ആരവവും ആവേശവുമില്ലാതെ റയല്‍-ബാഴ്‌സ

ബാഴ്‌സലോണ - ആളൊഴിഞ്ഞ, ആരവമില്ലാത്ത നൗകാമ്പില്‍ സീസണിലെ ആദ്യ എല്‍ക്ലാസിക്കോ തുടങ്ങുന്നു. വര്‍ഷങ്ങളായി മുടങ്ങാതെ ക്ലാസിക്കോക്ക് സാക്ഷിയാവുന്ന പതിനായിരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത മത്സരമാണ്  സ്പാനിഷ് ലീഗില്‍ അരങ്ങേറുക. ആഗോള ഫുട്‌ബോളിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമാണ എല്‍ക്ലാസിക്കൊ. ഒരു ലക്ഷത്തോളം പേരെങ്കിലും സാധാരണ ഈ മത്സരം വീക്ഷിക്കാന്‍ നൗകാമ്പിലുണ്ടാവും. ഇത്തവണ പക്ഷെ ഗാലറി മാത്രമല്ല, കൊറോണ കാരണം തെരുവുകളും ശൂന്യമാണ്. ആരാധകരുടെ മനസ്സും ശൂന്യമാണ്.
ബാഴ്‌സലോണയുടെ ആരാധകരുടെ സംഘടനയായ ബെര്‍ട്രാന്റെ പ്രസിഡന്റ് പേന ആന്‍ഗ്വേര 48 വര്‍ഷമായി ഒരു ക്ലാസിക്കോയും ഒഴിവാക്കിയി്ട്ടില്ല. ഇന്ന് തനിക്ക് ദുഃഖ ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. 
ഭൂരിഭാഗം ആരാധകരും കൊറോണ ലോക്ഡൗണിനു ശേഷം കളിക്കളങ്ങളില്‍ കാലു കുത്തിയിട്ടില്ല. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ കാണികളെ പരിമിതമായ തോതില്‍ അനുവദിച്ചെങ്കിലും സ്‌പെയിനില്‍ ഗാലറികള്‍ ഇപ്പോഴും ശൂന്യമാണ്. കോവിഡിന് വാക്‌സിന്‍ വികസിപ്പിക്കുന്നതു വരെ കാണികളെ അനുവദിക്കാനാവില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹവിയര്‍ തേബാസ് പറഞ്ഞു. 
ആരാധകര്‍ക്ക് തെരുവുകളില്‍ പോലും ഒരുമിച്ചിരുന്ന് കളി കാണാന്‍ അനുവാദമില്ല. ബാഴ്‌സലോണയില്‍ അതിവേഗം രോഗം പടരുകയാണ്.
ഏഷ്യയിലെ കാണികളെ ലക്ഷ്യമിട്ട ബാഴ്‌സലോണ സമയം ഉച്ചക്കാണ് ഇത്തവണ മത്സരം നടത്തുത്. നൗകാമ്പ് സ്റ്റേഡിയം ബാഴ്‌സലോണ നഗരത്തില്‍ നിന്ന് ഏറെ ഉള്‍പ്രദേശത്താണ്. സ്റ്റേഡിയത്തിന് പുറത്തുള്ള ബാറുകളും റെസ്റ്ററന്റുകളും പാഴ്‌സലുകള്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. ടൂറിസ്റ്റുകള്‍ ഇല്ലാതായതോടെ സുവനീര്‍ ഷോപ്പുകളും അടച്ചിരിക്കുകയാണ്. സാധാരണഗതിയില്‍ ലിയണല്‍ മെസ്സിയുടെ പേരുള്ള എന്തും ചൂടപ്പം പോലെ ഇവിടെ വിറ്റഴിയും. 

Latest News