Sorry, you need to enable JavaScript to visit this website.

ചരിത്രം അടയാളപ്പെടുത്തും 'നീറ്റാ'യി നേടിയ ഈ വിജയം

ഫിനിഷിങ് പോയന്റിലെ വര കടന്ന് കിതപ്പോടെ തിരിഞ്ഞു നോക്കുമ്പോൾ കൂടെയുള്ളവരിൽ നിന്നും എത്ര മുന്നിലായാണ് താൻ ഓടിയെത്തിയത് എന്നറിയുന്നതിന്റെ ഒരാഹ്ലാദമുണ്ട്. അതൊരു ചരിത്ര റെക്കോർഡ് കൂടിയാവുമ്പോൾ പ്രത്യേകിച്ചും. 
NEET (NATIONAL ELIGI-BILITY CUM ENTRANCE TEST) ൽ പന്ത്രണ്ടാം സ്ഥാനവും കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്കുകാരിയും ഒ.ബി.സി വിഭാഗത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനവും നേടിയ ആയിഷയെ കുറിച്ചാണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 720 മർക്കിൽ 710 ഉം നേടി ഒരു വിദ്യാർഥി ഇങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടുന്നത്. അതും അര നൂറ്റാണ്ട് മുമ്പ് വരെ വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന ഒരു സമൂഹത്തിൽ നിന്നുള്ള പെൺകുട്ടി. നിറഞ്ഞ ചിരിയോടെ ഹൃദയത്തിൽ തൊട്ട് അവൾ 'അൽഹംദുലില്ലാഹ്' എന്ന് പറയുമ്പോൾ ഒരുപാട് മനുഷ്യരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ട്. 
ഭൗതിക വിദ്യാഭ്യാസത്തിൽ ഏറെ പിന്നോക്കമായിരുന്ന കേരളത്തിലെ മുസ്‌ലിം സമുദായം, ഈ സമുദായത്തെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ ജീവിത കാലം മുഴുവൻ പരിശ്രമിച്ച മണ്മറഞ്ഞ കുറെ മഹാരഥന്മാർ, അതിനായുള്ള സൗകര്യങ്ങൾ ഒരുക്കി പഠന രംഗത്ത് അവരെ ഉയർത്തിക്കൊണ്ടുവന്ന ഒരുപാട് പരിശ്രമ ശാലികൾ, ആയിഷയുടെ ബാപ്പ ഉൾപ്പെടുന്ന ഗൾഫ് പ്രവാസി സമൂഹം, മക്കളുടെ പഠനത്തിന്റെ പിന്നിലെ അറിയപ്പെടാത്ത ചാലക ശക്തികളായ ഗൾഫ് പ്രവാസികളുടെ ജീവിത പങ്കാളികൾ, ഇത്രയേറെ മിടുക്കന്മാരെയും മിടുക്കികളെയും വാർത്തെടുക്കാൻ മാത്രം വളർന്നു കഴിഞ്ഞ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർ ഉൾപ്പെടെയുള്ള ധിഷണാശാലികൾ ഇവരൊക്കെയും ഈ വിജയത്തിന്റെ ആഹ്ലാദം അനുഭവിക്കുന്നുണ്ട്. മലയാളികൾക്കൊട്ടാകെ അഭിമാനമായ വിജയം. 
പരിശ്രമിച്ചാൽ സാധിക്കാത്തതല്ല ഈ ഒരു നേട്ടം എന്ന് തന്റെ ഇഛാശക്തിയും കഠിനാധ്വാനവും കൊണ്ട് തെളിയിച്ച ആയിഷയുടെ സ്ഥിരോത്സാഹം നിറഞ്ഞ മനസ്സിനാണ് ആദ്യ കൈയടി. കഴിഞ്ഞ വർഷം, പ്ലസ് ടു കഴിഞ്ഞ ഉടനെ ആയിഷ നീറ്റ് പരീക്ഷ എഴുതിയപ്പോൾ 15,429 ആയിരുന്നു സ്ഥാനം. ആദ്യത്തെ നൂറു റാങ്കിലെങ്കിലും എത്തണം എന്ന ആയിഷയുടെ ആഗ്രഹം മൂലമാണ് ഒരു വർഷത്തെ പ്രയത്‌നം കൊണ്ട് 720 ൽ 710 മാർക്ക് വാങ്ങി ഇന്ത്യയിലെ പന്ത്രണ്ടാം റാങ്കുകാരി ആയി ഉയരാൻ സാധിച്ചത്. കോഴിക്കോട് റെയ്‌സിലെ കോച്ചിങ് അവൾക്കത് കുറേക്കൂടി എളുപ്പമാക്കി. 


ഇത്തരം പരീക്ഷകളിൽ ഉയർന്ന സ്ഥാനത്തെത്തുന്ന കുട്ടികളെ കുറിച്ചുള്ള പൊതുവെയുള്ള ധാരണ ഉയർന്ന പ്രൊഫഷനുകളിൽ ഉള്ള മാതാപിതാക്കളുടെ മക്കളായിരിക്കുമെന്നും അവർ 'ഇടവും വലവും' നിന്ന് പഠിപ്പിക്കുന്നതുകൊണ്ടാണ് കുട്ടികൾക്ക് ഇത്ര വലിയ മാർക്ക് നേടാൻ സാധിക്കുന്നത് എന്നുമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ഉയർന്ന വിജയമൊന്നും സാധാരണക്കാർക്ക് പ്രാപ്യമല്ല എന്ന മുൻവിധിയാണ് ഈ മികച്ച നേട്ടത്തിലൂടെ ആയിഷ തകർത്തു കളഞ്ഞത്. 
കൊയിലാണ്ടി കൊല്ലത്തെ 'ഷാജി' വീട്ടിൽ, സലാലയിൽ ജോലി ചെയ്യുന്ന എ.പി. അബ്ദുൽ റസാഖിന്റെയും വി.പി ഷമീനയുടെയും രണ്ടാമത്തെ പുത്രിയായ ആയിഷയുടെ ഈ വിജയത്തിൽ മാതാപിതാക്കളുടെ എല്ലാ പിന്തുണയും ഉണ്ടെങ്കിലും അവരുടെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും നിർബന്ധമോ അടിച്ചേൽപിക്കലോ അല്ല, മറിച്ച് സ്വന്തം ഉത്സാഹവും താൽപര്യവും തന്നെയാണ് ഈ പഠന മികവിന് കാരണം. 
അങ്ങനെ ഒരു ലക്ഷ്യബോധവും അതിലേക്കെത്താനുള്ള നിശ്ചയദാർഢ്യവും അതിനായുള്ള പരിശ്രമവും എളുപ്പമല്ല. ടെലിവിഷനും ഇന്റർനെറ്റുമൊക്കെ പാടെ ഒഴിവാക്കി ഉറ്റ ബന്ധുക്കളുടെ പോലും വിവാഹങ്ങളും സൽക്കാരങ്ങളുമൊക്കെ വേണ്ടെന്നു വെച്ച് പുലർച്ചെ നാലു മണിക്ക് മുമ്പേ എഴുന്നേറ്റ് നിത്യം 12 മുതൽ 15 മണിക്കൂർ വരെ പഠനത്തിനായി നീക്കിവെച്ചു നേടിയ നേട്ടമാണ്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും തന്റെ ലക്ഷ്യത്തിന് വിഘാതമാവും എന്ന ചിന്തയിൽ സ്വയം ഉണ്ടാക്കിയ ഈ ചിട്ട തന്നെയാണ് ഈ വർഷം നീറ്റ് പരീക്ഷ എഴുതിയ പതിനഞ്ചു ലക്ഷത്തോളം വിദ്യാർഥികളിൽ നിന്ന് പന്ത്രണ്ടാം സ്ഥാനത്തെത്താൻ ആയിഷയെ പ്രാപ്തയാക്കിയത്. എല്ലാ സൗകര്യങ്ങളും ബുദ്ധിയും സാമർഥ്യവും ഉണ്ടായിട്ടും അലസതയും മടിയും കൊണ്ട് പഠനകാലമെന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കാലഘട്ടം ഒന്നുമല്ലാതായിക്കളയുന്ന കുട്ടികൾക്ക്, ജീവിതത്തിൽ ഉയരാൻ ആഗ്രഹമുണ്ടെങ്കിൽ മാതൃകയാകാൻ പോന്നതാണ് ആയിഷയുടെ രീതികൾ. അവനവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏറ്റവും ഉയരങ്ങളിൽ തന്നെ എത്താനാകുമെന്ന സന്ദേശമാണ് ആയിഷ നൽകുന്നത്. മൂത്ത സഹോദരനായ എൻജിനീയറിംഗ് വിദ്യാർത്ഥി അഷ്ഫാഖ് ആയിഷക്ക് പഠന കാര്യങ്ങളിൽ മാതൃകയാണ്. അനുജത്തി പ്ലസ് ടു വിദ്യാർത്ഥിനി ആയ ആലീമ മറിയവും പഠനത്തിൽ മിടുക്കിയാണ്. ഒരാളെ കൂടെ പറയാതെ ഈ കുടുംബത്തെ പരിചയപ്പെടുത്തിയത് പൂർണമാവില്ല. ചന്ദ്രിക വായനക്കാർക്ക് സുപരിചിതനായ എസ്. കൂട്ടുമുഖം എന്ന സിദ്ദീഖ് കൂട്ടുമുഖത്തിന്റെ പേരക്കുട്ടിയാണ് ആയിഷ. കുവൈത്തിലെ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും കെ.എം.സി.സിയുടെ മുഖ്യ രക്ഷാധികാരിയും പ്രവാസത്തിൽ നിന്ന് തിരിച്ചു വന്ന ശേഷവും നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഉപ്പാപ്പയുടെ സ്വാധീനം ആയിഷയുടെ സ്ഥിരോത്സാഹത്തിന് പ്രചോദനമാണ്. 
ഇത്രയും ഉയർന്ന വിജയത്തിലേക്ക് നീറ്റിന്റെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥി എത്തുമ്പോൾ അഭിമാനകരമായ മറ്റൊരു കാര്യം ആയിഷ പ്ലസ് ടു വരെ പഠിച്ചത് പൊതുവിദ്യാലയത്തിൽ ആണ് എന്നതാണ്. ഒന്ന് മുതൽ ഏഴു വരെ കാപ്പാട് ഇലാഹിയ സ്‌കൂളിലും പത്താം ക്ലാസ് വരെ തിരുവങ്ങൂർ ഹൈസ്‌കൂളിലും പ്ലസ് ടു വരെ കൊയിലാണ്ടി ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലും പഠിച്ച ആയിഷയുടെ ഈ തിളക്കമാർന്ന വിജയം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വിജയം കൂടിയാണ്. സി.ബി.എസ്.ഇ പോലെ ഇതര സിലബസുകൾ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ വൻ നഗരങ്ങളിൽ നിന്നുള്ള വമ്പൻ സ്‌കൂളുകളിൽ പഠിച്ച വിദ്യാർഥികളടക്കം എഴുതിയ പരീക്ഷയിൽ നമ്മുടെ സംസ്ഥാനത്തു നിന്നുള്ള ഒരു കുട്ടി പന്ത്രണ്ടാം സ്ഥാനം കരസ്ഥമാക്കുമ്പോൾ നമ്മുടെ പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ മാറ്റങ്ങൾ തന്നെയാണ് കാണിക്കുന്നത്. 
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എല്ലാ രംഗത്തും മുന്നേറിയതിൽ ഗൾഫ് പ്രവാസികളുടെ പങ്ക് പ്രധാനപ്പെട്ട ഒരു ഘടകമാണെങ്കിലും അത് എവിടെയും ചർച്ച ചെയ്യപ്പെടാറില്ല. മലബാർ മേഖലയിലെ വിദ്യാഭ്യാസ വിപ്ലവത്തിലും ഗൾഫ് പ്രവാസികളുടെ ചെറുതല്ലാത്ത അധ്വാനമുണ്ട്. ഒരു ഗൾഫ് പ്രവാസിയുടെ മകളായ ആയിഷ ഈ നേട്ടം കൊയ്യുമ്പോൾ അത് ഗൾഫ് മലയാളികൾക്ക് ഒന്നാകെ അഭിമാനമാണ്. ആയിഷയുടെ ബാപ്പ അബ്ദുൽ റസാഖ് സലാലയിൽ ജോലി ചെയ്യുകയാണ്. ഏതൊരു ഗൾഫ് പ്രവാസിയെയും പോലെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിഞ്ഞുകൊണ്ട് അതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത ഈ പിതാവിന്റെ സ്വപ്‌ന സാക്ഷാൽക്കാരമാണ് ഈ വിജയം. അതോടൊപ്പം തന്നെ മകളുടെ പഠനത്തിന് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നൽകി കൂടെ നിന്ന ഉമ്മ ഷമീനയുടെയും. പലപ്പോഴും ഇങ്ങനെയുള്ള വിജയഘോഷങ്ങളിൽ പത്രങ്ങളിൽ വരുന്ന മധുരം നൽകുന്ന ഫോട്ടോ സെഷനപ്പുറം ഈ കുട്ടികളുടെ വിജയത്തിൽ മാതാവിന്റെ പങ്കിനെ കുറിച്ച് ആരും പരാമർശിക്കാറില്ല. എന്നാൽ ഒരേ സമയം മാതാവിന്റെയും പിതാവിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്ന പ്രവാസികളുടെ ഭാര്യമാരെ കുറിച്ച് പ്രത്യേകം പറയുക തന്നെ വേണം. വീട്ടുകാര്യങ്ങളുടെയും കുടുംബ ഭരണത്തിന്റെയും തിരക്കിനിടയിലും മക്കളുടെ പഠനത്തിൽ പ്രവാസികളുടെ വീട്ടമ്മമാർ നൽകുന്ന ശ്രദ്ധയും താൽപര്യവും പരിശ്രമവും ഈ കുട്ടികളുടെ പഠന നേട്ടത്തിന് പിന്നിലെ വലിയ ഘടകമാണ്. ചെറിയ ക്ലാസ് മുതൽ അവരുടെ പഠനത്തിന് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തും. പഠിക്കുമ്പോൾ കൂടെ ഇരുന്നും സ്‌കൂൾ പി.ടി.എ മീറ്റിംഗുകളിൽ കൃത്യമായി പങ്കെടുത്തും, അധ്യാപകരോട് മക്കളുടെ പഠന നിലവാരം തിരക്കിയും തുടങ്ങി ഇവരുടെ ത്യാഗവും ഉത്സാഹവും തന്നെയാണ് മക്കളുടെ വിദ്യാഭ്യാസ രംഗത്ത് പ്രവാസികളുടെ മക്കൾ നേട്ടമുണ്ടാക്കാനുള്ള പ്രധാന പ്രചോദനം. 
കേരളത്തിൽ നിന്നുള്ള ഒരു മുസ്‌ലിം പെൺകുട്ടി വിദ്യാഭ്യാസ രംഗത്ത് ഇത്ര വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുമ്പോൾ അത് ചരിത്രപരമായ ഒരു വിജയം കൂടി ആയി മാറുകയാണ്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പിറകിലായിരുന്ന ഒരു സമുദായം, അതിൽ തന്നെ ഹൈസ്‌കൂൾ കഴിഞ്ഞു പഠിക്കുന്ന പെൺകുട്ടികൾ വളരെ കുറവ്. 
ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് വലിയ ബോധമില്ലാത്ത ഒരു സമൂഹവും പലപ്പോഴും പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസം നിരുത്സാഹപ്പെടുത്തുന്ന മത നേതൃത്വവും. ഈ ഒരു അവസ്ഥക്ക് മാറ്റം വരാൻ തുടങ്ങിയിട്ട് ഏറെക്കാലങ്ങളൊന്നും ആയിട്ടില്ല. രാഷ്ട്രീയ, മത രംഗത്തുണ്ടായ ദീർഘദർശികളായ വ്യക്തിത്വങ്ങളും ഗൾഫ് പ്രവാസം മൂലമുണ്ടായ സാമ്പത്തിക ഉയർച്ചയുമാണ് വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന മുസ്‌ലിം സമുദായത്തിന് മുന്നോട്ട് വരാനുള്ള സാഹചര്യം ഒരുക്കിയത്. ആൺകുട്ടികളേക്കാൾ ഏറെ പെൺകുട്ടികളാണ് പഠന കാര്യങ്ങളിൽ മുന്നിട്ടു നിൽക്കുന്നതും നേട്ടങ്ങൾ കൊയ്യുന്നതും എന്നതും വളരെ സന്തോഷകരമാണ്. ശാസ്ത്ര വിഷയങ്ങളിൽ മാത്രമല്ല, മാനവിക വിഷയങ്ങളിലും കലാസാഹിത്യ മേഖലകളിലും മുന്നേറാൻ മുസ ലിം പെൺകുട്ടികൾക്ക് കുറഞ്ഞ കാലം കൊണ്ട് സാധിച്ചിട്ടുണ്ട്. വീടിനടുത്തുള്ള സ്‌കൂളിലേക്ക് പോലും പെൺമക്കളെ അയക്കാൻ ഭയപ്പെട്ടിരുന്ന അവസ്ഥയിൽ നിന്നും, ഹൈദരബാദ് സർവകലാശാലയിലും അലീഗഢിലും ജെ.എൻ.യുവിലും ഇന്ത്യക്ക് പുറത്തുള്ള ലോകോത്തര യൂനിവേഴ്‌സിറ്റികളിലുമൊക്കെ പോയി പഠിക്കുന്നതിലേക്ക് കേരളത്തിലെ മുസ്‌ലിം പെൺകുട്ടികൾ വളർന്നു കഴിഞ്ഞു. ആയിഷയെ പോലുള്ള പെൺകുട്ടികൾ പഠന മികവ് കൊണ്ട് ഇങ്ങനെ ഉയർന്ന നേട്ടങ്ങൾ കൊയ്യുമ്പോൾ അത് ഈ സമൂഹത്തിനുണ്ടാക്കുന്ന ആത്മവിശ്വാസവും അഭിമാനവും ചെറുതല്ല. 
ഇനിയുള്ള ലോകവും കാലവും അറിവുള്ളവരുടേതാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഏതൊരു പിന്നോക്ക സമൂഹത്തിനും മുന്നേറാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനും സാധിക്കുകയുള്ളൂ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആയിഷ എന്ന തട്ടമിട്ട പെൺകുട്ടി നീറ്റ് പരീക്ഷയിൽ പന്ത്രണ്ടാം സ്ഥാനത്തെത്തുമ്പോൾ, പൊതുവിദ്യാലയത്തിൽ പഠിച്ച, ഗൾഫ് പ്രവാസിയുടെ മകളായ ഒരു കുട്ടി ഈ സ്വപ്‌നതുല്യമായ വിജയം കരസ്ഥമാക്കുമ്പോൾ ഒരുപാട് തിളക്കമുള്ള വിജയമായി ഇത് മാറുന്നു. 
എയിംസിൽ പഠിച്ച് ഒരു മികച്ച ഡോക്ടറാവുക എന്നതാണ് ആയിഷയുടെ ലക്ഷ്യം. ഇനിയും ഇതുപോലെ തിളക്കമാർന്ന നേട്ടങ്ങളോടെ നാടിനും സമൂഹത്തിനും അഭിമാനമായി ഉയരങ്ങളിൽ എത്താൻ ഈ മിടുക്കിക്ക് സാധിക്കട്ടെ.

Latest News