അനുഭവം / മരുഭൂമിയിലെ കിളി

ഫെബ്രുവരി മാസം ഇരുപത്തിയഞ്ചാം തീയതി രാവിലെ ദുബായ് എയർപോർട്ടിലെ ഗൾഫ് എയർ കൗണ്ടറിന്റെ മുന്നിൽ എത്തിയപ്പോൾ കൗണ്ടറിന്റെ വാതിൽ അടഞ്ഞു കിടക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.

അടഞ്ഞ വാതിലിന്റെ മുന്നിൽ ഒരു കൂട്ടം ആളുകൾ ബഹളം വെക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബഹ്‌റൈനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ചിരിക്കുന്ന കാര്യം ഗൾഫ് എയർ അധികാരികൾ പറഞ്ഞു.
അങ്ങനെ അടഞ്ഞു കിടക്കുന്ന ഒരു വാതിലിന്റെ രൂപത്തിൽ കൊറോണ എന്റെ ജീവിതത്തിൽ കടന്നുവന്നു. പിന്നീടങ്ങോട്ട് അടഞ്ഞു കിടക്കുന്ന വാതിലുകളുടെ എണ്ണം കൂടി വന്നു. ബാങ്കുകളുടെ, റസ്റ്റോറന്റുകളുടെ, എന്തിനേറെ പള്ളി വാതിലുകൾ പോലും അടഞ്ഞു കിടന്നു.


അന്ന് രാത്രി അബുദാബിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള ഇത്തിഹാദ് വിമാനത്തിൽ ഇരിക്കുന്ന നേരം ഇനി അടുത്ത ഒരു കാലം വരെ യാത്ര ചെയ്യാൻ പറ്റാതെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല.
മാർച്ച് മാസം അവസാനത്തോടെ ബഹ്‌റൈനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് രോഗത്തിന്റെ ഭീകരത ശരിക്കും മനസ്സിലായത്. സൂപ്പർ മാർക്കറ്റുകളും, ഫാർമസികളും ഒഴിച്ചു ബാക്കിയുള്ള കടകൾ എല്ലാം അടഞ്ഞു കിടന്നു.

ഗൾഫ് യുദ്ധം നടന്നിരുന്ന സമയത്ത് പോലും തുറന്നിട്ട ബാബ് അൽ ബഹ്‌റൈൻ സൂഖ് അടഞ്ഞപ്പോൾ ജീവിത സാമഗ്രികൾ വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മാർച്ച് മാസം ഇരുപത്തിയഞ്ചാം തീയതി ഞാൻ എന്റെ തടവറ താഴിട്ടു പൂട്ടി. സ്വപ്‌നങ്ങൾ നഷ്ടപ്പെട്ട തടവറയിൽ ഞങ്ങൾ മൂന്ന് പേർ മാത്രം.
പിന്നീട് വീട്ടിൽ ഇരുന്നായി ജോലി. ആരും കടന്നുവരാത്ത വീട് ശരിക്കും ഒരു തടവറയായി മാറി. തടവറ ക്ലാസ് മുറിയായി. കാലത്ത് കിടക്കയിൽ നിന്ന് നേരിട്ട് കമ്പ്യൂട്ടറിന്റെ മുന്നിലെത്തി മോണിറ്ററിൽ നോക്കി മിഴിച്ചു നിൽക്കുന്ന മകൻ, യൂനിഫോം വേണ്ട, ടൈയില്ല, സോക്‌സില്ല, ഷൂസും വേണ്ട.


കടയിൽ പോകാതെ ഭർത്താവ്, സ്‌കൂളിൽ പോകാതെ മകൻ, താളം തെറ്റിയ തടവറ ജീവിതത്തിൽ അന്തംവിട്ട് നിൽക്കുന്ന ഭാര്യ. വെള്ളിയാഴ്ചകളിൽ സ്ഥിരമായി എത്താറുള്ള മകളേയും കുട്ടികളേയും ഓർത്ത് നെടുവീർപ്പിട്ടു. ഭയം കാരണം ആരും എവിടെയും പോകാത്ത അവസ്ഥയിൽ വീഡിയോ കോളിംഗിൽ ആശ്വാസം കണ്ടെത്തി സായൂജ്യം നേടി.
വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ നടത്തിയിരുന്ന ഉല്ലാസ യാത്രകൾ, ഫുഡ് കോർട്ടിലെ ഭക്ഷണം, അൽ ഹമ്‌റ തിയേറ്ററിൽ ഒരു സിനിമ, ഇവയെല്ലാം തന്നെ ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ചു. വിഷുവിന് കച്ചവടം ചെയ്യാൻ ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന കസവ് സാരികളും, കസവ് മുണ്ടും കെട്ട് പോലും പൊട്ടിക്കാതെ എന്റെ കടയിൽ കിടന്ന് വീർപ്പുമുട്ടി. ഇനി ഒരു വിഷു അടുത്ത വർഷം, അത് വരെ കാത്തിരിക്കണം. പക്ഷേ വിഷു ഒരു സൂചന മാത്രമായിരുന്നു. ഈസ്റ്ററും റമദാൻ പെരുന്നാളും നഷ്ടത്തിന്റെ ഓർമകൾ മാത്രമായി ചുരുങ്ങി.


മുഖംമൂടി അണിഞ്ഞ് നടക്കുന്ന മനുഷ്യർ, പരസ്പരം വേണ്ടാത്ത ജീവികളായി മാറി. ആരും ആരെയും കാണുന്നില്ല, കാണാൻ ആഗ്രഹിക്കുന്നുമില്ല. എല്ലാവരും വാതിൽ അടച്ചിരിക്കുന്നു. ആരും തേടി വരാൻ പാടില്ല എന്ന അടയാളം മുഖത്ത് അണിഞ്ഞ് നടക്കുന്നു.
അതിരുകൾ ഇല്ലാത്ത മരുഭൂമിയുടെ അറ്റത്താണ് എന്റെ വീട്. ഈന്തപ്പനകളോ, ഒട്ടകങ്ങളോ ഇല്ലാത്ത നരുന്തു പുല്ലുകൾ മാത്രമുള്ള ഒരു ഇടം. ഈ മരുഭൂമിയ്ക്ക് ഇപ്പോൾ സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നുന്നു. മുമ്പ് ഇല്ലാത്ത വിധം അവൾ വശ്യമായി മന്ദഹസിക്കുന്നു. വന്യത കൈവെടിഞ്ഞ് അവൾ മനോഹരിയായിരിക്കുന്നു. തടവറയിൽ നിന്ന് തുറക്കുന്ന ജാലക വാതിലിലൂടെയുള്ള ഈ കാഴ്ചകളാണ് ഇപ്പോൾ എനിക്ക് ആശ്വാസം തരുന്നത്.


ഇവിടെ മരുഭൂമിയിൽ അലഞ്ഞു നടക്കുന്ന പട്ടികൾ, വീടുകളുടെ മതിൽകെട്ടിന് പുറത്തു വിശ്രമിക്കുന്ന അറബി പൂച്ചകൾ, ചില നേരങ്ങളിൽ വരുന്ന കുതിരകൾ എന്നിവ മാത്രമാണ് മൂടുപടം അണിയാതെ നടക്കുന്നത്. വീടിന് മുന്നിലെ വിളക്കുകാലിൽ ഇരിക്കുന്ന കിളി എന്നെത്തന്നെ നോക്കി ഇരിക്കുന്നു. ഇപ്പോൾ നീ കൂട്ടിലും ഞാൻ പുറത്തും എന്ന മട്ടിലുള്ള നോട്ടം നേരിടാനാവാതെ ഞാൻ തല താഴ്ത്തിയിരുന്നു.
അബുദാബി എയർപോർട്ടിൽ വിമാനം കാത്ത് മണിക്കൂറുകളോളം വിരസതയോടെ ഇരുന്നപ്പോൾ, ഇനി വരാൻ പോകുന്ന ദിനങ്ങൾ ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
 

Latest News