ദുബായ്- കോവിഡ് വ്യാപനം തടയാനുള്ള സുരക്ഷാനടപടികള്‍ കര്‍ശനമാക്കുമ്പോഴും യു.എ.ഇയില്‍ രോഗവ്യാപനം ഉയര്‍ന്നുതന്നെ. പക്ഷേ, രോഗമുക്തി നിരക്ക് പഴയതിനെ അപേക്ഷിച്ച് ഏറെ വര്‍ധിച്ചിട്ടുണ്ട് എന്നതാണ് ആശ്വാസം. 1400 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 104,673 പേരെ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കിയപ്പോഴാണ് ഇത്രയും കേസുകള്‍ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 129,024 ആയി. 2,189 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മുക്തി നേടിയത്. 124,647 പേര്‍ ഇതിനോടകം രാജ്യത്ത് മഹാമാരിയെ പരാജയപ്പെടുത്തി. മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയതോടെ കോവിഡ് ബാധമൂലം യു.എ.ഇയില്‍ മരിച്ചവരുടെ എണ്ണം 485 ആയി.
കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ഇതുവരെ 127 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗമുക്തി നിരക്ക് കൂടിയതോടെ സജീവ കേസുകളുടെ എണ്ണം 3,892 ആയി കുറഞ്ഞു. എങ്കിലും രണ്ട് ദിവസമൊഴികെ ഈ മാസം ദൈനംദിന കേസുകള്‍ ആയിരത്തിന് മുകളിലായിരുന്നു. കഴിഞ്ഞ 22നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 1,578. രോഗമുക്തി നിരക്കും ഈ മാസം ആയിരത്തിന് മുകളിലാണ്. കഴിഞ്ഞ ഏഴ് ദിവസം മാത്രം, ശരാശരി ഒരുദിവസം 1,413 എന്ന തോതില്‍ 9,892 കേസുകളാണ് കണ്ടെത്തിയത്. ഇക്കാലയളവില്‍ 1,833 എന്ന തോതില്‍ 12,883 പേര്‍ രോഗത്തെ അതിജയിച്ചിട്ടുമുണ്ട്. ബുധനാഴ്ചയെക്കാളും പേര്‍ കോവിഡിനെ അതിജയിച്ചത് കഴിഞ്ഞമാസം ആറിനാണ്. 2,443 പേരാണ് അന്ന് കൊറോണയെ അതിജയിച്ചത്.