ഫോട്ടോ ഫിനിഷിലേക്ക് ഐ.പി.എല്‍

ഷാര്‍ജ - രണ്ടും മൂന്നും സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സും ദല്‍ഹി കാപിറ്റല്‍സും നിര്‍ണായക മത്സരങ്ങള്‍ തോറ്റതോടെ ഐ.പി.എല്ലിന്റെ പ്ലേഓഫ് സ്ഥാനനിര്‍ണയം ഫോട്ടോ ഫിനിഷിലേക്ക്. രണ്ടാം സ്ഥാനക്കാരായ ബാംഗ്ലൂരും ഏഴാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ രണ്ടു പോയന്റിന്റെ വ്യത്യാസമേയുള്ളൂ. അവസാന റൗണ്ട് ശേഷിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാത്രമാണ് പുറത്തായത്. 
നിര്‍ണായക പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നിഷ്പ്രയാസം മറികടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്ലില്‍ പ്ലേഓഫ് സാധ്യതയിലേക്ക്. പോയന്റ് പട്ടികയില്‍ ഇപ്പോള്‍ അവര്‍ നാലാം സ്ഥാനത്താണ്. മുന്നിലുള്ള ബാംഗ്ലൂരും ദല്‍ഹി കാപിറ്റല്‍സും തോറ്റത് ഹൈദരാബാദിന് ശുഭവാര്‍ത്തയായി. സാഹചര്യങ്ങള്‍ ഹൈദരാബാദ് ബൗളര്‍മാര്‍ നന്നായി ഉപയോഗിച്ചപ്പോള്‍ ബാംഗ്ലൂരിന് ഏഴിന് 120 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടിയാരംഭിച്ചപ്പോള്‍ ഓപണര്‍ വൃദ്ധിമാന്‍ സാഹ അവര്‍ക്ക് നല്ല അടിത്തറയിട്ടു. പിന്നീട് അല്‍പം പതറിയെങ്കിലും ജെയ്‌സന്‍ ഹോള്‍ഡര്‍ വെടിക്കെട്ട് ഇന്നിംഗ്‌സിലൂടെ കഥ തീര്‍ത്തു. 35 പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിജയവും നെറ്റ് റണ്‍റെയ്റ്റ് നേട്ടവും ഹൈദരാബാദിന് സ്വന്തം. സ്‌കോര്‍: ബാംഗ്ലൂര്‍ ഏഴിന് 120, ഹൈദരാബാദ് 14.1 ഓവറില്‍ അഞ്ചിന് 121.

Latest News