മസ്‌കത്ത്- ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി മൂര്‍ക്കനാട് പറപ്പളത്ത് വീട്ടില്‍ കുഞ്ഞുണ്ണീന്‍ മകന്‍ മുഹമ്മദലി മുസ്‌ലിയാര്‍ (ബാപ്പുട്ടി-55) ആണ് മരിച്ചത്. റുസ്താഖ് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിയവേയാണ് മരണം.
15 ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബര്‍കയിലെ ബില്‍ഡിംഗ് മെറ്റീരിയല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുഹമ്മദലി മുസ്‌ലിയാര്‍ 15 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. ഭാര്യ: ഹഫ്‌സ. അഞ്ച് മക്കളുണ്ട്. മൃതദേഹം മസ്‌കത്തിലെ അമീറാത്തില്‍ ഖബറടക്കും.
രാജ്യത്ത് 1095 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 112,932 ആയി ഉയര്‍ന്നു. 27 പേര്‍കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് മരണം 1174 ആയി. 72 മണിക്കൂറിനിടെ 1329 രോഗികള്‍ക്ക് കൂടി കോവിഡ് മുക്തരായി. ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 99,278 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് നിരക്ക് 87.9 ശതമാനമായി. 24 മണിക്കൂറിനിടെ 44 പുതിയ രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 473 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇവരില്‍ 193 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.