Sorry, you need to enable JavaScript to visit this website.

ആര്യനന്ദ: ആലാപനത്തിൽ ആനന്ദം 

ആര്യനന്ദ പാടുമ്പോൾ ആ ശബ്ദം ആസ്വാദകരുടെ ഹൃദയത്തിൽ സാന്ത്വനമാവുകയാണ്. ആ സാന്ത്വന സ്വരമാണ് രാജ്യമെമ്പാടും കൈയടികളായി ഉയർന്നത്. മുംബൈയിൽനിന്നും ഉയർന്ന ആ കരഘോഷം സീ ചാനലിന്റെ സരിഗമപ എന്ന ഹിന്ദി റിയാലിറ്റി ഷോയുടെ വിജയകിരീടമാണ് അവൾക്ക് ചാർത്തിക്കൊടുത്തത്. ഉത്തരേന്ത്യക്കാരുടെ കുത്തകയായിരുന്ന അംഗീകാരമാണ് കേരളക്കരയിലെ ഒരു കൊച്ചു ഗ്രാമത്തിലേയ്ക്ക് ആര്യനന്ദ കൈപ്പിടിയിലാക്കി കൊണ്ടുവന്നത്. ഇതിനു മുൻപ് സീ തമിഴ് ചാനലിലെ സംഗീത റിയാലിറ്റി ഷോയിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു ഈ കൊച്ചുഗായിക.


കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിനടുത്ത പള്ളിപ്രം എന്ന കൊച്ചു ഗ്രാമത്തിൽനിന്നും ആരംഭിച്ച ആര്യനന്ദ ആർ.ബാബു എന്ന പന്ത്രണ്ടുകാരിയുടെ സംഗീതയാത്ര ബോളിവുഡിന്റെ പടിവാതിലിലാണ് എത്തിനിൽക്കുന്നത്. പ്രശസ്ത ഗായികയായ അൽക്ക യാഗ്നിക്, സംഗീത സംവിധായകൻ പ്യാരേലാൽ തുടങ്ങി ഒട്ടേറെ പ്രഗത്ഭ വ്യക്തികളുടെ അനുഗ്രഹം നേടിയെടുക്കാനും ഈ കൊച്ചു ഗായികയ്ക്ക് കഴിഞ്ഞിരിക്കുന്നു. സീ ചാനലിന്റെ ഹിന്ദി പതിപ്പായ സരിഗമപ ലിറ്റിൽ ചാംപ്-2020 എന്ന സംഗീത റിയാലിറ്റി ഷോയിൽ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ കൊച്ചുകലാകാരി. രാജ്യത്തുടനീളം ഇരുപത്തൊൻപതിനായിരം മത്സരാർഥികൾക്കിടയിൽ നിന്നാണ് ഈ കോഴിക്കോട്ടുകാരി വിജയം കൊയ്‌തെടുത്തത്. ദക്ഷിണേന്ത്യയിൽ നിന്നും ഫൈനൽ റൗണ്ടിലെത്തപ്പെട്ട ആദ്യത്തെ പെൺകുട്ടിയായിരുന്നു ആര്യനന്ദ. ഹിന്ദി ഭാഷ വശമില്ലെങ്കിൽ പോലും ഈ പെൺകുട്ടി പാടിത്തകർത്ത ഹിന്ദി ഗാനങ്ങൾ ശ്രോതാക്കൾ ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. അൽക്കാ യാഗ്നിക്, കുമാർ സാനു, ഉദിത്ത് നാരായണൻ, ജാവേദ് അലി, ഹിമേഷ് റഷാമിയ... തുടങ്ങിയവരായിരുന്നു വിധികർത്താക്കളായുണ്ടായിരുന്നത്.


മത്സരത്തിനിടയിൽ ആര്യനന്ദ പാടിയ 'സത്യം ശിവം സുന്ദരം...' എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സദസ്സിലുണ്ടായിരുന്ന ലക്ഷ്മികാന്ത്-പ്യാരേലാൽ കൂട്ടുകെട്ടിലെ പ്യാരേലാൽ ആര്യനന്ദയെ കെട്ടിപ്പിടിച്ച് വിശേഷിപ്പിച്ചത് ദൈവികമായ ശബ്ദം വരദാനമായി ലഭിച്ച പ്രതിഭ എന്നാണ്. എ.ആർ. റഹ്മാന്റെ സൂപ്പർ ഹിറ്റായ ''പുതുവെള്ളൈ മഴൈ...'' എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പായ ''യേ ഹസീൻ വാദിയാൻ...'' എന്ന ഗാനം കേട്ട് വിധികർത്താക്കളൊന്നടങ്കം അഭിനന്ദിക്കാനെത്തിയിരുന്നു.
കടലുണ്ടി ആനങ്ങാടിയിലെ ഐഡിയൽ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദ കേരളത്തിനകത്തും പുറത്തുമായി ഇതുവരെ അഞ്ഞൂറിലേറെ വേദികളിൽ പാട്ടുപാടിയിട്ടുണ്ട്. അഞ്ചുവർഷം മുൻപ് കോഴിക്കോട് ടൗൺഹാളിൽ നടന്ന സ്‌നേഹപൂർവം ആര്യനന്ദ എന്ന സംഗീത പരിപാടിയിൽ മൂന്നു മണിക്കൂർ തുടർച്ചയായി പാട്ടുപാടി ലിംക ബുക്ക് ഓഫ് റെക്കോർഡിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെടുകയുമുണ്ടായി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുപത്തഞ്ച്  ഗാനങ്ങളാണ് ആര്യനന്ദ പാടിയത്. ഇരുത്തം വന്ന ഒരു ഗായികയെപ്പോലെ ഒട്ടും സഭാകമ്പമില്ലാതെ ശ്രുതിമധുരമായി പാടിയപ്പോൾ അത് ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞുപോയവരുമായ ഒട്ടേറെ സംഗീതജ്ഞർക്കുള്ള ഗാനാഞ്ജലി കൂടിയായിരുന്നു.
ദൽഹിയിൽ നടന്ന സംഘം കലാഗ്രൂപ്പിന്റെ അഖിലേന്ത്യാ മ്യൂസിക് ടാലന്റ് ഹണ്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ആര്യനന്ദ. ദേശീയ തലത്തിൽ എഴുനൂറോളം കുട്ടികളെ പിന്തള്ളിയാണ് ആര്യനന്ദ ഈ അംഗീകാരം നേടിയെടുത്തത്. സോനു നിഗമിനും സുനീതി ചൗഹാനും ശ്രേയ ഘോഷാലിനും ലഭിച്ച അതേ അംഗീകാരം ആദ്യമായി കേരളത്തിലേയ്ക്ക് കൊണ്ടുവന്നതും ഈ മിടുക്കിയാണ്.


കുട്ടിക്കാലം തൊട്ടേ സംഗീതത്തിൽ അഭിരമിക്കുന്ന മനസ്സായിരുന്നു ആര്യനന്ദയുടേത്. അവളുടെ സംഗീത യാത്രയ്ക്ക് ശ്രുതിയും താളവും പകർന്നു നൽകാൻ സംഗീതാധ്യാപകർ കൂടിയായ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. ഗോകുലം പബ്ലിക് സ്‌കൂളിലെ സംഗീതാധ്യാപികയായ ഇന്ദുവും കടലുണ്ടി ഐഡിയൽ പബ്ലിക് സ്‌കൂളിലെ സംഗീതാധ്യാപകനായ രാജേഷും മകളുടെ സംഗീത സപര്യയ്ക്ക് കൂട്ടായുണ്ടായിരുന്നു.
അച്ഛൻ രാജേഷിന്റെയും അമ്മ ഇന്ദുവിന്റെയും പൂർവികരും സംഗീതജ്ഞരായിരുന്നു. ആ സംഗീത പാരമ്പര്യമാണ് മകൾ ആര്യനന്ദയ്ക്കും ലഭിച്ചിരിക്കുന്നത്. ഒന്നാം ക്ലാസു മുതൽ ലളിതഗാന വേദികളിൽ നിത്യസാന്നിധ്യമായ ആര്യനന്ദ സബ്ജില്ലാ കലോത്സവങ്ങളിൽ ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും പദ്യപാരായണത്തിനുമെല്ലാം ഒന്നാം സ്ഥാനത്താണ്. മാക്‌സ് ഇന്റർനാഷണൽ ഗ്രൂപ്പ് സംഘടിപ്പിച്ച സംഗീത മത്സരത്തിലും തപസ്യ കടലുണ്ടി സംഘിപ്പിച്ച അഖില കേരള ലളിതഗാന, ശാസ്ത്രീയ സംഗീത മത്സരങ്ങളിലും സി.ബി.എസ്.ഇ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലുമെല്ലാം ഒന്നാം സ്ഥാനത്താണ് ഈ കലാകാരി.


ഫെബ്രുവരി മാസത്തിലായിരുന്നു സീ ചാനലിലെ മത്സരം ആരംഭിച്ചത്. അവസാനത്തെ ഒഡീഷൻ കഴിഞ്ഞ് നൂറു പേരായിരുന്നു മത്സരാർഥികളായി വേദിയിലെത്തിയത്. മാർച്ച് പതിനഞ്ചു വരെ മത്സരം തുടർന്നു. ലോക്ഡൗൺ ആയതോടെ മുംബൈയിൽ കുടുങ്ങി. മൂന്നു മാസത്തോളം മുംബൈയിൽ തങ്ങി മെയ് പതിനെട്ടിനാണ് നാട്ടിലെത്തിയത്. ജൂലൈ ആറിന് തിരിച്ചുപോയെങ്കിലും ഇരുപതിനാണ് ചിത്രീകരണം തുടങ്ങിയത്.
ഭാഷയായിരുന്നു ശരിക്കും വെല്ലുവിളിയായത്. വിധികർത്താക്കളായ പലരും ഇംഗ്ലീഷ് അറിയാവുന്നവരായത് ഭാഗ്യമായി. ഗ്രൂമേഴ്‌സായിരുന്നു പാട്ടിനെക്കുറിച്ചും പാടേണ്ട രീതിയെക്കുറിച്ചുമെല്ലാം പറഞ്ഞു തന്നത്. സംഗീതലോകത്തെ പല പ്രമുഖരെയും പരിചയപ്പെടാൻ കഴിഞ്ഞത് മഹാഭാഗ്യമായാണ് കാണുന്നത്. ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ളവർ വോട്ട് ചെയ്തു. വോട്ടിന്റെ ബലത്തിൽ കൂടിയാണ് ഒന്നാമതെത്തിയത്. പഠനത്തിൽ മുന്നേറുന്നതിനൊപ്പം എല്ലാ ഭാഷയിലും പാടി ലോകമറിയുന്ന ഗായികയായിത്തീരണം എന്നാണ് ജീവിതാഭിലാഷം'' -ആര്യനന്ദ പറയുന്നു.
രണ്ട് ഹിന്ദി ചിത്രങ്ങളിൽ പാടാനുള്ള അവസരവും ഈ സംഗീത പരിപാടിയിലൂടെ ആര്യനന്ദയെ തേടിയെത്തി. വിധികർത്താവായ ഹിമേഷ് റഷാമിയയും സാജിദുമാണ് അവസരങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. മലയാളത്തിലും രണ്ടു ചിത്രങ്ങളിലേയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ദ്രൻസ് നായകനാകുന്ന ചിത്രത്തിലും മറ്റൊരു ചിത്രത്തിലേക്കുമാണ് അവസരം ലഭിച്ചിരിക്കുന്നത്.

Latest News