മറുനാട്ടിൽ മലയാളത്തിന്റെ മധുരം

ഇന്ന് കേരളപ്പിറവി ദിനം

ഉൽസവങ്ങളുടെ കേളീരവമുയരാത്ത ഈ പിറന്നാളിലും പ്രവാസി, പ്രതീക്ഷയുടെ ഹരിതാഭമായ തുരുത്തുകൾ തേടിയുള്ള പ്രയാണത്തിലാണ്. ഗൃഹാതുരതയോടെ, കേരളത്തിനു വെളിയിൽ 'കേരള'ങ്ങൾ നിർമിക്കുന്നവരാണ് പ്രവാസികൾ

കോവിഡ് കൊണ്ടുപോയ കേരളീയരുടെ ഓർമക്ക്്് മുമ്പിൽ മിഴിനനവുള്ള ശോകാഞ്്്ജലിയർപ്പിച്ചുകൊണ്ടല്ലാതെ, കേരളത്തിനു പുറത്തിരുന്ന് കേരളത്തെക്കുറിച്ച്്് അതിന്റെ പിറവി ദിനത്തിൽ നമുക്കൊരു ഗൃഹാതുര സ്മരണ പങ്കുവെക്കാനാവില്ല.  
പകർച്ചവ്യാധിക്കാലത്ത് ലോകം മുഴുവൻ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. മലയാളി പ്രവാസികളാകട്ടെ, നിലനിൽപിനായുള്ള ജീവന്മരണ പോരാട്ടത്തിലുമാണ്. കോവിഡ് പ്രതിരോധത്തോടൊപ്പം അതിജീവനത്തിന്റേയും അങ്കത്തട്ടിലാണവർ. ഗൾഫ് മേഖലയിലെ ഏറ്റവും താഴേക്കിടയിലുള്ളവരും ഇടത്തരക്കാരുമായ ലക്ഷക്കണക്കിന് തൊഴിലാളികളെയാണ് കോവിഡ് പ്രതിസന്ധി ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. അപ്പോഴും പക്ഷേ, എന്തും ധീരമായി നേരിടുകയെന്ന മലയാളിയുടെ സഹജമായ ആത്മബലത്തിന്റെ പിന്തുണയോടെയാണ് ഇവരത്രയും ജീവിത സമരം മുന്നോട്ടു കൊണ്ടുപോകുന്നത്. സുരക്ഷിത താവളങ്ങൾ തേടി നാട്ടിലേക്ക് രക്ഷപ്പെടുന്ന മറ്റു രാജ്യങ്ങളിലെ പ്രവാസികളെപ്പോലെയല്ല, മലയാളി. അന്നം തരുന്ന നാടിനോട് ആത്മാർഥമായ കൂറ് പ്രഖ്യാപിച്ച്, എല്ലാ വൈതരണികളും മറി കടക്കാനുള്ള പോരാട്ടം. അതാണ് ഗൾഫിലെ പ്രവാസി. ഏത് വിഷമ സന്ധിയുടെ കടലും അയാൾ മുറിച്ചു നീന്തും. പ്രതീക്ഷയുടെ തുരുത്തുകൾ ഇനിയും ആയിരം കാതമകലെ, എങ്കിലും പ്രവാസി എന്നും പോസിറ്റീവാണ്- ജീവിതത്തേയും മരണത്തേയും അയാൾ പോസിറ്റീവായി തന്നെ കാണുന്നു.


*** *** ***
കേരളീയ സംസ്‌കൃതിയുടെ നവനിർമിതിയിൽ ഗൾഫ് പ്രവാസം കൊത്തിവെച്ചത് കാൽപനികതയുടെ കൊളാഷ് മാത്രമല്ല, അന്നം തേടിയുള്ള മലയാളിയുടെ അനന്ത സഞ്ചാരത്തിനിടെ, അവന് ജീവിതം നൽകാൻ ഭൂമിയിൽ നിന്നുയർന്നു വന്ന അപാര സമൃദ്ധിയുടെ ഇതൾ വിടർത്തിയ ഇതിഹാസപ്പെരുമ കൂടിയാണ് ഗൾഫ്്് സമൃദ്ധി. കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിലെ അടുപ്പിൽ തീ പുകയുന്നതിനു വേണ്ടി മലയാളി അറേബ്യൻ മണ്ണിൽ ചുരത്തിയ വിയർപ്പ് നാട്ടുചരിത്രത്തിന്റെ ചത്വരങ്ങളിൽ ഉപ്പ്്് രസം ചൊരിഞ്ഞിരിക്കുന്നു. എല്ല് മുറിയെ പണിയെടുക്കുമ്പോഴും ലേബർ ക്യാമ്പുകളിലെ പോർട്ടോ കാബിനുകളിൽ വീണുടയുന്ന കണ്ണുനീർത്തുള്ളികളിൽ പ്രതിഫലിക്കുന്നത് പ്രത്യാശയുടെ മിനുക്കം. ഉഷ്ണത്തിലും ശൈത്യത്തിലും ഉള്ളുലയാത്ത മനസ്സുമായി ജീവിക്കുന്ന പ്രവാസി.ലോകത്തിന്റെ ഏത് മൂലയിൽ ചെന്നാലും മലയാളി അവന്റെ സ്വത്വം ഉയർത്തിപ്പിടിക്കുന്നു. ചെറുതും വലുതുമായ ചങ്ങാത്തക്കൂട്ടായ്മകളിലൂടെ കേരളത്തനിമയുടെ കൊടി പാറിക്കാൻ അവൻ എന്നും ആവേശം കാണിക്കുന്നു.  
ഗൾഫ് നാടുകളിലെ സാമൂഹിക രംഗങ്ങളിൽ മലയാളി സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് വലിയ പ്രസക്തിയും പ്രാധാന്യവുമാണുള്ളത്. ഗൾഫിലെ വിവിധ വിഭാഗങ്ങളുടെ അമരത്തിരിക്കുന്ന അധികൃതരിൽ പോലും മലയാളികളുടെ ഐക്യബോധം പ്രശംസയുളവാക്കുന്നു. സ്‌നേഹ സൗഹൃദങ്ങളിൽ ചാലിച്ചെടുത്തതാണ് ആ ഐക്യം. മരുഭൂ രാജ്യങ്ങളിലെ മലയാളി സംഘക്കരുത്ത് കേവലം കലാ സാംസ്‌കാരിക പരിപാടികളിൽ മാത്രമൊതുങ്ങി നിൽക്കുന്നില്ല. തൊഴിലുടമകളുടെ പല തരത്തിലുള്ള ചൂഷണത്തിന് വിധേയരാകുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് മലയാളി സംഘടനകൾ എല്ലാ അർഥത്തിലും കൈത്താങ്ങാകുന്നു. ക്ലേശമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ അതാത് സമയങ്ങളിൽ ഗൾഫ് നാടുകളിലെ അധികൃതരുടേയും ഇന്ത്യൻ എംബസി/ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടേയും മുമ്പിൽ അവതരിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനും മലയാളി സംഘടനകൾ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. സാമ്പത്തികമായി കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിനും നിസ്സാര കാരണങ്ങളാലും മറ്റും ജയിലിനകത്തായ പ്രവാസികളെ മോചിപ്പിക്കുന്നതിനും അതാത് ഗൾഫ് നാടുകളിൽ സജീവമായി പ്രവർത്തിക്കുന്ന മലയാളി സാംസ്‌കാരിക സംഘടനകൾ ആത്മാർഥതയോടെ ഇടപെടുന്നു. ഈ സേവന മനഃസ്ഥിതി ഗൾഫിൽ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളിൽ മാത്രമല്ല, അന്യരാജ്യക്കാരിൽ പോലും വലിയ മതിപ്പുളവാക്കുന്നു.
നാട്ടിലെ നിർധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനും ചികിൽസ ലഭ്യമല്ലാത്ത പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനുമുള്ള കർമ പദ്ധതികൾ ഓരോ ഗൾഫ് നാട്ടിലും മൽസര ബുദ്ധിയോടെയാണ് മലയാളി സംഘടനകൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് വ്യക്തികളും കുടുംബങ്ങളും പ്രവാസികളുടേയും അവരുടെ സംഘടനകളുടേയും ബഹുമുഖമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളാണ്.
ഏകദേശം മുപ്പത്തി രണ്ടു ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ വിവിധ മലയാളി സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിന് പൊതുവായ പ്ലാറ്റ്‌ഫോം ഉണ്ട് എന്നത് തന്നെ ഈ രംഗത്തെ ഒരുമക്കും അകളങ്കമായ സേവന മനഃസ്ഥിതിക്കും പ്രകടമായ തെളിവാണ്. കേരള മുസ്്്‌ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി), ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി), നവോദയ, കേളി, നവയുഗം, ന്യൂ ഏജ് ഇന്ത്യാ ഫോറം, ഐ.എം.സി.സി തുടങ്ങി രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി അനുഭാവം പുലർത്തുന്ന സംഘടനകളത്രയും സൗദി അറേബ്യയിലുടലെടുക്കുന്ന പൊതുപ്രശ്‌നങ്ങളിൽ എല്ലാ ഭിന്നതകളും മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചുപോരുന്നു. പാവങ്ങൾക്ക് വീട് നൽകുന്ന പദ്ധതിയായാലും ചികിൽസാ പദ്ധതിയായാലും ഈ സംഘടനകൾക്കിടയിലെ രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളൊന്നും ക്ഷേമപ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നില്ലെന്നതാണ് വിദേശ രാജ്യങ്ങളിലെ മലയാളികളുടെ ഐക്യബോധത്തിന്റെ ഉത്തമ നിദർശനമായി പലരും ചൂണ്ടിക്കാണിക്കുന്നത്. അതാകട്ടെ, ചെറിയ പ്രശ്‌നങ്ങളുടെ പേരിൽപോലും കലഹവും ഛിദ്രതയും സൃഷ്ടിക്കുന്ന നാട്ടിലെ സംഘടനകൾക്കും പ്രവർത്തകർക്കുമൊക്കെ കണ്ടുപഠിക്കാവുന്ന നൻമയുടെ വലിയ പാഠങ്ങളും അടങ്ങിയതാണ്.  
ഓരോ വർഷവും പരിശുദ്ധ ഹജ് കർമം അനുഷ്ഠിക്കുന്നതിനായി ഇന്ത്യയിൽ നിന്നെത്തുന്ന ലക്ഷക്കണക്കിനാളുകളെ സേവിക്കുന്നതിന് ഇന്ത്യൻ കോൺസുലേറ്റധികൃതരുടെ സഹായത്തോടെ രൂപം കൊണ്ട ഹജ് വെൽഫെയർ ഫോറം മികച്ച സേവനമാണ് അനുഷ്ഠിക്കുന്നത്. മലയാളികൾ തന്നെയാണ് ഈ സംഘടനയുടെ കരുത്ത്. ഓരോ തീർഥാടകനും ജിദ്ദാ വിമാനത്താവളത്തിലിറങ്ങുന്നത് മുതൽ മക്കയിലേയും മദീനയിലേയും അവരുടെ യാത്ര, പാർപ്പിടം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ഹജ് വെൽഫെയർ ഫോറത്തിലെ മലയാളി സംഘടനാ പ്രതിനിധികൾ നൽകിപ്പോരുന്ന സേവനങ്ങളും അതിനു പുറമെ ഹാജിമാരോടൊപ്പം പുണ്യകേന്ദ്രങ്ങളിലെ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിന് ഒപ്പം നിന്ന് നൽകുന്ന സഹായങ്ങളും എടുത്ത് പറയേണ്ടതുണ്ട്. പ്രതിഫലേഛയില്ലാതെ, ദൈവപ്രീതി മാത്രം കാംക്ഷിച്ച് ആയിരത്തിലധികം മലയാളി ഹജ് വളണ്ടിയർമാർ ഓരോ വർഷവും അമൂല്യമായ സേവനമാണ് ഇന്ത്യൻ ഹജ് തീർഥാടകർക്ക് നൽകിപ്പോരുന്നത്. അതുപോലെ വിവിധ തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടിലേയും ഗൾഫിലേയും മനുഷ്യ സ്‌നേഹികളുടെ അളവറ്റ ആദരവ് നേടിയ സംഘടനകളും സംഘടനാ നേതാക്കളുമാണ് ഓരോ ഗൾഫ് രാജ്യങ്ങളിലുമുള്ളത്. ഒരു പക്ഷേ യൂറോപ്പിലേയും അമേരിക്കയിലേയും മറ്റും മലയാളി കൂട്ടായ്മകളുടെ മുമ്പിൽ ഉയർന്നു വരാത്ത തരത്തിൽ, സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വിഭാഗത്തിന്റെ മോചനം കൂടി ഗൾഫ് മലയാളി കൂട്ടായ്മകൾക്ക് പലപ്പോഴും അനിവാര്യതയും ചിലപ്പോഴൊക്കെ ബാധ്യതയുമായി മാറുന്നു. ഒരു വേള, നിയമങ്ങളുടെ കാർക്കശ്യവും പാശ്ചാത്യ നാടുകളില്ലാത്ത തരത്തിലുള്ള ഔപചാരികതയുടെ കെട്ടുപാടുകളും മറ്റും ഗൾഫ് മലയാളികളുടെ മുമ്പിൽ ഗൗരവതരമായ ആവശ്യങ്ങളാണ് പലപ്പോഴും ഉയർത്തുന്നത്. ഏറെ കടമ്പകളാണ് സാമൂഹിക പ്രവർത്തകർക്ക് കടക്കാനുള്ളത്. ഗൾഫിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനും യഥാവിധി സംസ്‌കരിക്കുകയോ, നാട്ടിലയക്കുകയോ ചെയ്യുന്നതിനും മറ്റുമുള്ള രേഖകളുടെ ക്രമീകരണത്തിന് പലപ്പോഴും ഔദ്യോഗികമായ കാലതാമസം നേരിടുന്നു. ഇത് മരണപ്പെട്ടവരുടെ നാട്ടിലുള്ള ബന്ധുക്കളെ തെല്ലൊന്നുമല്ല ആശങ്കാകുലരാക്കുന്നത്. ഇത്തരം ഘട്ടങ്ങളിലൊക്കെ ദൈവദൂതരെപ്പോലെ പ്രത്യക്ഷപ്പെട്ട് രംഗത്തിറങ്ങുന്ന സംഘടനകളും പ്രവർത്തകരും സൗദിയുടെ വിവിധ പ്രവിശ്യകളിലെ നിത്യദൃശ്യങ്ങളാണ്.


സാംസ്‌കാരിക രംഗത്തും സാഹിത്യ രംഗത്തും ഗൾഫ് മലയാളികളുടെ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്. അബുദാബി മലയാളി സമാജം, ആശാൻ സ്മാരക സമിതി. ബഹ്‌റൈൻ കേരള സമാജം, ഖത്തർ പ്രവാസി തുടങ്ങിയ വിലപ്പെട്ട സാഹിത്യ പുരസ്‌കാരങ്ങൾ ഗൾഫ് മലയാളികളുടെ ഭാഷാ സ്‌നേഹത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. സ്വന്തം ഭാഷയേയും സംസ്‌കാരത്തേയും ഇത്രയേറെ തീവ്രമായ ഗൃഹാതുരത്വത്തോടെ ഓർമിക്കുന്നവർ ഗൾഫ് മലയാളികളെപ്പോലെ മറ്റാരുമുണ്ടാവില്ല. കായിക രംഗത്തെ മലയാളി കൂട്ടായ്മകളേയും ഇവയോടൊപ്പം ചേർത്തു കാണണം. പ്രശസ്തരും അല്ലാത്തവരുമായ ആയിരത്തോളം മലയാളി കളിക്കാരെ അണിനിരത്തി സൗദിയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദയിൽ ഈയിടെ കൊടിയുയർന്ന സൗദി-ഇന്ത്യൻ ഫുട്‌ബോൾ ഫോറം (സിഫ്) നേതൃത്വം നൽകുന്ന, നാലു മാസം നീണ്ടുനിൽക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ്, യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നടന്നു വരുന്ന ഫുട്‌ബോൾ-വോളിബോൾ-ക്രിക്കറ്റ് മൽസരങ്ങൾ എന്നിവയും ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. പല ടൂർണമെന്റുകളിൽ നിന്നും പിരിഞ്ഞുകിട്ടുന്ന ലാഭം നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹികക്ഷേമ സംരംഭങ്ങൾക്കുമാണ് ഓരോ സീസണിലും വിനിയോഗിച്ചു വരുന്നത്. ജിദ്ദയിലെ സിഫ് ഫുട്‌ബോൾ ടൂർണമെന്റ് വിജയകരമായ പതിനെട്ടാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. സംസ്ഥാന-ദേശീയ താരങ്ങളെ കൊണ്ടുവന്നാണ് ഓരോ വർഷവും സെമി-ഫൈനൽ ഘട്ടങ്ങൾ കളിക്കാറുള്ളത്.
മലയാളത്തെ നെഞ്ചേറ്റുന്ന പ്രവാസി, കടൽ കടന്നെത്തുന്നതോടെ മാതൃഭാഷ മറക്കുന്നില്ലെന്ന് മാത്രമല്ല, മാതൃഭാഷാ പോഷണത്തിനായി പലതരത്തിലുള്ള പരിശ്രമങ്ങളും നടത്തിവരികയും ചെയ്യുന്നു. കേരള സർക്കാരിന്റെ മലയാളം മിഷൻ, വിദേശത്തുള്ള മലയാളി കുട്ടികളുടെ നാക്കിൽ മാതൃഭാഷയുടെ ഹരിശ്രീ എഴുതിക്കുന്നു. ഗൾഫിലെ വീഥികളിലെമ്പാടും കണ്ടുവരുന്ന മലയാളത്തിലുള്ള ബോർഡുകളും പരസ്യപ്പലകകളും അതിനു തെളിവാണ്. പരിശുദ്ധ ഹജ്്്് കർമം നടക്കുന്ന മിനായിലെ പുണ്യകേന്ദ്രത്തിൽ പോലും വിദേശ ഭാഷകളോടൊപ്പം മലയാളത്തിലുള്ള സ്ഥിരം ബോർഡുകളും ഇടം പിടിച്ചിരിക്കുന്നു. ഓണം, വിഷു, കേരളപ്പിറവി ആഘോഷങ്ങളിലൊക്കെ കേരളീയ കലകളുടെ കേളികൊട്ടുയരുന്നു. തുള്ളൽക്കളരികളും കഥകളി കേന്ദ്രങ്ങളും ശാസ്ത്രീയ നൃത്ത - സംഗീത ക്ലാസുകളുമൊക്കെ മിക്ക ഗൾഫ് രാജ്യങ്ങളിലും സജീവമായി പ്രവർത്തിക്കുന്നത് പുതിയ പ്രവാസി തലമുറയുടെ മനസ്സിൽ പൂത്തു നിൽക്കുന്ന മലയാൺമയോടുള്ള മമതയ്ക്ക്്് തെളിവാണ്.
കേരളത്തിനു പുറത്ത് കേരളം സൃഷ്ടിച്ചവരാണ് ഗൾഫ് പ്രവാസികൾ. ഗൾഫിൽ മലയാള ഭാഷയും സംസ്‌കാരവും ആകാശത്തോളം ശിരസ്സുയർത്തി നിൽക്കുന്നു. ഗൾഫിന്റെ ഓരോ കോണിലും വാരാന്ത്യ അവധി ദിനങ്ങളിൽ പതിവായി സാഹിത്യ ചർച്ചകളും സാംസ്‌കാരിക സമ്മേളനങ്ങളും ചലച്ചിത്ര പ്രദർശനങ്ങളും കവിയരങ്ങുകളും നാടകങ്ങളും അരങ്ങേറുന്നു. മലയാള നാടിനു വെളിയിൽ മറ്റൊരു മലയാളി സാംസ്‌കാരിക അന്തർലോകം പണിതുയർത്തുന്നു മലയാളി.

Latest News