വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ കേസ്

മുംബൈ- വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്‌ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. 2015 മുതല്‍ 2018 വരെ മഹാക്ഷയ് ചക്രവര്‍ത്തിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ആ കാലയളവില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും യുവതി പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു.
2015ല്‍ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറില്‍ മഹാക്ഷയ് വാങ്ങിയ ഫ്‌ളാറ്റില്‍ പോയിരുന്നുവെന്നാണ് യുവതി പറയുന്നത്. അവിടെ ചെന്നപ്പോള്‍ മഹാക്ഷയ് മരുന്നു കലര്‍ത്തിയ ശീതളപാനീയം നല്‍കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെടുകയും അതിന് ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
വിവാഹത്തെക്കുറിച്ച് മഹാക്ഷയ്യോടു ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് 2018 ജനുവരിയില്‍ പ്രതി പറഞ്ഞു. ഇതേച്ചൊല്ലി രണ്ടുപേരും വാക്കേറ്റമുണ്ടാവുകയും ചെയ്തു. മഹാക്ഷയ്യെ വിളിച്ചപ്പോള്‍ അമ്മ യോഗിത ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് യോഗിതയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
 

Latest News