കൊച്ചു ചാക്കോച്ചനില്‍ നിന്നും കുഞ്ചാക്കോച്ചനിലേക്കുള്ള ചാക്കോച്ചന്റെ ചിത്രം വൈറല്‍

ആലപ്പുഴ-മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനു മുകളിലായി മലയാള സിനിമയുടെ നിറസാന്നിധ്യമാണ് ചാക്കോച്ചന്‍. കുറച്ചുകാലം മലയാള സിനിമയില്‍ നിന്നും മാറി ബിസിനസ്സില്‍ ശ്രദ്ധ നല്‍കിയ ചാക്കോച്ചനെ മറക്കാന്‍ പക്ഷേ മലയാള സിനിമ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ചാക്കോച്ചന്റെ രണ്ടാമത്തെ വരവിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. അതിനു ശേഷം പിന്നീട് മലയാള സിനിമയില്‍ ഒരു ഗ്യാരണ്ടിയുള്ള താരമായി ചാക്കോച്ചന്‍ ഉയര്‍ന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ ചാക്കോച്ചന്റെ മൂന്ന് പ്രായത്തില്‍ ഉള്ള ഒരു ചിത്രം വരച്ച് സമ്മാനമായി നല്‍കിയിരിക്കുകയാണ്.
ചാക്കോച്ചന്‍ തന്നെയാണ് മനോഹരമായ ചിത്രം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മുസു എന്ന കലാകാരനാണ് ചിത്രം വരച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം കൊച്ചു ചാക്കോച്ചനില്‍ നിന്നും കുഞ്ചാക്കോച്ചനിലേക്ക് എന്ന രസകരമായ വാക്കുകളും ചേര്‍ത്തിട്ടുണ്ട് .
അതേസമയം ചാക്കോച്ചന്‍ നായകനായെത്തുന്ന നിഴല്‍ എന്ന ചിത്രം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ചിരുന്നു. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ ചാക്കോച്ചന് നായികയായെത്തുന്നത്. നവാഗതനായ അപ്പു ഭട്ടത്തിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

Latest News