Sorry, you need to enable JavaScript to visit this website.

സലാം ഫുട്‌ബോള്‍ പ്രകാശനം നാളെ

ദുബായ്- സലാം ഫുട്‌ബോള്‍ പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച വൈകുന്നേരം 4.30 നു പുതിയോട്ടില്‍ സലാമിന്റെ ഗ്രാമമായ ചേന്ദമംഗല്ലൂരിലും സൗദി അറേബ്യ, യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും നടക്കും.

ഗള്‍ഫ് നാടുകളിലെ പ്രകാശനം ഓണ്‍ലൈന്‍ വഴിയായിരിക്കും. കേരള ജൂനിയര്‍ ടീമിലും കര്‍ണാടകക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചു, ഇന്ത്യന്‍ കോച്ചിംഗ് ക്യാമ്പ് വരെ എത്തിയ മധുരകോട്‌സിന്റെ പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന പുതിയോട്ടില്‍ അബ്ദുല്‍ സലാമിനെ സ്മരിച്ച് നാട്ടുകാരും പ്രശസ്തരും എഴുതിയ ഓര്‍മ കുറിപ്പുകളാണ് പുസ്തകത്തില്‍. ജൂലൈ 21 നായിരുന്നു അദ്ദേഹം അന്തരിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.ടി. അബ്ദുറബ്ബ് ആണ് പുസ്തകത്തിന്റെ എഡിറ്റര്‍.


ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായിരുന്ന ഐ.എം. വിജയന്‍, യു. ഷറഫലി, പ്രേംനാഥ് ഫിലിപ്പ്, എന്നിവര്‍ക്ക് പുറമെ കേരള താരങ്ങളായിരുന്ന കുരികേശ് മാത്യു, സക്കീര്‍, ഹബീബ് റഹ്മാന്‍, റിക്കി ബ്രൗണ്‍, കെ. അഷ്‌റഫ് തുടങ്ങി കാല്‍പന്തു ലോകത്തു നിന്ന് ഒരുപാട് പേര്‍ സലാമിനെ സ്മരിക്കുന്നുണ്ട് പുസ്തകത്തില്‍.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരുമായ ഒ. അബ്ദുറഹ്മാന്‍, ഹമീദ് ചേന്നമംഗലൂര്‍, ഒ അബ്ദുല്ല, സി.ടി. അബ്ദുറഹീം, എം.എം. ജാഫര്‍ ഖാന്‍, മലിക് നാലകത്ത്, ഇ.കെ. അബ്ദുല്‍ സലിം തുടങ്ങിയവരുടെയും ലേഖനങ്ങള്‍ ഉണ്ട്.  


സലാമിനൊപ്പം കളിച്ച ചേന്ദമംഗല്ലൂരിലെ പഴയ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ ചേര്‍ന്ന് പുതിയ തലമുറയിലെ പ്രശസ്തനായ കളിക്കാരന്‍ സി.കെ. സിദ്ദിഖിന് നല്‍കിയാണ് പ്രകാശനം കര്‍മം നിര്‍വഹിക്കുക. തുടര്‍ന്ന് പഴയ കളിക്കാരെയും ചേന്ദമംഗല്ലൂരിലെ ക്ലബ്ബുകളെയും ആദരിക്കും. ശേഷം പുസ്തകം വിതരണത്തിനായി ബ്രസീല്‍, ചൈതന്യ, യുനൈറ്റഡ് എഫ്.സി, ഈസ്റ്റ് എഫ്.സി എന്നീ  ക്ലബ്ബുകളെ ഏല്‍പിക്കും. ഹോം സിനിമ താരം ബന്ന ചേന്ദമംഗല്ലൂരാണ് പ്രകാശനകര്‍മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗള്‍ഫില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ശരീഫ് ചിറക്കല്‍, മുഷ്താഖ് ടി.ടി. അജ്മല്‍ ഹാദി, സാലിഹ് ടി, കെ.പി. ഫൈസല്‍, സഫീര്‍ വട്ടക്കണ്ടത്തില്‍, സി.ടി. അമീന്‍, സജിദ് അലി പി.എം, ടി.കെ. ശമീല്‍ എന്നിവരാണ്.


കേരളത്തിലും കര്‍ണാടകയിലും കൂടെ കളിച്ചവരുടെ അനുഭങ്ങള്‍ക്ക് പുറമെ ഒരുകാലത്ത് കേരളത്തില്‍ കാല്‍പന്തുകളിയില്‍ തിളങ്ങി പിന്നെ പ്രവാസം സ്വീകരിച്ചവരുടെ അനുഭവങ്ങളും പുസ്തകത്തില്‍ കടന്നു വരുന്നുണ്ട്. പെന്‍ഡുലം ബുക്ക്‌സ് ആണ് പ്രസാധകര്‍. 1980 കളില്‍ തെന്നിന്ത്യന്‍ മൈതാനങ്ങളില്‍ മുഴങ്ങിക്കേട്ട പേരായിരുന്നെങ്കിലും ഈ വര്‍ഷം  ജൂലൈ മാസത്തില്‍ സലാം മരിക്കുമ്പോള്‍ അയല്‍വാസികള്‍ക്കുപോലും അറിയില്ലായിരുന്നു സലാം അറിയപ്പെട്ട കളിക്കാനായിരുന്നുവെന്ന്. പലര്‍ക്കും അദ്ദേഹം ഗള്‍ഫില്‍നിന്നും മടങ്ങിവന്ന ഒരു സാധാരണ കാല്‍പന്തുകളിക്കാരന്‍ മാത്രമായിരുന്നു. ഇതുപോലെയുള്ള ഒരുപാട് താരങ്ങളുണ്ട്. നമ്മുടെ നാട്ടിലെ ഫുട്ബാള്‍ രംഗം നേരിടുന്ന ഈ വേദനകരമായ യഥാര്‍ഥ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു പുസ്തകമിറക്കാന്‍ ആലോച്ചിതെന്നു കെ.ടി. അബ്ദുറബ്ബ് പറഞ്ഞു.

 

 

Latest News