Sorry, you need to enable JavaScript to visit this website.

ഇരുളിലും തെളിമയോടെ സജ്‌നയുടെ ഇശലുകൾ

അന്ധതയെ തോൽപിച്ച ആത്മവിശ്വാസവുമായി, ആലാപനവഴിയിൽ ഒരു വനിതാ പ്രതിഭ - സജ്‌ന ടീച്ചർ

കാഴ്ച പരിമിതിയും ജീവിത പ്രാരബ്ധങ്ങളിലെ വെല്ലുവിളികളും പ്രതിസന്ധി തീർത്തപ്പോൾ മനക്കരുത്ത്്് കൊണ്ട് സ്വപ്‌നം യാഥാർഥ്യമാക്കിയ വാനമ്പാടിയാണ് സജ്‌ന ടീച്ചർ. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരിയാണ് സജ്‌ന ടീച്ചർ. അകക്കണ്ണിലെ ഇത്തിരിവെട്ടം മലപ്പുറത്തെ മക്കൾക്ക് ഇശൽ കൂട്ടായി പകർന്നു നൽകി വിജയവഴിയിലേക്ക് വാതിൽ തുറന്നുകൊടുത്ത അധ്യാപിക കൂടിയാണ് സജ്‌ന. ലോക്്്ഡൗൺ തീർത്ത അതിരുകളിലും കലയുടെ ഇഷ്ടതോഴിയായി പാടിയും പറഞ്ഞും പാട്ടിന്റെ പാലാഴി തീർക്കുന്ന സജ്‌ന മലപ്പുറം വള്ളിക്കാപ്പറ്റയിലെ കാഴ്ച പരിമിതരുടെ വിദ്യാലയത്തിലെ ദീർഘകാല സംഗീത അധ്യാപികയായിരുന്നു. 
ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് കോരിയിട്ട ഈ ഗായിക മലപ്പുറത്തെ നിരവധി മക്കളുടെ ഗുരുനാഥയാണ്. അന്തരിച്ച എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൂടെ പാടാൻ വരെ അപൂർവ ഭാഗ്യം നേടിയ അകക്കണ്ണിലെ വിജയിയായ ഗായിക, തിരുവമ്പാടിയിലെ റബർ ടാപ്പിങ് തൊഴിലാളിയായ കല്ലാരംകെട്ടിൽ കുഞ്ഞിമൊയ്തീന്റെയും ഖദീജയുടെയും മൂന്ന് മക്കളിൽ ഇളയവളാണ്. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. പത്താം ക്ലാസ് വരെ വേളംകോട് സെന്റ് ജോർജ് ഹൈസ്‌കൂളിലാണ് പഠിച്ചത്. കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിൽ പ്ലസ് ടു പഠനം. അതിന് ശേഷം ചിറ്റൂർ കോളേജിൽ സംഗീത പഠനം. ചെറുപ്പം തൊട്ടേ സംഗീതത്തോട് താൽപര്യം. ആദ്യ ഗുരു മാവൂർ കിട്ടപ്പ ഭാഗവതർ. ഉപ്പയുടെ സുഹൃത്തും നല്ലൊരു ഗായകനുമായ ഉമ്മത്തൂർ മുഹമ്മദ്, മാതൃവിദ്യാലയത്തിലെ സംഗീത അധ്യാപികയായിരുന്ന ലിസ്സി റോക്കി എന്നിവരും ഏറെ പ്രോൽസാഹിപ്പിച്ചു. പഠന ശേഷം അധ്യാപന മേഖല ഇഷ്ടപ്പെട്ടിരുന്നതിനാൽ അഞ്ച് വർഷം മലപ്പുറം മങ്കടയ്ക്കടുത്ത വള്ളിക്കാപ്പറ്റ കേരള അന്ധ വിദ്യാലയത്തിൽ സംഗീത അധ്യാപികയായി ജോലി ചെയ്തു. പിന്നീട് പി.എസ്.സി വഴി നിയമനം ലഭിച്ചു. പത്ത് വർഷം മുമ്പാണ് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടത്. ഇപ്പോൾ കോഴിക്കോട് കിണാശ്ശേരി ഗവ. ഹൈസ്‌കൂളിൽ സംഗീത അധ്യാപികയാണ്. പാലക്കാട് ചിറ്റൂർ ഗവ. കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നിരവധി സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയതുൾപ്പെടെ സ്‌കൂൾ-യൂനിവേഴ്‌സിറ്റി എ സോൺ ഇന്റർ സോൺ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ജയ് ഹിന്ദ് ടി.വി സംപ്രേഷണം ചെയ്ത മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ആറാം സീസണിൽ ഏഴ് റൗണ്ടുകളിൽ പങ്കെടുത്തു. ആകാശവാണിയിൽ ലളിതഗാന വിഭാഗത്തിൽ ബി ഗ്രേഡ് ആർട്ടിസ്റ്റ് ആണ്. കമുകറ ഫൗണ്ടേഷൻ അവാർഡ്, സംഘമിത്ര ഫൈൻ ആർട്‌സ് സൊസൈറ്റി അവാർഡ്, മുട്ടത്ത് ഇബ്രാഹിം സ്മാരക സ്വർണമെഡൽ തുടങ്ങിയ അംഗീകാരങ്ങൾ നേടി. നിരവധി ഭക്തിഗാന ആൽബങ്ങളിലും ചാനൽ പരിപാടികളിലും പാടിയിട്ടുണ്ട് സജ്‌ന.
 

Latest News