ദുബായ്- ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് പാത സജ്ജമാകുന്നു. എമിറേറ്റ്സ് എയര്‍ലൈന്‍ ആണ് ചെക്ക് ഇന്‍ മുതല്‍ യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതുവരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായകമായ ബയോമെട്രിക് പാത ഒരുക്കിയിരിക്കുന്നത്.
കണ്ണും മുഖവും തിരിച്ചറിയാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന സ്മാര്‍ട്ട് ട്രാക്കിലൂടെ നടക്കുന്ന യാത്രക്കാര്‍ അപ്പുറം എത്തുമ്പോഴേക്കും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. പാസ്പോര്‍ട്ടോ എമിറേറ്റ്സ് ഐഡിയോ മെഷീനില്‍ വെക്കേണ്ട ആവശ്യകത ഇവിടെയുണ്ടാവില്ല. ഡോക്യുമെന്റ് പരിശോധനകളുടെ നടപടിക്രമങ്ങളും ദീര്‍ഘമായ ക്യൂവും ബയോമെട്രിക് പാതയില്‍ ഒഴിവാകും.
ശുചിത്വപൂര്‍ണവും സമ്പര്‍ക്കരഹിതവുമായ യാത്ര ഉറപ്പ് വരുത്തുന്ന വിവിധ ടച്ച്പോയിന്റുകളുണ്ടെന്നതാണ് ബയോമെട്രിക് പാതയുടെ മറ്റൊരു സവിശേഷത. യാത്രക്കാര്‍ തമ്മിലുള്ള ഇടപെടല്‍ കുറക്കാനും ആരോഗ്യ സുരക്ഷക്കും പ്രാധാന്യം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് എമിറേറ്റ്സ് എയര്‍ലൈന്‍ ഈ അത്യാധുനിക സൗകര്യമൊരുക്കുന്നത്.
എമിറേറ്റുകളിലെ യാത്ര ഏറ്റവും സുഖപ്രദമാണെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ അവതരിപ്പിച്ച നിരവധി സംരംഭങ്ങളില്‍ ഏറ്റവും പുതിയതാണ് കോണ്ടാക്റ്റ്ലെസ് ബയോമെട്രിക് പാതയെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആദില്‍ അല്‍ റദ്ഹ പറഞ്ഞു.
യു.എസ് കസ്റ്റംസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) യില്‍ നിന്ന് ബയോമെട്രിക് ബോര്‍ഡിംഗിന് അനുമതി ലഭിച്ച അമേരിക്കക്ക് പുറത്തുള്ള ആദ്യ വിമാന കമ്പനിയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്.






