വെല്ലിംഗ്ടണിലെ പ്രീമിയർ ഹൗസിൽ നിന്ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലേക്ക് ആ കത്തുകൾ എത്തിയത് രാജ്യാതിർത്തികൾക്കപ്പുറത്തുള്ള സ്‌നേഹ ബന്ധത്തിന്റെ അടയാളമായാണ്.
അമാന അഷ്‌റഫിന്റെ ശേഖരത്തിൽ അമൂല്യമായ ആ കത്തുകളുണ്ട്. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ അയച്ച കത്തുകൾ. ന്യൂസിലാന്റിന്റെ ഭരണ സിരാകേന്ദ്രമായ
വെല്ലിംഗ്ടണിലെ പ്രീമിയർ ഹൗസിൽ നിന്ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലേക്ക് ആ കത്തുകൾ എത്തിയത് രാജ്യാതിർത്തികൾക്കപ്പുറത്തുള്ള സ്‌നേഹ ബന്ധത്തിന്റെ അടയാളമായാണ്. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ പ്രവാസിയുമായ ടി.കെ.അഷ്‌റഫ് പൊന്നാനിയുടെ മകൾ അമാന എഴുതിയ കത്തുകൾക്കെല്ലാം ന്യൂസിലാന്റ് പ്രധാനമന്ത്രി മറുപടികൾ നൽകിയിട്ടുണ്ട്. ആ കത്തുകൾ ഇന്ന് അമാനയുടെ ശേഖരത്തിലെ അമൂല്യമായ സമ്പത്താണ്.
ന്യൂസിലാന്റിന്റെ നാൽപതാമത്തെ പ്രധാനമന്ത്രിയായ ജസീന്ത കെയ്റ്റ് ലോറൽ ആർഡൻ എന്ന ജസീന്ത ആർഡന് അമാന കത്തയക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. ന്യൂസിലാന്റിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ജസീന്തക്ക് അവരുടെ ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് അമാന അയച്ച കത്തിൽ നിന്നാണ് ആ ബന്ധം തുടങ്ങിയത്. കഴിഞ്ഞ വർഷം ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് അമാന കത്തയച്ചത്. ഭീകരാക്രമണം നേരിടുന്നതിലും വർഗീയ വാദത്തെ ചെറുക്കുന്നതിലും മതസൗഹാർദം നിലനിർത്തുന്നതിലും പ്രധാനമന്ത്രി എന്ന നിലയിൽ ജസീന്ത നടത്തുന്ന പോരാട്ടങ്ങളെ അഭിനന്ദിച്ചുള്ളതായിരുന്നു അമാനയുടെ കത്ത്. ഏറെ വൈകാതെ അമാനയെ തേടി വെല്ലിംഗിടണിൽ നിന്ന് ജസീന്തയുടെ കയ്യൊപ്പോടു കൂടി മറുപടിയെത്തി. പെരിമ്പിലാവ് അൻസാർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന അമാനക്ക് അത് ആഹ്ലാദം നിറഞ്ഞ നിമിഷമായിരുന്നു. ഒരു സ്‌കൂൾ വിദ്യാർഥിനിക്ക് ലഭിച്ച അഭിമാനകരമായ സമ്മാനമായിരുന്നു ആ കത്ത്. ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച അമാനക്ക് നന്ദി പ്രകാശിപ്പിച്ച് എഴുതിയ ആ കത്തിൽ, ഭീകരാക്രമണ നാളുകളിൽ ന്യൂസിലാന്റ് കടന്നു പോയ പരീക്ഷണങ്ങളെ കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാധാന കാംക്ഷികൾ നൽകിയ പിന്തുണയെ കുറിച്ചും ജസീന്ത വിശദമായി എഴുതി. തന്റെ കുടുംബത്തെ കുറിച്ചും കൊച്ചു മകളെ കുറിച്ചുമെല്ലാം നാൽപതുകാരിയായ പ്രധാനമന്ത്രി അമാനക്ക് വിശദീകരിച്ചു കൊടുത്തു. കേരളത്തിൽ ഇതുവരെ വരാനായിട്ടില്ലെന്നും ഏറെ മനോഹരമായ കേരളത്തിലേക്ക് ഒരു നാൾ താൻ വരുമെന്നും കത്തിൽ പറഞ്ഞു.
ജസീന്ത ആർഡന്റെ മറുപടി ലഭിച്ചതോടെ അമാന നാട്ടിലെ താരമായി. നാട്ടുകാർക്കിടയിലും വിദ്യാലയത്തിലും അവർക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വീട്ടിൽ നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. അമാനക്ക് കടൽ കടന്നെത്തിയ സമ്മാനം പുതുതലമുറക്ക് പ്രചോദനമാണെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടിരുന്നു. ശശി തരൂർ എം.പി. ഉൾപ്പെടെയുള്ള നിരവധി നേതാക്കളും അമാനയെ അഭിനന്ദിച്ചു.
ചുറുചുറുക്കുള്ള വനിതാ നേതാവ് എന്ന നിലയിലാണ് ജസീന്ത ആർഡനെ അമാന രണ്ടു വർഷം മുമ്പ് ശ്രദ്ധിച്ചു തുടങ്ങിയത്. 1980 ൽ ജനിച്ച ജസീന്ത കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ലണ്ടനിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് ന്യൂസിലാന്റ് രാഷ്ട്രീയത്തിൽ സജീവമായത്. അതിനിടെ ഇന്റർനാഷനൽ യൂനിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്ത് എന്ന സംഘടനയുടെ പ്രസിഡന്റായി സംഘടനാ രംഗത്ത് മികവു തെളിയിച്ചു. ഇരുപെത്തിയെട്ടാമത്തെ വയസ്സിൽ ന്യൂസിലാന്റ് പ്രതിനിധി സഭയിൽ എത്തിയ അവർ പിന്നീട് പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റ് അംഗമായി. 2017 ൽ ലേബർ പാർട്ടിയുടെ നേതാവായും ന്യൂസിലാന്റിന്റെ നാൽപതാമത്തെ പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. ജസീന്ത ആർഡന്റെ ജീവിതത്തെ കുറിച്ചും ഭരണ മികവിനെ കുറിച്ചും ഇന്റർനെറ്റിലൂടെ ഏറെ പഠിച്ച ശേഷമാണ് അവർക്ക് ആദ്യത്തെ കത്ത് അയക്കാൻ അമാന തീരുമാനിച്ചത്. ആ കത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി തീരുമാനിച്ചതോടെ പ്രധാനമന്ത്രിയുടെ ഓഫീസും അമാനയും തമ്മിലുള്ള ബന്ധത്തിന് തുടക്കമാകുകയായിരുന്നു. ന്യൂസിലാന്റ് സർക്കാരിന്റെയും ലേബർ പാർട്ടിയുടെയും പ്രവർത്തനങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസ് നിരന്തരം അമാനക്ക് ഇ-മെയിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ട്.
ലോകത്താകമാനം കൊറോണ വൈറസ് പടർന്നു പിടിച്ചു തുടങ്ങിയപ്പോൾ അമാന വീണ്ടും ജസീന്ത ആർഡന് കത്തയച്ചു. കോവിഡ് പ്രതിരോധത്തിൽ ന്യൂസിലാന്റ് സർക്കാർ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചായിരുന്നു ഇത്തവണത്തെ കത്ത്. ന്യൂസിലാന്റിൽ നടക്കാനിരുന്ന പൊതുതെരഞ്ഞെടുപ്പിൽ ജസീന്തക്കും ലേബർ പാർട്ടിക്കും വിജയാശംസകളും അമാന നേർന്നിരുന്നു. ആ കത്ത് ലഭിക്കുമ്പോൾ ജസീന്ത ആർഡൻ തന്റെ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കുകളിലായിരുന്നു. അതിനിടയിലും അമാനയുടെ കത്തിന് മറുപടി നൽകാൻ പ്രധാനമന്ത്രി തന്റെ ഓഫീസിന് നിർദേശം നൽകി.
ഇക്കഴിഞ്ഞ ദിവസമാണ് പൊന്നാനിയിലെ ജെ.എം റോഡിലുള്ള ടി.കെ ഹൗസിലേക്ക് ആ മറുപടി കത്ത് വന്നത്. ജസീന്ത ആർഡന്റെ പേഴ്്‌സണൽ സ്റ്റാഫ് അംഗമായ ദീന ഒക്കേബി അയച്ച കത്തിൽ പ്രധാനമന്തിക്കു വേണ്ടിയുള്ള നന്ദി വാക്കുകളുണ്ടായിരുന്നു. കോവിഡ് മൂലം മറുപടി അമാനക്ക് ലഭിച്ചത് മാസങ്ങൾ വൈകിയാണ്. അപ്പോഴേക്കും ന്യൂസിലാന്റിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുകയും ജസീന്ത ആർഡൻ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തിരുന്നു.
ജസീന്ത ആർഡനെ കുറിച്ച് പഠിച്ച് എഴുതിയ കത്തുകൾ അമാന അഷറഫിന്റെ ജീവിതത്തിലെ സുപ്രധാന ഏടുകളാണ്.
രാജ്യാതിർത്തികൾക്കപ്പുറം ബന്ധങ്ങൾ വളർത്തുന്നതിലും ഭാഷാപരമായും സാംസ്‌കാരികമായും ഉയർന്ന കാഴ്ചപ്പാടുകൾ വികസിപ്പിക്കുന്നതിലും അമാന എന്ന പ്ലസ് വൺ വിദ്യാർഥിനി പുതിയ തലമുറക്ക് മാതൃകയാണ്.






