പത്ത് മാസത്തിനിടെ കുവൈത്ത്  13,000 വിദേശികളെ നാടുകടത്തി

കുവൈത്ത്‌സിറ്റി- കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 10 മാസത്തിനിടെ വിവിധ രാജ്യക്കാരായ 13,000 വിദേശികളെ നാടുകടത്തിയെന്ന് കുവൈത്ത്. രാജ്യത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. 
ഇവരില്‍ 90 ശതമാനവും കുറ്റകൃത്യം, പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കേസുകളിലാണ് നിയമനടപടി നേരിട്ടത്. ഭരണപരമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ശേഷിച്ച 10 ശതമാനം പേരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. നാടുകടത്തിയവര്‍ക്ക് പുറമെ 900 വിദേശ പൗരന്മാര്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കുവൈത്തില്‍ നിന്ന് നാടുകടത്തിയവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. 2019ലും 2018ലും യഥാക്രമം 40,000, 34,000 വിദേശികളെയാണ് നാടുകടത്തല്‍ നടപടി നേരിട്ടത്. നിലവില്‍, കുവൈത്തിലെ 48 ലക്ഷം വരുന്ന ജനസംഖ്യയില്‍ ഏകദേശം 34 ലക്ഷവും വിദേശികളാണ്.

Latest News