വീണ്ടും സോന്‍-കെയ്ന്‍, ഇരുപത്തൊമ്പതാം ഗോള്‍

ബേണ്‍ലി - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ കൂട്ടുകെട്ടായി ഹാരി കെയ്‌നും സോന്‍ ഹ്യുംഗ് മിന്നും വളരുന്നു. കെയ്‌നിന്റെ ഫഌക്ക് ഹെഡ് ചെയ്ത് സോന്‍ ഗോളാക്കിയതോടെ ടോട്ടനം 1-0 ന് ബേണ്‍ലിയെ തോല്‍പിച്ചു. ഇരുവരും തമ്മിലുള്ള ഇരുപത്തൊമ്പതാമത്തെ ഗോളായിരുന്നു ഇത്. ഈ സീസണില്‍ ആറാമത്തെ മത്സരത്തില്‍ ഒമ്പതാമത്തെ ഗോളും. അടുത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് ടോട്ടനം കോച്ച് ജോസെ മൗറിഞ്ഞൊ പറഞ്ഞു. 
ചെല്‍സി ജോഡി ഫ്രാങ്ക് ലംപാഡും ദിദിയര്‍ ദ്രോഗ്ബയുമാണ് ഇതിനെക്കാള്‍ കൂടുതല്‍ ഗോളിനായി ഒരുമിച്ചത്. മുപ്പത്താറെണ്ണം. 
സോനിന് ഗോളവസരമൊരുക്കും മുമ്പ് കെയ്ന്‍ പ്രതിരോധത്തിലും വിലപ്പെട്ട സേവനമര്‍പ്പിച്ചിരുന്നു. ബേണ്‍ലി ഡിഫന്റര്‍ ജെയിംസ് തര്‍കോവ്‌സ്‌കിയുടെ ഷോട്ട് ഗോള്‍ലൈനില്‍ നിന്ന് രക്ഷിച്ചു. ഈ സീസണില്‍ ഒമ്പത് കളികളില്‍ സോന്‍ പത്ത് ഗോളടിച്ചു. ടോട്ടനത്തിന് മൂന്നാമത്തെ എവേ ജയമാണ് ഇത്. എന്നാല്‍ ഹോം മത്സരങ്ങളില്‍ അവരുടെ പ്രകടനം മോശമാണ്. രണ്ടു മത്സരങ്ങളില്‍ അവര്‍ ഇഞ്ചുറി ടൈമില്‍ ജയം കൈവിട്ടു. 

Latest News