അബുദാബി- ഈ നൂറ്റാണ്ട് കണ്ട ഏറ്റവും രൂക്ഷമായ പ്രളയത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സുഡാന് 550 ദശലക്ഷം യു.എസ് ഡോളര്‍ സഹായം പ്രഖ്യാപിച്ച് യു.എ.ഇ അബുദാബി ഡവലപ്മെന്റ് ഫണ്ട് ആണ് സഹായ പാക്കേജ് പ്രഖ്യാപിച്ചത്.
ഫലഭൂയിഷ്ഠമായ പ്രദേശങ്ങളില്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലായതോടെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യം ജനങ്ങളെ തീറ്റിപ്പോറ്റാന്‍ പാടുപെടുകയാണ്. 160,000 വീടുകളെ പ്രളയം തകര്‍ത്തെറിയുകയോ ഗുരുതരമായി നശിപ്പിക്കുകയോ ചെയ്തപ്പോള്‍ ഏതാണ്ട് 860,000 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. നൂറിലേറെ പേര് പ്രളയത്തില്‍ മരണമടഞ്ഞു.
കഴിഞ്ഞമാസം, സുഡാന് ഗവണ്മെന്റ് മൂന്ന് മാസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 560 സ്കൂളുകളുടെയും ആയിരക്കണക്കിന് ആരോഗ്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിലക്കാന് പ്രളയം ബാധിച്ചു.
രാജ്യത്തെ സാമ്പത്തികനില ഭദ്രമാക്കുന്നതിനും ഭക്ഷ്യവിതരണം ശക്തിപ്പെടുത്താനും ആരോഗ്യ, വിദ്യാഭ്യാസ മേഖലക്ക് കരുത്തേകാനുമായിരിക്കും യു.എ.ഇ സഹായം വിനിയോഗിക്കുകയെന്ന് സുഡാന് ഗവണ്മെന്റ് അറിയിച്ചു.
അബുദാബി ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ഈ തുകയില്‍ 250 മില്യണ്‍ ഡോളര്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് സുഡാനിലും 119.8 മില്യണ്‍ ഡോളര്‍ സുഡാന് ഗവണ്മെന്റ് ബജറ്റിലും നിക്ഷേപിച്ചിട്ടുണ്ട്. 144.7 മില്യണ്‍ ഡോളറിന് 490,000 ടണ്‍ ഭക്ഷ്യവസ്തുക്കളും 19.75 മില്യണ്‍ 123 ടണ്ണിന്റെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യും. 10.8 മില്യണ്‍ ഡോളര്‍ ഗോതമ്പ് പാക്കുകള്‍ വാങ്ങാനാണ് വിനിയോഗിക്കുക. ശേഷിച്ച 11.4 മില്യണ്‍ ഡോളര്‍ 400,000 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും ചെലവഴിക്കും.
പ്രളയത്തിന്റെ ആദ്യദിനങ്ങളില്‍തന്നെ യു.എ.ഇ, മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളും അടങ്ങുന്ന അവശ്യവസ്തുക്കള്‍ മൂന്ന് വിമാനങ്ങളിലായി സുഡാനിലെത്തിച്ചിരുന്നു.