Sorry, you need to enable JavaScript to visit this website.

മൂന്ന് മാസത്തിനിടെ കുവൈത്ത് വിട്ടത് രണ്ട് ലക്ഷം വിദേശികള്‍

കുവൈത്ത്‌സിറ്റി- മൂന്ന് മാസത്തിനിടെ കുവൈത്ത് വിട്ടത് 197,000 വിദേശികള്‍. അതേസമയം, ഓഗസ്റ്റ് ഒന്ന് മുതല്‍ ഞായറാഴ്ച വരെ രാജ്യത്തേക്ക് 135,000 പ്രവാസികള്‍ തിരിച്ചെത്തിയതായും സിവില്‍ ഏവിയേഷനിലെ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മന്‍സൂര്‍ അല്‍ഹാശിമി അറിയിച്ചു. 
1,965 വിമാന സര്‍വീസുകളിലായാണ് ഇത്രയും പേര്‍ കുവൈത്തില്‍ തിരിച്ചെത്തിയത്. എല്ലാ വിമാനങ്ങളും ശേഷിയുടെ 30 ശതമാനം യാത്രക്കാരുമായാണ് സര്‍വീസ് നടത്തിയതെന്നും ദോഹ, ദുബായ്, തുര്‍ക്കി എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് കൂടുതല്‍ പേരും മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 34 രാഷ്ട്രങ്ങളിലേക്ക് കുവൈത്ത് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍നിന്ന് കുവൈത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും ഒരു രാജ്യത്ത് പ്രവേശിച്ച് 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്താല്‍ മാത്രമേ കുവൈത്തില്‍ മടങ്ങിയെത്താന്‍ സാധിക്കൂ. കൂടാതെ, രാജ്യത്ത് എത്തിയതിന് ശേഷം 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിശദമാക്കി.

Latest News