മനാട് കേരളത്തിലെ ഭക്ഷ്യ തലസ്ഥാനമാണ്. തലശ്ശേരി ബിരിയാണി ലോകത്തെവിടെയും മാർക്കറ്റ് ചെയ്യാവുന്ന ബ്രാൻഡാണ്. കോഴിക്കോട് ജില്ലയിലെ സ്വർണ നഗരിയിൽ യാത്ര എത്തിയപ്പോൾ പാർട്ടി സഖാവിന്റെ വീട്ടിൽ പ്രലോഭിപ്പിക്കുന്ന ബിരിയാണിയുടെ ഗന്ധം. ഈ കൊടുവള്ളിക്കാരുടെ പാചക മികവ് എത്രയ്ക്കുണ്ടെന്ന് അറിയണമല്ലോ. സഖാവും ഭക്ഷ്യമേളയിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ സമാഹരിച്ചാണ് ചില ദുഷ്ടന്മാർ പ്രചരിപ്പിക്കുന്നത്. ഈ ചിത്രം കണ്ടാൽ യാത്രയുടെ പ്രധാന ലക്ഷ്യം ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കലാണെന്ന് ശുദ്ധാത്മാക്കൾ കരുതും. ഇതിന്റെ അപകടം ഇവിടെയൊന്നും തീരില്ല. ചാനലുകാരുടെ കൈവശമുളള ദൃശ്യങ്ങൾ എപ്പോഴുമെടുത്ത് പ്രയോഗിച്ചെന്ന് വരാം. സഖാവ് ഇ.പി ജയരാജൻ മുമ്പെപ്പെഴോ ഒരു സൽക്കാരത്തിൽ പങ്കെടുത്ത് കോഴിക്കാലുമായി ഏറ്റുമുട്ടിയ വിഷ്വൽസ് തോന്നുമ്പോഴൊക്കെ സംപ്രേഷണം ചെയ്യുന്നവരില്ലേ ഈ നാട്ടിൽ? കോടിയേരി യാത്രയ്ക്കായി ആഡംബര വാഹനമുപയോഗിച്ചുവെന്നതാണ് മറ്റൊരു പ്രശ്‌നം. ഇതെല്ലാം വിവാദമാക്കുന്നവരെ വേണം ലാത്തിച്ചാർജ് ചെയ്യാൻ. ഇതിലെന്ത് പുതുമ? പാർട്ടി നേതാക്കൾ പലരും ഏറ്റവും മികച്ച വാഹനങ്ങളിലല്ലേ ഇപ്പോൾ യാത്ര ചെയ്യാറുള്ളൂ? കൊടുവള്ളി അങ്ങാടിയിലെത്തിയപ്പോൾ അവിടെ ഒരു ചുമന്ന മിനി കൂപ്പർ കാർ കിടക്കുന്നു. ആരുടേതാണ് ഈ കാർ എന്ന് അന്വേഷിച്ചപ്പോൾ അത് നമ്മുടെ കാരാട്ടിന്റേതെന്ന് മറുപടിയും കിട്ടി. പ്രകാശ് കാരാട്ട് പോലുള്ള വിപ്ലവ ആചാര്യന്മാരുടെ പേരുകളോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ടുനടക്കുന്ന കോടിയേരി പിന്നെ വേറെന്ത് ആലോചിക്കാനാണ്? ഇനിയും പാർട്ടി നേതാക്കളുടെ സുഖലോലുപതയെ കുറിച്ച് പരാതി പറയുന്നവർ ഒന്ന് മനസ്സിലാക്കുക. സി.പി.എം ഇതെല്ലാം ഗൗരവത്തിലെടുത്തിട്ടുണ്ട്. പാർട്ടി തലത്തിൽ ശക്തമായ അന്വേഷണം നടത്തി യുക്തമായ നടപടികളെടുത്തിരിക്കും.
*** *** ***
മലയാള ചിത്രമായ പ്രേമത്തിലൂടെ സിനിമാലോകം കീഴടക്കിയ താരമാണ് സായ് പല്ലവി. പ്രേമത്തിലെ മലർ മിസ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് തെലുങ്കിലും തമിഴിലും സായിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. സായ് പല്ലവി മലയാളിയാണെന്നാണ് പലരുടേയും ധാരണ. തമിഴുനാട്ടിലെ നീലഗിരി ജില്ലയിലെ കോത്തഗിരിയിൽ ജനിച്ച് കോയമ്പത്തൂർ നഗരത്തിലാണ് വളർന്നത്. അടുത്തിടെ ഒരു സിനിമയുടെ പ്രൊമോ പരിപാടിയിൽ മലയാളിയെന്ന് വിളിച്ചത് നടിയ്ക്ക് തീരെ ഇഷ്ടമായില്ല. താൻ മലയാളിയല്ലെന്നും തമിഴുനാട്ടുകാരിയാണെന്നും സായ് ചടങ്ങിൽ വെച്ച് പറഞ്ഞു. ഇതാണ് ബുദ്ധി. തമിഴുനാട് എന്ന വലിയ മാർക്കറ്റിലെ സാധ്യതകൾ വെച്ചു നോക്കുമ്പോൾ ആർക്ക് വേണം കേരളം? ഇന്ത്യയ്ക്ക് പുറത്ത് യൂറോപ്പും അമേരിക്കയും കാനഡയും സിംഗപ്പൂരും ഗൾഫും വ്യാപിച്ചു കിടക്കുകയല്ലേ തമിഴ് സിനിമയുടെ ആഗോള വിപണി.
ഈ കോലാഹലത്തിന്റെ വാർത്തയ്ക്ക് പിന്നാലെ വന്ന മറ്റൊരു വൃത്താന്തമാണ് തമിഴ് ചാനലായ വിജയ് ടി.വി 'നീയാ നാനാ' എന്ന പ്രോഗ്രാം ഉപേക്ഷിച്ചുവെന്ന വാർത്ത. സ്ത്രീ സൗന്ദര്യത്തിൽ തമിഴരോ മലയാളികളോ മുന്നിൽ എന്നതായിരുന്നു ഇതിന്റെ വിഷയം. തമിഴ് വനിതകൾ കാഞ്ചീപുരം പട്ടും മലയാളി മങ്കമാർ സെറ്റ് സാരിയുമുടുത്തും നടത്തിയ സംവാദത്തിന്റെ ഷൂട്ടിംഗ് ഏറെ പുരോഗമിച്ച ശേഷമാണ് പ്രോജക്റ്റ് ഉപേക്ഷിച്ചത്. മക്കൾ മൺട്രം എന്ന ഫെമിനിച്ചി സംഘടന കാഞ്ചീപുരം പോലീസിൽ പരിപാടിയെ കുറിച്ച് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.
*** *** ***
തമിഴ് സിനിമ മെർസൽ ഉർവശീ ശാപം ഉപകാരം എന്ന നിലയ്ക്ക് മുന്നേറുകയാണെന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ വിധിയും വന്നു. ഇത് കണ്ട് ആഹ്ലാദിക്കാൻ വരട്ടെ. ചാനലുകളിൽ തമാശ പരിപാടി അവതരിപ്പിക്കുന്നവർക്ക് ഭരണകൂടം മൂക്കു കയറിടാൻ തുടങ്ങിയാൽ എന്താവും കഥ? മലയാളം ചാനലുകളിലെ മികച്ച പ്രോഗ്രാമുകൾ പലതിന്റേയും സംപ്രേഷണം ഇല്ലാതാവും. സ്റ്റാർ ടിവിയിലെ 'ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ' എന്ന പരിപാടിയുടെ ജഡ്ജി ബോളിവുഡ് താരം അക്ഷയ് കുമാർ സ്റ്റാൻഡ് അപ് കൊമേഡിയൻ ശ്യാം രംഗീലയെ വിലക്കിയ സംഭവത്തിന് പ്രാധാന്യമേറെയാണ്. മോഡിയെയും രാഹുൽ ഗാന്ധിയെയും അനുകരിക്കുന്നതിൽ പ്രാവീണ്യം നേടിയ കലാകാരനാണ് ശ്യാം. മോഡിയെ കളിയാക്കാൻ പറ്റില്ല, വേണമെങ്കിൽ രാഹുൽ ഗാന്ധിയെ കൈകാര്യം ചെയ്‌തോ എന്നായി ചാനലുകാർ.
*** *** ***
ജനപ്രിയ സംവിധായകൻ ഐ.വി ശശി വിട വാങ്ങി. കേരള സർക്കാരിന്റെ ഒരു പ്രതിനിധിയുമെത്താതെ ചെന്നൈ സാലിഗ്രാം വൈദ്യുതി ശ്മശാനത്തിൽ ശവസംസ്‌കാരം നടന്നു. തമിഴുനാട് ഭരിക്കുന്നവരോട് കേരള സാരഥികൾ വിളിച്ചു പറഞ്ഞിരുന്നുവെങ്കിൽ ഔദ്യോഗിക ബഹുമതിയെങ്കിലുമുണ്ടാവുമായിരുന്നു. ഇവിടെ കായൽ ടൂറിസം വികസിപ്പിക്കുന്ന തിരക്കല്ലേ. മാതൃഭൂമി ന്യൂസ് കവറേജിൽ മികവ് പുലർത്തി. പുനത്തിൽ കുഞ്ഞബ്ദുല്ല വിട വാങ്ങിയ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും മണിക്കൂറുകൾക്കകം മല മുകളിലെ അബ്ദുല്ല എന്ന ശീർഷകത്തിൽ പ്രത്യേക പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യാനും മാതൃഭൂമി സംഘം മികവ് പ്രകടിപ്പിച്ചു.