പീഡനത്തിന് കാരണം സ്ത്രീ പുറത്തിറങ്ങുന്നത്,  ജോലിക്കൊന്നും പോകരുത്-മുകേഷ് ഖന്ന

മുംബൈ-സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണം അവര്‍ തന്നെയാണ് എന്ന്  ബോളിവുഡ് താരം മുകേഷ് ഖന്ന. വിവിധ മേഖലകളില്‍ സ്ത്രീകള്‍ നടത്തിയ മീടൂ വെളിപ്പെടുത്തലുകളുമായി  ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ലൈംഗികാതിക്രമം പോലെയുള്ള സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദികള്‍ സ്ത്രീകളാണെന്നായിരുന്നു താരത്തിന്റെ വിവാദ  പരാമര്‍ശം. ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ഈ  പരാമര്‍ശങ്ങള്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. 
പുരുഷന്മാര്‍ക്കൊപ്പം ജോലിയ്ക്ക് പോകാന്‍ തുടങ്ങിയതോടെയാണ് സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടാന്‍ തുടങ്ങിയതെന്നും വീട് പരിപാലിക്കലാണ്  സ്ത്രീകളുടെ ഉത്തരവാദിത്തമെന്നും  അദ്ദേഹം പറയുന്നു. പുരുഷന്മാരെ പോലെ പുറത്തിറങ്ങി നടക്കാന്‍ ആരംഭിച്ചത് മുതലാണ് മീടൂ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും ഇന്ന് പുരുഷനൊപ്പം നടക്കുന്നതിനെ കുറിച്ചാണ് സ്ത്രീകള്‍ സംസാരിക്കുന്നതെന്നും മുകേഷ് ഖന്ന വീഡിയോയില്‍ പറയുന്നു. ശക്തിമാന്‍ എന്ന ഹിറ്റ് സീരിയലിലൂടെ  ഇന്ത്യ  ഒട്ടാകെ നിരവധി  ആരാധകരെ സ്വന്തമാക്കിയിട്ടുള്ള  വ്യക്തിയാണ് മുകേഷ് ഖന്ന. നേരത്തെ, ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയ്‌ക്കെതിരെ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.
 

Latest News