പിണറായി വിജയൻ സർക്കാരിന്റെ അവസാന വർഷം ഇങ്ങനെയാവുമെന്ന് എതിരാളികൾ പോലും കരുതിയില്ലായിരിക്കും. നാല് മാസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സർവേയിൽ തുടർഭരണ സാധ്യത വ്യക്തമായതാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി മലയാളികൾ ഏറ്റവും ഇഷ്‌പ്പെട്ടത് പിണറായിയെയും. അതു കഴിഞ്ഞേ ഉമ്മൻ ചാണ്ടി പോലും ഉണ്ടായിരുന്നുള്ളൂ. രണ്ട് മഹാപ്രളയങ്ങളും നിപായും കോവിഡും കൈകാര്യം ചെയ്ത രീതിയാണ് മലയാളികളെ സ്വാധീനിച്ചത്. തുടർഭരണമെന്ന ആശയം ഇപ്പോൾ കാർട്ടൂൺ വരക്കാനുള്ള വിഷയമായി.
വ്യാഴാഴ്ച രാത്രി മാതൃഭൂമി ന്യൂസിലെ ചർച്ചയിൽ പി.സി. വിഷ്ണുനാഥ് എൽ.ഡി.എഫ് ഭരണ കാലത്തെ വിലയിരുത്തുന്നത് കണ്ടു. തുടക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ കാർക്കശ്യക്കാരനെന്ന പ്രതിഛായ സൃഷ്ടിച്ചു. ശരിയാണ്, പത്രക്കാരോട് പോലും അനാവശ്യമായി അടുപ്പം കാണിച്ചിട്ടില്ല. വിഷ്ണുനാഥ് താരതമ്യം ചെയ്തത് പഴയകാല മലയാള സിനിമയിലെ വില്ലന്മാരുമായിട്ടാണ്. ജനാർദനൻ, കൊച്ചിൻ ഹനീഫ എന്നീ നടന്മാരുണ്ടെങ്കിൽ ചിത്രത്തിലെ വനിതകൾ കാര്യമായി ശ്രദ്ധിക്കേണ്ടിയിരുന്നു. ചരിത്രം കടിച്ചു കീറുന്ന ജാതി വില്ലന്മാരായിരുന്നു രണ്ടും. കാലക്രമത്തിൽ രണ്ടാളുടേയും ഇമേജ് മാറി. കാണികൾ മനസ്സറിഞ്ഞ് ചിരിക്കാനാണ് ജനാർദനന്റെ സിനിമക്കെത്തിയിരുന്നത്. ഇതു പോലെയാണ് മുഖ്യമന്ത്രിയുടെ പെർഫോമൻസെന്ന് വിഷ്ണുനാഥ് പറയുന്നു. കോമഡി പോലെ നിത്യേന മുടങ്ങാതെ വൈകുന്നേരത്തെ വാർത്താ സമ്മേളനം.
അതിൽ പാതിയും നോക്കി വായന. ന്യൂസ് റീഡറുടെ ജോലിക്ക് പറ്റുമെന്നും കമന്റ്. അവസാന വർഷം എല്ലാം പാളുന്നുവോ എന്ന ശീർഷകത്തിൽ മാതൃഭൂമി നടത്തിയ ന്യൂസ് നൈറ്റ് ഡിസ്‌കഷനിൽ സന്ദീപ് വാരിയരും ഡി.വൈ.എഫ്.ഐ നേതാവ് റഹീമും മറ്റുമാണുണ്ടായിരുന്നത്. പാർട്ടി പ്രവർത്തകയെ പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിച്ച എം.എൽ.എയെ നിങ്ങളെന്ത് ചെയ്തുവൊന്നൊക്കെ വാരിയർ ചോദിക്കുന്നുണ്ടായിരുന്നു. ഇതൊന്നും മൈൻഡ് ചെയ്യാതെ എ.എ. റഹീം മൈക്കും ഊരിയെറിഞ്ഞ് ഒറ്റ ഓട്ടം. ഇങ്ങനെ ആണേൽ ഞാനീ കളിക്കില്ലെന്ന ഭാവത്തിലായിരുന്നു ബഹിഷ്‌കരണം. ആര്യാടൻ മുഹമ്മദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവരും ഓരോ ഘട്ടത്തിൽ ചാനൽ ചർച്ചകളിൽ നിന്ന് ഇറങ്ങി ഓടിയിട്ടുണ്ട്.
അല്ലേലും ഈ ബൂർഷ്വാ മാധ്യമങ്ങളുടെ സംവാദ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് അൽപം മുമ്പ് പാർട്ടി തീരുമാനിച്ചതായിരുന്നുവല്ലോ. അതെപ്പോഴാണ് ഇതിന് മാറ്റം വരുത്തിയത്? മാതൃഭൂമി ന്യൂസ് സമകാലിക വിഷയങ്ങൾ ചർച്ചയാക്കുമ്പോൾ അവരുടെ ദിനപത്രത്തിലെ കാർട്ടൂണുകളും ഒന്നാന്തരമാവുന്നുണ്ട്. വെള്ളിയാഴ്ച ഗോപീകൃഷ്ണന്റേതായി വന്ന വരയിൽ രണ്ട് ചിത്രങ്ങൾ. കോടിയേരിയും പിണറായിയുമിരുന്ന് ടി.വി ന്യൂസ് കാണുന്നു. ആദ്യത്തേതിൽ ശിവശങ്കറിനെ ഇ.ഡി പൊക്കുന്ന ദൃശ്യം. മാറ്റ്, മാറ്റ് എന്നു പറഞ്ഞു നോക്കുമ്പോൾ അടുത്തതിൽ കോടിയേരി പുത്രനെ കർണാടക തലസ്ഥാനത്ത് സർക്കാർ ഭക്ഷണം കൊടുക്കാൻ കൊണ്ടുപോകുന്ന സീൻ.
*** *** ***
പത്രക്കാരോട് നിന്റെയൊന്നും സേവയില്ലാതെ പ്രസിഡന്റ് ആയ ആളാണ് താനെന്ന് പറഞ്ഞ നേതാവാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സി.എൻ.എന്നും ന്യൂയോർക്ക് ടൈംസും അതും കേട്ട് വൈറ്റ് ഹൗസിലെ മൂരി ബിരിയാണിയും മിണുങ്ങിയാണ് പണി തുടർന്നത്. രണ്ടാമൂഴത്തിനുള്ള ശ്രമത്തിനിടയിലും വിമർശനങ്ങളുടെ തീവ്രത ട്രംപ് ഒട്ടും കുറച്ചിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെതിരെ ഉയർന്നു വന്ന അഴിമതി കേസ് മുഖ്യധാരാ മാധ്യമങ്ങളും ടെക്കി കമ്പനികളും ചേർന്ന് മറച്ചു വെക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതുവരെ നമ്മൾ കാണാത്ത ചില കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളുടെയും വൻകിട ടെക്കി കമ്പനികളുടെയും ഏറ്റവും മോശവും സങ്കടകരവുമായ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശം. കമ്പനികൾ എന്തുകൊണ്ടാണ് അഴിമതികൾ പുറത്തു കൊണ്ടുവരാൻ തയാറാവാത്തതെന്ന് ചോദിച്ച ട്രംപ്, അഴിമതിയിലൂടെ തങ്ങളെ സമ്പന്നാനാക്കാൻ ബൈഡനു മാത്രമേ കഴിയൂവെന്ന ബോധ്യം കൊണ്ടാണ് കമ്പനികൾ അഴിമതി പുറത്തു കാട്ടാൻ തയാറാവാത്തതെന്നും ആരോപിച്ചു. മാധ്യമങ്ങൾ ഇപ്പോൾ ചെയ്യുന്നത് മാധ്യമ സ്വാതന്ത്ര്യമല്ല. യഥാർഥത്തിൽ ഇപ്പോൾ നടക്കുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
*** *** ***
ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും എത്തുന്നു. സ്വർണക്കടത്തിൽ ഉൾപ്പെട്ട ചിലർക്ക് ബംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന വിവരം. മലയാള സിനിമാ മേഖലയിലും ലഹരിമരുന്ന് കേസിലെ പ്രതി അനൂപിന് ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അന്വേഷണം വ്യാപിപ്പിക്കുന്നത്. മലയാള സിനിമാ രംഗത്ത് നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകൾ നാർകോട്ടിക്‌സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുവെന്നാണ് സൂചന. ഇവരിലാർക്കെങ്കിലും അനൂപുമായി ബന്ധമുണ്ടായിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. ലോക്ഡൗൺ കാലത്താണ് അനൂപിന്റെ നേതൃത്വത്തിൽ സിനിമാ മേഖലയിലേക്ക് കൂടുതൽ ലഹരി ഒഴുകിയതെന്നാണ് കണ്ടെത്തൽ. കന്നഡ സിനിമാ മേഖലയിൽ നടൻമാരേക്കാൾ കൂടുതൽ നടിമാരാണ് ഇവരുടെ വലയിൽ പെട്ടിരുന്നത്. സമാന രീതിയിൽ മലയാള സിനിമാ രംഗത്ത് ലഹരി സംഘത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടാാകാമെന്നാണ് പ്രാഥമിക വിവരം. കളിപ്പാവകൾ ഉൾപ്പെടെയുള്ള സമ്മാനപ്പൊതികളിലൂടെയാണ് കന്നഡ സിനിമാ രംഗത്തുള്ളവർക്കു സംഘം ലഹരിയെത്തിച്ചിരുന്നത്.
മയക്കുമരുന്ന് വിതരണം കൂടാതെ, കൊച്ചി, ഫോർട്ട് കൊച്ചി, കോട്ടയം, കുമരകം എന്നിവിടങ്ങളിൽ നൈറ്റ് പാർട്ടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കുമരകത്ത് സംഘടിപ്പിച്ച നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തതായി വാർത്തകൾ വന്നിരുന്നു. കൊച്ചി ആസ്ഥാനമായി മലയാള സിനിമയിൽ യുവ തലമുറയിലെ ഒരു ഗാങ് തന്നെ സജീവമാണ്. സംവിധായകരും നടൻമാരും നടിമാരും സാങ്കേതിക പ്രവർത്തകരും അടങ്ങുന്നതാണ് ഈ ഗാങ്.
*** *** ***
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ എന്താണ് യഥാർഥത്തിൽ നടന്നതെന്ന് അറിയാനുള്ള അവകാശം പൊതു സമൂഹത്തിനുണ്ട്. വിചാരണ കോടതിയുടെ വിധിയോടെ മാത്രമേ യഥാർഥ വസ്തുതകളും പുറത്ത് വരികയുള്ളൂ. സ്ത്രീകൾക്ക് നേരെ ആര് അതിക്രമം കാട്ടിയാലും ശക്തമായ നടപടി സ്വീകരിക്കുന്ന നിയമ സംവിധാനമാണ് നമുക്കുള്ളത്. നടിയുടെ കേസിൽ വിചാരണ കാര്യക്ഷമമായാണ് നടന്നു വരുന്നത്. ഒരു വനിതാ ജഡ്ജി തന്നെയാണ് കേസ് കേൾക്കുന്നത് എന്നത് തന്നെ ശ്രദ്ധേയമായ കാര്യമാണ്. നടിയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെ ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. തുടക്കം മുതൽ സംസ്ഥാന സർക്കാരും നടിക്ക് അനുകൂലമായ നിലപാടാണ് ശക്തമായി സ്വീകരിച്ച് വരുന്നത്. നല്ല നിലയിലാണ് വിചാരണ കോടതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളിലൂടെ ഏതെങ്കിലും കേസ് ലൈവായി നിർത്തിയാൽ അത് ഗുണം ചെയ്യുമെന്ന് ആര് തന്നെ കരുതിയാലും അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ടി.ആർ.പി റേറ്റിംഗിൽ തട്ടിപ്പ് നടത്തുന്ന മാധ്യമങ്ങളുള്ള രാജ്യമാണ് നമ്മുടേത്. വിശ്വാസ വഞ്ചനക്ക് ചാനൽ മേധാവികൾ തന്നെ പ്രതിയാകുന്ന പുതിയ കാലത്ത് വാർത്തകളിൽ വിശ്വാസം നഷ്ടപ്പെടുക സ്വാഭാവികമാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ അക്രമം നടത്തിയവരേക്കാൾ മാധ്യമങ്ങൾ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപിനെയാണ്. സൂപ്പർ താരമെന്ന ദിലീപിന്റെ പരിവേഷവും ഇവിടെ മാധ്യമങ്ങളാണ് ശരിക്കും ഉപയോഗപ്പെടുത്തിയത്. ചാനലുകളുടെ റേറ്റിംഗിലെ കുതിച്ചു കയറ്റം തന്നെ ഇതിന് ഉദാഹരണമാണ്.
*** *** ***
കൈരളി ടി.വിക്കും ഏഷ്യാനെറ്റ് ന്യൂസിനും വിലക്കുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്ത വിഷയത്തിൽ പ്രതികരണം ആരായാൻ എത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ.
മാധ്യമ പ്രവർത്തകരെ ആദ്യം ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. അതിന് ശേഷം ഓരോരുത്തരേയും പേരും സ്ഥാപനത്തിന്റെ പേരും ചോദിച്ച് അകത്തേക്ക് പ്രവേശിപ്പിച്ചു. കൈരളി ടി.വിയുടേയും ഏഷ്യാനെറ്റ് ന്യൂസിന്റേയും റിപ്പോർട്ടർമാരെ അകത്തേക്ക് കടത്തിവിട്ടില്ല. പ്രതികരണമില്ലെന്ന് പറഞ്ഞു. എന്നാൽ പിന്നീട് അകത്തേക്ക് പ്രവേശിച്ച മാധ്യമങ്ങൾക്ക് വി. മുരളീധരൻ പ്രതികരണം നൽകുകയും ചെയ്തു. കൈരളിക്കും ഏഷ്യാനെറ്റ് ന്യൂസിനും പ്രതികരണം ലഭിക്കുകയും ചെയ്തില്ല. മന്ത്രിയുടെ നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു. ഭരണഘടനാ പദവിയിൽ ഉള്ള ആളായ വി. മുരളീധരന്റെ ഓഫീസിൽ നിന്നുണ്ടായ വിവേചനപരമായ നടപടിയിൽ പത്രപ്രവർത്തക യൂനിയൻ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി.
*** *** ***
കോവിഡ് കാലത്ത് അനുവാദം ചോദിക്കാതെ തന്റെ വീട്ടിലേക്ക് വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ. സാമൂഹിക അകലം പാലിച്ച് കഴിയേണ്ട കാലത്ത് തന്റെ വീട്ടിലേക്ക് വരുന്നത് തങ്ങളുടെ കുടുംബത്തെയും അവരുടെ കുടുംബത്തെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെ കുറിച്ച് ബോധവാൻമാരായിരിക്കണം എന്നും അനശ്വര പറയുന്നു. അല്ലേലും ഈ മല്ലൂസ് ഇങ്ങനെയാണ്.
ഒരു മുന്നറിയിപ്പുമില്ലാതെ ഓരോ വീട്ടിലും വലിഞ്ഞു കയറി വരും. മാനേഴ്‌സ് സായിപ്പിന്മാരിൽ നിന്ന് പഠിക്കണം.
അനശ്വരയുടെ പോസ്റ്റ്: എന്നെ കാണാൻ വരുന്ന ആൾക്കാരോട് ഒരു വാക്ക്..നിങ്ങൾ എനിക്ക് നൽകുന്ന സ്‌നേഹവും പരിഗണനയും ഞാൻ അംഗീകരിക്കുന്നു. അതിനാൽ നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ വായിക്കാൻ ഞാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്.
എന്റെ വാതിലിൽ മുട്ടുന്നതിന് മുമ്പ് ഞാൻ അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും എന്റെ അനുവാദം വാങ്ങുകയും ചെയ്താൽ അതിനെ ഞാൻ അംഗീകരിക്കും. ഇപ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള വലിയ കടന്നു കയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ.
*** *** ***
യുട്യൂബ് പ്രേക്ഷകരെ കാണിക്കുന്നതിനായി 2.4 കോടിയോളം വില മതിക്കുന്ന തന്റെ മെഴ്‌സിസഡ് കാർ കത്തിച്ച് റഷ്യൻ വ്‌ളോഗർ. മിഖായേൽ ലിറ്റ്വിൻ എന്ന വ്‌ളോഗറാണ് ഇത്തരം ഒരു സാഹസം കാട്ടിയത്. മെഴ്‌സിഡസ് എ.എം.ജി ജി.ടി 63 എസ് കാർ വിശാലമായ വയലിലേക്ക് ഒടിച്ചുകൊണ്ടുവന്ന ശേഷം ഇന്ധനമൊഴിച്ച് കത്തിക്കുകയയിരുന്നു. ശേഷം ഇതിന്റെ വീഡിയോ യുട്യൂബിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചു. പുതിയ വാഹനമായിട്ടും തുടർച്ചയായി വാഹനം ബ്രേക്ക്ഡൗൺ ആകുന്നത് ഇയാളെ അസ്വസ്ഥനാക്കിയിരുന്നു. ആറാം തവണയും വാഹനം ബ്രേക്ക്ഡൗൺ ആയതോടെ ഡീലറെ വിളിച്ചപ്പോൾ ആരും ഫോണെടുക്കാതെ വന്നതോടെ വാഹനം കത്തിക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു എന്ന് മോട്ടോർ1.കോം റിപ്പോർട്ട് ചെയ്യുന്നു. വാഹനം കത്തുമ്പോഴും ഒരു കൂസലുമില്ലാതെ എന്തോ കഴിച്ചുകൊണ്ടിരിക്കുന്ന മിഖായേൽ ലിറ്റ്വിനെ വീഡിയോയിൽ കാണാം. പിന്നീട് ഒരു പഴയ കാറിൽ ഇവിടെ നിന്നും മടങ്ങുന്നതും വീഡിയോയിലുണ്ട്. 50 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഇയാളുടെ ചാനലിന്. ഒരു കോടിയിലധികം ആളുകൾ യൂട്യൂബിൽ ഈ വീഡിയോ കണ്ടുകഴിഞ്ഞു. അതാണ് പുതിയ കാലത്തെ മാധ്യമ പ്രവർത്തനം.
*** *** ***
24 ന്യൂസിലെ ജനകീയ കോടതിയിൽ സംസ്ഥാന സർക്കാരിന്റെ മുന്നോക്ക സംവരണമാണ് ചർച്ചാ വിഷയം. മോഡറേറ്റർ ഡോ. അരുൺ. കോൺഗ്രസ് എം.എൽ.എ വി.ടി. ബൽറാമും സി.പി.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണനും ഏറ്റുമുട്ടുന്നു. അഗ്രഹാരങ്ങളിൽ സുഭിക്ഷമായി കഴിയുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതിനെ ബൽറാം ഗ്രിൽ ചെയ്തപ്പോൾ പാവം കുഞ്ഞിക്കണ്ണൻ മൈതാന പ്രസംഗത്തിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നത് കണ്ടു. എൽ.ഡി.എഫ് കൺവീനറുടെ ശാർദ്ദൂല വിക്രഡീതം പത്രസമ്മേളനത്തേക്കാൾ എത്രയോ ഭേദമായിരുന്നു കെ.ടിയുടെ മറുപടികൾ.
*** *** ***
ചില ടി.വി ചാനലുകൾ സിനിമാ നടികളെ ഇന്റർവ്യൂ ചെയ്യുന്നത് ട്രോളന്മാർക്ക് ഒരു പണിയായിക്കോട്ടെയെന്ന് ധരിച്ചാണെന്ന് വേണം കരുതാൻ. അടുത്തിടെ വിവാഹിതയായ മിയാ ജോർജിനെ അമൃത ടി.വിയിൽ ഇന്റർവ്യൂ ചെയ്യുന്നു. ലോക്ഡൗൺ കാലം എങ്ങനെ വിനിയോഗിച്ചുവെന്നാണ് ചോദ്യം. ധാരാളം വായിച്ചു. ടി.വി പ്രോഗ്രാമുകൾ കണ്ടു. വുഡ് ബിക്ക് ഫോൺ ചെയ്തു. അങ്ങനെ അങ്ങനെ.
ഐ.ടി മേഖലയിൽ തന്റെ പിന്നോക്കാവസ്ഥ താരം തന്നെ വിശദീകരിക്കുന്നുണ്ട്. പാലായിൽ വീട് വെച്ചതെന്തിനെന്ന് അടുത്ത ചോദ്യം. എറണാകുളത്തെത്താനുള്ള എളുപ്പം കണക്കിലെടുത്ത്. വെറും രണ്ട് മണിക്കൂർ യാത്രയുടെ കാര്യമല്ലേയുള്ളൂ. മിയ അഭിനയിച്ച ഇടപ്പള്ളിയിലെ മീൻ ഹോട്ടലിന്റെ പരസ്യം ഇപ്പോഴും യുട്യൂബിൽ തകർത്തോടുന്നുണ്ട്.






