കൊല്‍ക്കത്തയുടെ സാധ്യത പാളുന്നു

ദുബായ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ജയിക്കാവുന്ന മത്സരം തോറ്റതോടെ ഐ.പി.എല്ലിന്റെ പ്ലേഓഫിലെത്താനുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മോഹം ഏതാണ്ട് അവസാനിച്ചു. മറ്റു നിരവധി ഫലങ്ങള്‍ അനുകൂലമായാലേ അവര്‍ യോഗ്യത നേടൂ. അവസാന രണ്ടോവറില്‍ 30 റണ്‍സടിച്ച രവീന്ദ്ര ജദേജയും സാം കറണുമാണ് ഇതിനകം പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം സമ്മാനിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേഓഫ് സാധ്യതക്ക് അവര്‍ തുരങ്കം വെച്ചു. അവസാന ഓവറില്‍ 10 റണ്‍സ് പ്രതിരോധിക്കേണ്ട യുവ പെയ്‌സ്ബൗളര്‍ കമലേഷ് നഗര്‍കോട്ടി ആദ്യ നാലു പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ അവസാന രണ്ടു പന്തുകള്‍ ജദേജ സിക്‌സറിലേക്ക് ഉയര്‍ത്തി. സ്‌കോര്‍: കൊല്‍ക്കത്ത അഞ്ചിന് 172, ചെന്നൈ നാലിന് 178.
നേരത്തെ ഓപണര്‍ നിതീഷ് റാണയും അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുത്ത മുന്‍ നായകന്‍ ദിനേശ് കാര്‍ത്തികുമാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അവസാന അഞ്ചോവറില്‍ കൊല്‍ക്കത്ത 66 റണ്‍സ് വാരിക്കൂട്ടി. 
 

Latest News