തൊഴിൽ കോളത്തിൽ എഴുത്തുകാരൻ എന്ന് ധൈര്യമായി പൂരിപ്പിക്കാൻ കഴിയുന്ന അപൂർവം മലയാളി എഴുത്തുകാരിൽ ഒരാളാണ് പെരുമ്പടവം ശ്രീധരൻ. എഴുത്തല്ലാതെ മറ്റൊന്നും തന്നെ അദ്ദേഹം ചെയ്യുന്നില്ല. മലയാളം പോലെ ചെറിയൊരു ഭാഷയിൽ നിരന്തരം എഴുതി മാന്യമായി ജീവിക്കുകയും ചെയ്യുന്നു. വൈക്കം മുഹമ്മദ്ബഷീർ പോലും ജീവിക്കാനായി പുസ്തകക്കട നടത്തിയിരുന്നുവെന്ന് കൂടി ഓർക്കുക. ഈ കോവിഡ് കാലത്ത് എൺപത്തിരണ്ടാം വയസ്സിൽ രണ്ടു നോവലുകൾ അദ്ദേഹം എഴുതി പൂർത്തിയാക്കി. ഉറവ വറ്റാത്ത എഴുത്തുകാരനാണ് താനെന്ന് തെളിയിച്ചു. ഇനിയും മലയാളിക്ക് അദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ വകയുണ്ട്.

കവിതയിൽ തുടങ്ങി കഥയിലൂടെ സഞ്ചരിച്ച് നോവലിലെത്തി സ്വന്തമായൊരു സാമ്രാജ്യം സ്ഥാപിച്ച എഴുത്തുകാരനാണ് പെരുമ്പടവം. ഒരു സങ്കീർത്തനംപോലെ എന്ന ഒറ്റകൃതിയിലൂടെ മലയാള സാഹിത്യത്തെ വിശ്വസാഹിത്യവുമായി ചേർത്തുവെച്ച എഴുത്തുകാരനാണ്. മലയാള സാഹിത്യത്തിൽ ലോകപ്രശസ്തനായ ഒരു സാഹിത്യകാരനെ ചുറ്റിപ്പറ്റി ഒരു നോവലെന്നത് അതിനു മുമ്പുണ്ടായിട്ടില്ല. മലയാളിയത് നെഞ്ചോട് ചേർത്ത് പിടിക്കുകയും ചെയ്തു. ഇതിനൊരു കാരണം റഷ്യൻ ജീവിതം മലയാളിയുടെ ജീവിതവുമായി വളരെയേറെ ചേർന്നു നിൽക്കുന്നുവെന്നത് കൂടിയാണെന്ന് പെരുമ്പടവം തന്നെ പറയുന്നു. പ്രത്യേകിച്ചും തന്റെ റഷ്യാ സന്ദർശന വേളയിൽ അവിടുത്തെ ഗ്രാമങ്ങൾ അദ്ദേഹം സന്ദർശിച്ചപ്പോൾ ഇക്കാര്യം നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു.
ഭ്രാന്താലയത്തിലെ ഷേക്‌സ്പിയർ എന്നു വിശേഷിപ്പിക്കപ്പെടുന്ന റഷ്യൻ എഴുത്തുകാരനാണ് ദെസ്‌തെയേവ്‌സ്‌കി. ഇദ്ദേഹത്തിന്റെ അസാധാരണമായ ജീവിതം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും ചലച്ചിത്രകാരന്മാരെയും പ്രചോദിപ്പിച്ചിട്ടുണ്ട്.
? ഒരു സങ്കീർത്തനംപോലെ എന്ന നോവലിന്റ പിറവിയെക്കുറിച്ച് ഒന്നോർക്കാമോ?
എഴുത്തുകാരൻ കെ. സുരേന്ദ്രൻ വഴുതക്കാട് താമസിക്കുന്ന കാലം. പതിവുള്ള അദ്ദേഹത്തിന്റെ സായാഹ്ന നടത്തത്തിൽ എന്നെയും കൂടെക്കൂട്ടും. കെ. സുരേന്ദ്രൻ ദെസ്‌തെയേവ്‌സ്‌കിയെക്കുറിച്ചുള്ള ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതേക്കുറിച്ചുള്ള സംസാരത്തിനിടയിൽ ഞാൻ പറഞ്ഞു. ദെസ്‌തെയേവ്‌സ്‌കിയുടെ ജീവിതം തന്നെ നല്ലൊരു നോവലിനു പറ്റിയ വിഷയമാണ്. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളേക്കാൾ വലിയൊരു കഥാപാത്രമാണ് ദെസ്‌തെയേവ്‌സ്‌കി. ഞാൻ അതേക്കുറിച്ചൊരു നോവലെഴുതിയാലോ എന്നു ചോദിച്ചു. ഉടൻ വന്നു മറുപടി... ശ്രീധരനത് ചെയ്യണം. ശ്രീധരൻ ചെയ്താൽനന്നാവും.
ഇതായിരുന്നു സങ്കീർത്തനത്തിലേക്ക് നയിച്ചതിന്റെ തുടക്കം. കെ.സുരേന്ദ്രനെപ്പോലെയുള്ള ഒരു വലിയ എഴുത്തുകാരന്റെ വാക്കുകൾ പെരുമ്പടവത്തിന് ആവേശം പകർന്നു. വായിച്ചു മാത്രമറിഞ്ഞിട്ടുള്ള റഷ്യയെ ധ്യാനിക്കാൻ തുടങ്ങി. അവിടുത്തെ മനുഷ്യരെ സ്വപ്‌നം കാണാൻ തുടങ്ങി. രണ്ടുമൂന്ന് മാസം കൊണ്ട് നോവലെഴുതി പൂർത്തിയാക്കി. എന്നിട്ട് കെ.സുരേന്ദ്രന്റെ അടുത്തു കൊണ്ടുകൊടുത്തു. വായിച്ച് അഭിപ്രായം പറയണം -പെരുമ്പടവം പറഞ്ഞു.
എവിടെങ്കിലും അടിച്ചു വരട്ടെ. അപ്പോൾ വായിക്കാം. കെ.സുരേന്ദ്രൻ മറുപടി പറഞ്ഞു.
കെ.സുരേന്ദ്രൻ ഉഴപ്പി വിടുകയാണോയെന്ന് സ്വാഭാവികമായും പെരുമ്പടവം ശങ്കിച്ചു. നോവൽ ദീപികയുടെ വാർഷികപ്പതിപ്പിൽ അച്ചടിച്ചു വന്നു. സുരേന്ദ്രനത് വായിക്കാൻ കൊടുത്ത് അഭിപ്രായം കാത്തിരുന്നു. ഒരു ദിവസം കെ.സുരേന്ദ്രന്റെ വിളി വന്നു. പെരുമ്പടവം വേഗം വഴുതക്കാട്ടെത്തി. പൂജപ്പുര വരെ നടന്നപ്പോൾ അവിടെ മണ്ഡപത്തിലിരിക്കാമെന്ന് പറഞ്ഞു. എന്നിട്ടദ്ദേഹം ശ്രീധരനെ നോക്കി പറഞ്ഞു.
ഇറ്റ് ഈസ് എ ഗ്രെയ്റ്റ് വർക്ക്...
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരാളെന്ന് ദെസ്‌തെയേവ്‌സ്‌കിയെക്കുറിച്ച് എഴുതാൻ കഴിഞ്ഞുവെങ്കിൽ ഇതൊരു മഹത്തായ നോവലാണ്.
'നോവലിൽ എന്തെങ്കിലും തിരുത്താനുണ്ടെങ്കിൽ തിരുത്തിത്തരണം' അതുകേട്ട് പെരുമ്പടവം പറഞ്ഞു. ഒരക്ഷരം തിരുത്താനില്ല. വേണമെങ്കിൽ യോജന എന്നൊരു വാക്കതിലുണ്ട്. അതു മാറ്റി ദൂരം എന്നാക്കിയാൽകൊള്ളാം. പെരുമ്പടവം അങ്ങനെ ചെയ്യുകയും ചെയ്തു. കെ.സുരേന്ദ്രന് സാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകുന്ന ചടങ്ങിൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാൻ പെരുമ്പടവത്തെയാണ് ക്ഷണിച്ചത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ എം.ടി. വാസുദേവൻ നായർ പെരുമ്പടവത്തെ അടുത്തിരുത്തി പറഞ്ഞു.
എനിക്ക് കത്തയക്കുന്ന ശീലമില്ല. ഒരു സങ്കീർത്തനംപോലെ വായിച്ചു. നന്നായിട്ടുണ്ട്. ഒരു സങ്കീർത്തനംപോലെ എന്ന നോവലിന് ലഭിക്കുന്ന രണ്ടാമത്തെ വലിയ അംഗീകാരമായത് മാറി.ഡി.സി ബുക്‌സിന് പുസ്തകം കൊടുക്കാനാണ് പെരുമ്പടവം ആഗ്രഹിച്ചത്. അപ്പോഴാണ് ആശ്രാ്രമം ഭാസിയെത്തുന്നത്. സ്വന്തമായി പുസ്തകം അച്ചടിച്ച് വിൽക്കാൻ അദ്ദേഹം മുന്നോട്ട് വന്നു. ആദ്യം 3000 കോപ്പിയടിപ്പിച്ചു. ഒന്നര മാസംകൊണ്ട് വിറ്റു തീർന്നു. 5000 കോപ്പി വീണ്ടും അടിപ്പിച്ചു. ആറുമാസം കൊണ്ടത് വിറ്റുതീർന്നു. ഇപ്പോൾ 116-ാമത് എഡിഷനിലെത്തി. ഇതിനോടകം നാലു ലക്ഷത്തിലധികം കോപ്പി വിറ്റു തീർന്നിരിക്കുന്നു. മലയാളത്തിൽ മറ്റൊരു പുസ്തകത്തിനും ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിട്ടില്ല. താൻ കിനാവ് കണ്ട ദെസ്‌തെയേവ്‌സ്‌കിയുടെ നാട്ടിലെന്നെങ്കിലും പോയി കാണാനാകുമെന്ന് പെരുമ്പടവം വിചാരിച്ചിരുന്നില്ല.

റഷ്യയെക്കുറിച്ച് പറയാൻ പെരുമ്പടവത്തിന് നൂറ് നാവാണ്. റഷ്യൻ നോവലുകളിലൂടെ ആ നാട് പെരുമ്പടവത്തിന് നേരത്തെ പരിചിതമാണ്. പെരുമ്പടവത്തിന് ദെസ്‌തെയേവ്‌സ്‌കിയുടെ ശവകുടീരത്തിൽ പൂക്കൾ വെക്കാനായി പൂ വിൽക്കുന്ന വൃദ്ധയുടെ അരികിൽ ചെന്ന് പൂ വാങ്ങാൻ ചെന്നയാൾ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് വന്ന ഒരു എഴുത്തുകാരന് ദെസ്‌തെയേവ്‌സ്‌കിയുടെ ശവക്കല്ലറയിൽവെയ്ക്കാൻ മനോഹരമായൊരു പൂക്കുടയൊരുക്കിത്തരണം. അവര് ഒന്നിന് പകരം രണ്ടെണ്ണം കെട്ടിയുണ്ടാക്കിയിട്ട് പറഞ്ഞു, ഒന്ന് എനിക്ക് വേണ്ടി കൂടിയവിടെ വെച്ചേക്കുക. ഇങ്ങനെയാണ് റഷ്യക്കാർ അവരുടെ എഴുത്തുകാരെ സ്‌നേഹിക്കുന്നത്. പെരുമ്പടവം ദെസ്‌തെയേവ്‌സ്‌കിയുടെ ശവകുടീരത്തിന്റെ മുമ്പിൽ നിന്നപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു.
തിരിഞ്ഞു നോക്കിയപ്പോൾ ദെസ്‌തെയേവ്‌സ്‌കിയുടെ ശവകുടീരത്തിലിരുന്ന് ഒരു സ്ത്രീ കരയുന്നതു കണ്ടു. പെരുമ്പടവം കരുതി അദ്ദേഹത്തിന്റെ ബന്ധുക്കളാരെങ്കിലുമാകുമെന്ന്. അന്വേഷിച്ചപ്പോൾ അവരൊരു കോളേജ് പ്രൊഫസറാണ്. ദെസ്‌തെയേവ്‌സ്‌കിയെ പഠിപ്പിക്കുന്നവരാണ്.
പെരുമ്പടവത്തിന്റെ വാക്ക് കേട്ട് ഞാൻ ചോദിച്ചു.
കേരളത്തിലിത് സംഭവിക്കുമോ?
ഈ കോവിഡ് കാലത്ത് എനിക്കൊരനുഭവം ഉണ്ടായി. കഴിഞ്ഞ മാർച്ചിൽ രാജ്യം ലോക്ഡൗണിലേക്ക് പോയപ്പോൾ ഞാൻ പെരുമ്പടവത്തായിരുന്നു. കാറിൽ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോൾ പലയിടത്തും പോലീസ് വണ്ടി തടഞ്ഞു.. ഞാൻ പെരുമ്പടവം ആണെന്നറിഞ്ഞപ്പോൾ എന്നെ പോകാനനുവദിച്ചുവെന്നു മാത്രമല്ല, കൂടെയുള്ളവരെ വിളിച്ചുവരുത്തി എന്നെ കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലായതുകൊണ്ടാണ് അല്ലെങ്കിൽ കൂടുതൽ സംസാരിക്കാൻ താൽപര്യമുണ്ടെന്നറിയിക്കുകയും ചെയ്തു.
സങ്കീർത്തനംപോലെ എന്ന നോവൽ കേരളം സ്വീകരിച്ചതു പോലെ മറ്റു ഭാഷകളിലുള്ളവർ സ്വീകരിച്ചുവോ?
സങ്കീർത്തനംപോലെ എന്ന നോവൽ ആദ്യം വിവർത്തനം ചെയ്യപ്പെടുന്നത് അറബിയിലേക്കാണ്. മലയാളിയായ കുറ്റ്‌സി മുൻകൈയെടുത്ത് അബുദാബി കൾച്ചറൽ സെന്റർ വഴിയാണത് സാധ്യമായത്. പിന്നീടത് ടർക്കിഷ്, ഈജിപ്ഷ്യൻ, സിറിയൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഒൻപത് ഇന്ത്യൻ ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ മാസം ഗുജറാത്തിയിലേക്ക് മൊഴിമാറ്റം നടത്തുന്നതിനുള്ള കരാർ ഒപ്പുവെച്ചു.
എഴുത്തിന്റെ വഴിയിലേക്കെങ്ങനെ എത്തപ്പെട്ടു?
പെരുമ്പടവം ചെറിയൊരു ഗ്രാമമാണ്. കാർഷിക ഗ്രാമമാണ്. ഇപ്പോൾ ചെറുപ്പക്കാർ വിദേശത്തൊക്കെ പോയി പുതിയ കെട്ടിടങ്ങളൊക്കെ വെച്ചിട്ടുണ്ട്. എങ്കിലും നാടിന് പറയത്തക്ക മാറ്റമൊന്നുമില്ല. എന്റെ കുട്ടിക്കാലത്തവിടെ വായനശാലയൊന്നുമില്ല. എങ്കിലും കൈയിൽ കിട്ടുന്നതെല്ലാം വായിക്കും. ആദ്യമായി വായിച്ച പുസ്തകം ബഷീറിന്റെ ബാല്യകാലസഖിയാണ്. പെരുമ്പടവത്ത് ഒരൊറ്റ മുസ്‌ലിം കുടുംബം പോലുമിന്നില്ല. ഇങ്ങനെയും മനുഷ്യരുണ്ടെന്ന് അപ്പോഴാണ് ഞാനറിയുന്നത്. ബഷീറിനെ കാണാനായി ഞാൻ തലയോലപ്പറമ്പിൽ പോയിട്ടുണ്ട്. ബഷീറിന്റെ സഹാദരൻ അബൂബക്കറുമായി സൗഹൃദമുണ്ടാക്കിയാണ് ബഷീറിനെ എറണാകുളത്ത് ബുക്ക്‌ഷോപ്പിൽ പോയി കണ്ടത്. ബഷീർ സഹോദരന്റെ കൈയിൽ കുറച്ച് കാശ് കൊടുത്തിട്ട് ശ്രീധരന് ചായ വാങ്ങികൊടുക്കണമെന്ന് പറഞ്ഞാണ് ഞങ്ങളെ യാത്രയാക്കിയത്. ആ കുടുംബത്തിലുള്ളവരുടെ ഒരു ശീലമാണത്. എന്തെങ്കിലും ഭക്ഷണം കഴിപ്പിച്ചേ വിടുകയുള്ളൂ. വായനയാണ് എന്നെ എഴുത്തുകാരനാക്കിയത്.പെരുമ്പടവം ഇതു പറഞ്ഞു നിർത്തുമ്പോൾ ഒരു കാര്യം നമുക്കുറപ്പാണ്. അദ്ദേഹം എഴുത്തുവഴി തെരഞ്ഞെടുത്തത് വെറുതെയായില്ല. മലയാളത്തിന് മുപ്പതിലധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ലഭിച്ചു. ഇവയിൽ പലതും പെരുമ്പടവത്തിന് മാത്രം എഴുതാൻ കഴിയുന്നവയുമാണ്. അഭയം, അഷ്ടപദി, ഒറ്റച്ചിലമ്പ്, ആയില്യം, പിന്നെയും പൂക്കുന്ന കാട്, ആരണ്യം, ഇടത്താവളം... തുടങ്ങി എത്രയെത്ര നോവലുകൾ. ഇതിൽ പലതും ചലച്ചിത്രമാവുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്ര അവാർഡും നേടിയെടുത്തു. സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മലയാറ്റൂർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. സാഹിത്യ അക്കാദമി പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു. കരമനയിലുള്ള ശാസ്ത്രി നഗറിലാണ് പെരുമ്പടവം മകൾ അല്ലിക്കൊപ്പം ഇപ്പോൾ താമസിക്കുന്നത്. പെരുമ്പടവത്തിന്റെ ഭാര്യ ലൈല ഈ അടുത്ത കാലത്താണ് മരിച്ചത്. പെരുമ്പടവത്തിന് 18 ഉം ലൈലക്ക് 17 ഉം വയസ്സുള്ളപ്പോഴാണ് അവരൊന്നിച്ചൊരു ജീവിതം ആരംഭിക്കുന്നത്. പെരുമ്പടവത്തിന്റെ എഴുത്തിന് താങ്ങും തണലുമായി എപ്പോഴും അവർ ചാരെ തന്നെയുണ്ടായിരുന്നു. അവരുടെ വേർപാട് പെരുമ്പടവത്തിന് ഏൽപിച്ച ആഘാതം ചില്ലറയല്ല. എഴുത്തു കൊണ്ടാണ് ഏകാന്തതയെ അദ്ദേഹം മറികടക്കുന്നത്. 'എകാന്തതയെക്കുറിച്ച് ഞാൻ ഒരുപാട് എഴുതിയിട്ടുണ്ട്. എന്നാൽ അതിന്റെ തീവ്രത എത്ര ആഴത്തിലുള്ളതാണെന്ന് ലൈലയുടെ മരണത്തോടെയാണ് ഞാനറിയുന്നത് -പെരുമ്പടവം പറയുന്നു.






