ഹിമാചലിലെ ശീതദിനം, യമുനയിലെ നീലരാത്രി

മഞ്ഞ്, മഴ, യാത്ര, ചായ, കോഫി, പ്രണയം.. പിന്നെ പുസ്തകവും... കാസോളിലെ മഞ്ഞിൽ നമ്മൾ തണുത്ത് വിറയ്ക്കുമ്പോൾ നമുക്ക് കൂട്ടിനെത്തുക ഇവയൊക്കെയാണ്. നിസിൽ ഷറഫിന്റെ യാത്രകളും പ്രണയവും മഞ്ഞിൽ കെട്ടിപ്പുണരുകയാണ്്്. കാസോളിലെ മഞ്ഞ് എന്ന കഥാ സമാഹാരത്തിൽ. ഓരോ കഥകളും വ്യത്യസ്ത സ്ഥലങ്ങളേയും മനുഷ്യരേയും അടയാളപ്പെടുത്തുന്ന കഥകളിൽ കണ്ണൂരും ഇസ്താംബൂളും നമുക്ക് ഒരുപോലെ അനുഭവിക്കാൻ കഴിയുന്നു. 
പ്രേമകാവ്യം എന്ന ആദ്യ കഥയിൽ ദൽഹിയേയും അതിന്റെ ചരിത്രവും ഇന്നും ഒരുപോലെ കടന്നു വരുന്നു. സെയ്‌നബ്്് റാഷിദ് എന്ന കവയിത്രിയിലൂടെ പ്രണയവും ചരിത്രവും എഴുത്തുകാരൻ കണ്ടെടുക്കുന്നു. ജാമിഅ മില്ലിയയിലെ ചരിത്ര വിദ്യാർത്ഥിനിയായ സെയ്നബ്്് റാഷിദിന്റെ കവിതയിൽ എഴുത്തുകാരൻ ആകൃഷ്ടനാവുകയും കവയിത്രിയെ തേടി പുറപ്പെടുകയുമാണ്. ആ യാത്രയിൽ മുഗൾ ചരിത്രവും സൂഫിസവും കവിതയും പ്രണയവും നാം അനുഭവിക്കുന്നു. സൂഫിയായ നിസാമുദ്ദീനെയും ചക്രവർത്തിയായ ഷാജഹാനെയും നാം കണ്ടെടുക്കുന്നു. ഓടുവിൽ ആ യാത്ര എത്തി നിൽക്കുന്നത് പതിനാലാം രാവിൽ താജ്മഹലിലാണ്്്. പതിനാലാം രാവിൽ നീലനിറത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന താജ്മഹലിലെ ആ രാത്രിയിൽ യമുനാ തീരത്ത് നമ്മെ എഴുത്തുകാരൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിക്കുന്നു.
കാമുകന്റെ ഡയറി എന്ന രണ്ടാമത്തെ കഥയിൽ എഴുത്തുകാരൻ പറയാൻ ബാക്കി വെച്ച ഒരു കാമുകിയെ ഡയറിയുടെ പേജിൽ നിന്ന് ഓർത്തെടുക്കുകയാണ്. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കുള്ള ഒരു യാത്രയാണത്. ഓർമകൾ കൊണ്ട് മുറിവേറ്റ് ആ വേദനയിൽ നീറിപ്പുകയുന്ന എഴുത്തുകാരനെ നാം കാണുന്നു. എത്ര മനോഹരമായാണ് അവർ പ്രണയിച്ചത്. മഴ കൊണ്ട് തുന്നിയ പ്രണയം ബന്ധത്തിന്റെ ആഴം നമുക്ക് കാണിച്ചു തരുന്നു. ആളുകൾ അടക്കം പറയുന്നു നമ്മൾ പ്രണയത്തിലാണെന്ന്. കാമുകിയുടെ പുസ്തകത്തിൽ എഴുത്തുകാരൻ കുറിക്കുന്നത് നമ്മുടെ ഹൃദയത്തിൽ പതിയുന്നു. ചങ്ങമ്പുഴയുടെ രമണൻ എന്ന പുസ്തകത്തിൽ നിന്ന് അവൾ മറ്റൊരു രമണനെ കണ്ടെടുക്കുമ്പോൾ കുറുമ്പോടെ ഒരു പെൺകുട്ടി നുള്ളിയ വേദന നമ്മൾ അറിയുന്നു. ആ ബസ് യാത്ര അവസാനത്തേത് ആയിപ്പോവാതിരുന്നെങ്കിലെന്ന് നമ്മൾ വെറുതെ ആശിച്ചു പോകുന്നു.
കാസോളിലെ മഞ്ഞ് എന്നത് പുസ്തകത്തിലെ മൂന്നാമത്തെ കഥയാണ്. ഹിമാചലിലെ കാസോളിൽ ഒരു മഞ്ഞു കാലത്ത് എഴുത്തുകാരൻ യാത്ര ചെയ്തപ്പോൾ ഒരു ഇസ്രായിലുകാരി പെൺകുട്ടിയുമായി സൗഹൃദത്തിലാവുന്നു. പാർവതി നദിക്കരയിൽ അവർ തമ്മിൽ ജീവിച്ച നാളുകൾ എത്ര മനോഹരമാണ്. ആ അനുഭവങ്ങൾ നമ്മുടേതായിരുന്നുവെങ്കിൽ എന്ന് നാം കൊതിച്ചു പോകും. കാസോളിൽ മഞ്ഞ് പെയ്യുമ്പോൾ ഇസ്രായിലി കഫേയിൽ ചൂടുള്ള കോഫി കുടിച്ചിരിക്കാൻ നമുക്ക് തോന്നും. മലാനയിൽ പോയി പുകച്ചുരുളുകൾക്കിടയിൽ മറ്റൊരു ലോകത്തിലൂടെ സഞ്ചരിക്കാൻ നമുക്ക് കൊതി തോന്നും. ഹിമാചലിൽ മഞ്ഞ് വീണ ഗ്രാമങ്ങളിലൂടെ ആ ഇസ്രായിലി പെൺകുട്ടിക്കൊപ്പം എഴുത്തുകാരൻ നടത്തിയ യാത്രകൾക്കൊടുവിൽ അയാളെ കാത്തിരിക്കുന്ന വിധി എന്താണ്? കാസോളിലെ മഞ്ഞിൽ രക്തം പൊടിഞ്ഞുവോ? 
നാലാമത്തെ കഥ കോഫി വിത് എസ്ര എന്ന കഥയാണ്. ബാംഗ്ലൂരും കോഫിയും ഒരു സൗദി പെൺകുട്ടിയും എഴുത്തുകാരനിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നു. ബാംഗ്ലൂരിലെ ജീവിതം അവർക്കൊപ്പം ജീവിക്കുന്ന ഒരനുഭവമാണത്. നന്ദി ഹിൽസിലെ മഞ്ഞിൽ നിന്നും ലോണവാലയിലെ മഴയിൽ നിന്നും ബ്രിഗേഡ് റോഡിലെ നുരയിൽ നിന്നും അവർ തമ്മിൽ ആഴത്തിൽ എന്തോ ഒന്ന് കണ്ടെത്തുന്നു. എന്നാൽ എസ്ര ബാംഗ്ലൂരിൽ നിന്ന് ജിദ്ദയിൽ എത്തുമ്പോൾ മറ്റൊരു ജീവിതം ജീവിക്കുകയാണ്. എഴുത്തുകാരൻ ജിദ്ദയിൽ എത്തിയ നിമിഷത്തിൽ കഫെ കോഫീ ഡെകളിലെ കാപുച്ചിനോ നാളുകൾ ഓർത്തെടുക്കുമ്പോൾ പ്രണയത്തിനു തൊട്ടു മുമ്പ് വഴുതിപ്പോകുന്ന ജീവിതം എന്തെന്ന് നാം അറിയും. എന്ത് രസമുള്ള ബാംഗ്ലൂർ ജീവിതമാണ് എഴുത്തുകാരൻ അനുഭവിച്ചത്. പിന്നെ എന്തിനാണ് ഒടുവിൽ കണ്ണീരു കൊണ്ട് നമ്മെ മുറിവേൽപിക്കുന്നത്. ജിദ്ദയിലെ ബലദിൽ ചെങ്കടലിനു മുന്നിൽ കെനിയയിൽ നിന്നുള്ള ഒരു ദർവിഷിനെ പോലെ എഴുത്തുകാരൻ നിൽക്കുമ്പോൾ ഒരിറ്റ് കണ്ണീരു പൊടിയും.
നദാലിയ എന്ന സൈബീരിയക്കാരിയുടെ കഥയാണ് അഞ്ചാമത്തേത്. ഇൻസ്റ്റഗ്രാമിൽ എഴുത്തുകാരന്റെ സുഹൃത്താവുകയും അവർ തമ്മിലുള്ള സൗഹൃദം സൈബീരിയയിലെ മഞ്ഞ് പോലെ ഹൃദയത്തിൽ തണുത്തുറഞ്ഞ് പോവുകയുമാണ്. ഒടുവിൽ നദാലിയ ഗോവയിൽ എത്തുന്നു. ഗോവയിൽ അവർ ഒന്നിച്ച ദിനങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് വായനക്കാരനു തോന്നിപ്പോകും. ശരിക്കും ഗോവയിൽ നദാലിയക്കൊപ്പം നമ്മൾ അലയുകയാണെന്ന് തോന്നുകയും അതോടൊപ്പം റഷ്യയിലും സൈബീരിയയിലും നമ്മൾ യാത്രയും ചെയ്യുന്നു. 
സിറ്റി ഓഫ് പേൾ എന്ന കഥയിൽ പേരു പോലെ തന്നെ ഹൈദരബാദിനെ നമ്മൾ അടുത്തറിയുകയാണ്. ഒപ്പം അവളേയും... തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് വൈകുന്നേരങ്ങളിലെ മസാല ദോശയ്‌ക്കൊപ്പം കഥ പറഞ്ഞിരുന്ന എഴുത്തുകാരനും അവളും അവിടെ നിന്ന് അവളുടെ സ്വന്തം നാടായ ഹൈദരാബാദിലേക്ക് പോകുന്നു. അവിടെ വെച്ച് അവർ മുത്ത് കൊണ്ട് മാല എന്ന പോലെ ഒരു ജീവിതം തുന്നുകയാണ്. ചെറിയ ഒരു പിഴവിൽ മാലയിലെ മുത്തുകൾ ചിതറി വീഴാം. 
അവസാനത്തെ കഥ ദുബായിൽ നിന്ന് തുടങ്ങുകയും ഇസ്താംബൂൾ എന്ന തുർക്കി നഗരത്തിൽ എത്തുകയുമാണ്. ദ സിറ്റി ഓഫ് ഗോൾഡ് എന്ന് വിളിക്കപ്പെടുന്ന ദുബായ് നഗരത്തിൽ നിന്ന് എഴുത്തുകാരൻ ഒരു തുർക്കി പെൺകുട്ടിയുടെ സ്വർണ ഹൃദയം മോഷ്ടിക്കുകയാണ്. ദുബായിയുടേയും യു.എ.ഇയുടേയും എല്ലാ കൗതുക കാഴ്ചകളിലൂടെയും അവർ അലയുകയാണ്. ഒരു ഒളിഞ്ഞ്നോട്ടക്കാരനെ പോലെ വായനക്കാർ അവരെ പിന്തുടരുമ്പോൾ ഒരു ഇന്ത്യക്കാരന്റേയും ഒരു തുർക്കി പെൺകുട്ടിയുടേയും ഹൃദയ രഹസ്യങ്ങൾ കണ്ടെടുക്കാൻ കഴിയുന്നു. 
കാസോളിലെ മഞ്ഞ് ഒരു ലഹരി പോലെ എന്നെ ബാധിച്ചിരിക്കുന്നു. മഞ്ഞ്, മഴ, യാത്ര, ചായ, കോഫി, പ്രണയം പിന്നെ പുസ്തകവും എന്ന് ഞാൻ ആദ്യം പറഞ്ഞിരുന്നുവല്ലോ. നല്ല മഞ്ഞുവീഴ്ചയുള്ള സമയത്ത് ഒരു കോഫി ഷോപ്പിനു പുറത്ത് ചൂടു കോഫി കുടിച്ചിരിക്കുന്ന സുഖം പോലെ ഒരു പുസ്തകം.
 

Latest News