വിവാദങ്ങള്‍ക്ക് അവസാനം, ബെന്‍സീമ ഗോളില്‍ റയല്‍

മഡ്രീഡ് - കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ വിവാദമുണ്ടാക്കിയ കരീം ബെന്‍സീമയുടെ ഇരട്ട ഗോളില്‍ സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രീഡിന് വിജയം. ബെന്‍സീമയും എഡന്‍ ഹസാഡും ഫെഡെ വാല്‍വെര്‍ദെയും നേടിയ ഗോളുകളില്‍ റയല്‍ 4-1 ന് ഹ്യൂയസ്‌കയെ തകര്‍ത്തു. പരിക്കില്‍നിന്ന് കരകയറിയ ഹസാഡിന്റെ ഗോളാണ് റയലിന് ഏറ്റവും സന്തോഷം പകരുക.
ചാമ്പ്യന്‍സ് ലീഗില്‍ മോഞ്ചന്‍ഗ്ലാഡ്ബാക്കിനെതിരായ മത്സരത്തിന്റെ ഇടവേളയില്‍ സഹ താരം ഫെര്‍ലാന്റ് മെന്‍ഡിയോട് ബെന്‍സീമ രഹസ്യം പറഞ്ഞതാണ് മൈക്രോഫോണിലൂടെ പുറം ലോകമറിഞ്ഞത്. സഹ സ്‌ട്രൈക്കര്‍ വിനിഷ്യസ് ജൂനിയര്‍ ടീമിനു വേണ്ടി കളിക്കുന്നില്ലെന്നും അയാള്‍ക്ക് പന്ത് നല്‍കരുതെന്നുമായിരുന്നു ബെന്‍സീമയുടെ നിര്‍ദേശം. അതിനു ശേഷം ഇരുവരും സംസാരിച്ചുവെന്നും പ്രശ്‌നം രമ്യമായി തീര്‍ന്നുവെന്നും കോച്ച് സിനദിന്‍ സിദാന്‍ വ്യക്തമാക്കി. 

Latest News