ദുബായ്- യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നുതന്നെ. പുതുതായി 1,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 21, 17 തിയതികളില്‍ 1538 കേസുകള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 120,710 ആയി ഉയര്‍ന്നു.
1,704 പേര്‍ക്ക് രോഗമുക്തി നേടുകയും ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 6,872 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 120,351 പേരെ പി.സി.ആര്‍ പരിശോധനക്ക് വിധേയരാക്കിയെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ ഇതുവരെ 12.1 ദശലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയത്. കോവിഡ് കേസുകള്‍ ദിനേന വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നു മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആറ് മുതല്‍ രാജ്യത്ത് ആയിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് പ്രതിരോധത്തിനായി ചൈനയും റഷ്യയും വികസിപ്പിച്ചെടുത്ത വാക്‌സിനുകളും രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വാക്‌സിനെ മാത്രം ആശ്രയിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, അഞ്ച് രാജ്യങ്ങളില്‍നിന്ന് വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് പ്രവേശന ചട്ടങ്ങള്‍ കര്‍ശനമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഗവണ്‍മെന്റ് വൃത്തങ്ങള്‍ നിഷേധിച്ചു. ഒക്ടോബര്‍ 13 മുതല്‍ ദുബായിലേക്ക് പ്രവേശനം നിഷേധിച്ച ടൂറിസ്റ്റ് വിസക്കാരില്‍ ഭൂരിഭാഗവും ഡമ്മി റിട്ടേണ്‍ വിമാന ടിക്കറ്റുകളുമായി എത്തിയ തൊഴിലന്വേഷകരാണെന്നു അധികൃതര്‍ വ്യക്തമാക്കി.