വെയിൽ കടുത്ത ഒരുച്ചയിലാണ് ചെറുപ്പക്കാരൻ പാളത്തിലൂടെ നടന്ന് വരുന്നത് വൃദ്ധൻ കണ്ടത്. വൃദ്ധനെ കണ്ടതും ചെറുപ്പക്കാരനുറക്കെ പറയാൻ തുടങ്ങി.
'ജീവിതത്തിൽ നിന്നൊരു റിട്ടയർമെന്റാകാമെന്ന് കരുതി ഇറങ്ങിയതാണ്.'
ശരിയാണ്. ചെറുപ്പക്കാരന്റെ മുഖത്ത് വ്യസനങ്ങളുടെ വിരൽപ്പാടുകൾ വ്യക്ത
മായുണ്ട്. കൂടെ കൂട്ടിയവളും പിറന്നതുമൊക്കെ
പിഴയായിരുന്നു.'
'ദൈവം തന്ന വൻ ശിക്ഷ.....' ഇത്തരം ദുരിതങ്ങളുടെ നരകങ്ങൾ ഇന്നേത് ജീവിതത്തിലാണല്ലേ ഇല്ലാത്തത്. ചിലരത് മൂടി വെക്കുന്നു. ചിലരത്
വെളിവാക്കുന്നുവെന്നും വൃദ്ധൻ പറയുമ്പോൾ രോഷത്തിന്റെ പാരമ്യത്തിലായി
രുന്ന ചെറുപ്പക്കാരൻ പറഞ്ഞു: മുറിവേറ്റവനല്ലേ അതിന്റെ ദെണ്ണമറി
യൂ.....'
പാളത്തിന്നോരത്തുള്ള മരച്ചുവട്ടിലിരുന്ന് പത്രം വായിക്കാൻ വന്നതാണ് വൃദ്ധൻ.'
അടുത്തിടെ ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ശീലമാണ്. ഫ്‌ളാസ്‌ക്കിൽ കടും ചായയും വൃദ്ധൻ കൂടെ കൊണ്ടുവരും. കടുംചായ കൂടെ കൂടെ കുടിക്കുമെന്നൊ
ഴിച്ചാൽ മറ്റു ദുശ്ശീലങ്ങളൊന്നും വൃദ്ധനില്ല.
ഇളംപ്രായത്തിലേ ഭാര്യയെ ദൈവം തിരികെ വിളിച്ചു. ജീവിച്ചു കൊതി തീരും മുൻപേയായിരുന്നു അത്. എന്ത് സ്‌നേഹമായിരുന്നു ഭാര്യയ്ക്ക്.
ഒരു മകൾ മാത്രമേ വൃദ്ധനുള്ളൂ. അവളാണെങ്കിൽ വിവാഹമോചിതയും......
മകളുടെ കൂടെ ക്വാർട്ടേഴ്‌സിലാണ് വൃദ്ധൻ പാർക്കുന്നത്. മകൾക്കാണെങ്കിൽ മക്കളുമില്ല.
കടുംചായ ഗ്ലാസ്സിൽ പകർന്ന് വൃദ്ധൻ ചെറുപ്പക്കാരനു നേരെ നീട്ടിയെങ്കിലും
അയാളത് വാങ്ങിയില്ല. 'ഞാൻ പാലു ചേർത്ത ചായയേ കുടിക്കൂ....'
വൃദ്ധൻ വീണ്ടും വെയിലിനെ ശ്രദ്ധിച്ചിരുന്നു. 'അവിവേകമൊന്നും കാട്ടരുത്.....'
വൃദ്ധൻ വിനയം ഒഴിയാത്ത ശബ്ദത്തിൽ പറഞ്ഞു. ചെറുപ്പക്കാരൻ സമ്മതമെന്ന മട്ടിൽ തലയാട്ടി പാളത്തിലൂടെ തന്നെ നടന്നു. അപ്പോഴവന്റെ മുഖത്ത് വീണ്ടുവിചാര ത്തിന്റേതായൊരു പ്രസന്നത പ്രത്യക്ഷമായിരുന്നു.
ചെറുപ്പക്കാരൻ വൃദ്ധന്റെ കൺമുന്നിൽ നിന്ന് മറഞ്ഞ ശേഷമാണൊരു തീവണ്ടി
ഭൂമിയെ പിളർക്കും മട്ടിൽ പാളത്തിലൂടെ കടന്നു പോയത്. ആ തീവണ്ടിയ്‌ക്കൊരു ഘാതകന്റെ മുഖവും മനസ്സുമാണുള്ളതെന്ന് വൃദ്ധൻ തിരിച്ചറിയുമ്പോഴേക്കും ചെറുപ്പക്കാരന്റെ ജീവനു മേലെക്കൂടി ആ തീവണ്ടി കടന്നുപോയിരുന്നു.






