രാഷ്ട്രീയക്കാരോ സിനിമക്കാരോ ആരാണ് കൂടുതൽ മോശക്കാരെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ കുഴങ്ങും. എത്ര പുരോഗമനം പറയുന്ന പാർട്ടിക്കാരും ആമാശയവാദികളാണെന്നതാണ് ഇന്നത്തെ പ്രത്യേകത. വെട്ടി വിഴുങ്ങാനാവുന്നതെല്ലാം അടിച്ചുമാറ്റും. ആശയ പ്രചാരണവും സ്വപ്നങ്ങൾ താലോലിക്കലുമൊക്കെ അണികൾക്ക് പറഞ്ഞ പണി. പഞ്ചായത്ത് മെംബർ മുതൽ എം.പി വരെയുള്ളതിൽ ഏതെങ്കിലുമൊന്നായി കിട്ടിയാൽ അഞ്ച് വർഷത്തെ കാര്യം ഒ.കെ. വിശ്രമ ജീവിതത്തിലും കൈ നിറയെ പണം. എന്നാൽ സിനിമാ രംഗത്തുള്ളവർക്ക് നിശ്ചയിച്ച പ്രതിഫലമാണ് ലഭിക്കുക. കലക്ഷന്റെ നിശ്ചിത ശതമാനം താരങ്ങൾക്ക് ലഭിക്കുന്ന ഏർപ്പാട് വേറെയുണ്ട്. കോവിഡ് കാലമായതോടെ മലയാളത്തിൽ സിനിമ തന്നെ ഇല്ലാതായി. 2020 വർഷം ആകെ അടഞ്ഞു കിടക്കാനുള്ളതാണെന്ന് മുൻകൂട്ടി കണ്ട് നേരത്തേ കാലത്തെ ട്വന്റിട്വന്റി സിനിമയെടുത്ത ദിലീപിനെ പോലുള്ള മഹാപ്രതിഭകളുമുണ്ട്. ഏതായാലും പണി ഇല്ലാതായപ്പോൾ താരങ്ങളുടെ സംഘടനയായ അമ്മയിലെ കലഹം ബഹുജോറാകുന്നുണ്ട്. പുതിയ തലമുറയിലെ വാഗ്ദാനമായ പാർവതി തെരുവോത്താണ് വിവാദത്തിൽ തിളങ്ങിയത്. അവർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം മലയാളത്തിന്റെ അഭിമാനമായ ശ്രീകുമാരൻ തമ്പിയിൽ നിന്നാണ്. അദ്ദേഹം മുഖപുസ്തകത്തിൽ കുറിച്ചു- 'അമ്മ' എന്ന ദിവ്യനാമം വഹിക്കുന്ന (?) താര സംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ, ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാ രംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്. ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ 'എക്‌സ്ട്രാ നടന്റെ 'കളിതമാശ'യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. 'അൽപന് ഐശ്വര്യം വന്നാൽ അർധരാത്രിക്കു കുട പിടിക്കും' എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവതിയുടെ മേന്മ. ഇന്നത്തെ മലയാള സിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവതി എന്ന് 'ചാർളി, എന്ന് നിന്റെ മൊയ്തീൻ, ടേക് ഓഫ്, ഉയരെ എന്നീ സിനിമകളിലെ പാർവതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാൻ കഴിയും. ഷീല, ശാരദ, കെ.ആർ.വിജയ, ലക്ഷ്മി, ശ്രീവിദ്യ, ജയഭാരതി, സീമ, വിധുബാല, നന്ദിത ബോസ്, പൂർണിമ ജയറാം, ഉർവശി, മേനക, രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാൻ. സ്ത്രീ വിമോചനം വിഷയമാക്കി 'മോഹിനിയാട്ടം' എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമിച്ച സംവിധായകനുമാണ്. പാർവതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത് ഈ വിഷയത്തിലെ മലയാളി സമൂഹത്തിന്റെ നിലപാട് കൂടിയാണ്.
*** *** ***
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയാണ് അമ്മ. അമ്മയുടെ സെക്രട്ടറിയാണ് ഇടവേള ബാബു. അദ്ദേഹം വലിയ മുൻനിര താരമല്ലെങ്കിലും മലയാള സിനിമയെ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിന് വളരെ വലിയൊരു പങ്കുണ്ട്. കഴിഞ്ഞ ദിവസം ഇടവേള ബാബു റിപ്പോർട്ടർ ടി.വിയിലെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വിവാദമായത്. അമ്മയിൽ സ്ത്രീ വിരുദ്ധത പ്രകടമല്ലേ എന്നുളള അവതാരകന്റെ ചോദ്യത്തിന് ഇടവേള ബാബു നൽകിയ മറുപടി; എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കളെല്ലാം സ്ത്രീകളാണ്. എനിക്ക് അങ്ങനെ വിരുദ്ധത ഒന്നും തോന്നിയിട്ടില്ല. നമ്മൾ ബഹുമാനിച്ചില്ല എന്ന് അമ്മയിലെ ഒരാൾ പറയട്ടെ -ബാബു പറഞ്ഞു. ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങൾ അവതാരകൻ ചൂണ്ടിക്കാട്ടിയപ്പോൾ; അത് കുറച്ച് ആളുകൾ പറയുന്നതല്ലേ, ഭൂരിപക്ഷം പറയട്ടെ, എത്രയോ തലമുറകൾ കഴിഞ്ഞു പോയതാണ്, നമ്മൾ അവരെ ബഹുമാനിച്ചില്ല എന്ന് ആരേലും പറയട്ടെ. അമ്മയിൽ നാന്നൂറ്റി ചില്ലാനം ആളുകളുണ്ട്. സ്ത്രീ വിരുദ്ധത ഉണ്ടോന്ന് അവരിൽ ആരെങ്കിലും പറയട്ടെ. സ്ത്രീകൾക്ക് വസ്ത്രം മാറാൻ ഞങ്ങൾ കള്ളിമുണ്ട് പിടിച്ച് നിന്ന കാലമുണ്ട് സിനിമയിൽ. അന്ന് ഈ കാരവൻ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ ഭരണഘടനയിൽ മാറ്റം വരുത്തിയിരുന്നു. നിലവിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ മൂന്ന് സ്ത്രീകൾ ആണെങ്കിൽ അത് നാലാക്കി മാറ്റിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. മൂന്ന് സ്ത്രീകളെ തന്നെ നിലവിൽ കിട്ടാൻ പാടാണ്. പലരും ഇത്തരം സംഘടനാ കാര്യങ്ങൾക്കൊന്നും വരുന്നില്ല. കാര്യങ്ങൾ നടത്താൻ ആരുമില്ല -ഇടവേള ബാബു പറഞ്ഞു.
*** *** ***
മൂന്ന് പതിറ്റാണ്ട് നീണ്ട യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ജോസ് കെ.മാണി വിഭാഗം ഇടതു പക്ഷത്ത് ചേക്കേറിയതാണിപ്പോൾ രാഷ്ട്രീയ കേരളം ചൂടോടെ ചർച്ച ചെയ്യുന്നത്. ചാനൽ ചർച്ചകളിലെല്ലാം ഇടംപിടിച്ചത് ഈ വിഷയം തന്നെ. ജോസ് കെ.മാണിയുടെ ഇടത് ബാന്ധവം ചർച്ചയാക്കിയ ഏഷ്യാനെറ്റ് ന്യൂസ് അവറിനിടെ രസകരമായ ചില സംഭവങ്ങളും അരങ്ങേറി. ജനപക്ഷം നേതാവ് പി.സി ജോർജ് അടക്കമുള്ളവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. പി.ജി സുരേഷ്‌കുമാർ നയിച്ച ചർച്ചയിൽ പി.സി ജോർജിനെ കൂടാതെ കോൺഗ്രസ് നേതാവായ ജോസഫ് വാഴയ്ക്കൻ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു, കേരള കോൺഗ്രസ്-എം നേതാവ് ജോസ് ടോം പുലിക്കുന്നേൽ എന്നിവരാണ് പങ്കെടുത്തത്. പി.സി ജോർജിന്റെ ബന്ധു കൂടിയാണ് കേരള കോൺഗ്രസ് എമ്മിലെ ജോസ് ടോം പുലിക്കുന്നേൽ. ചർച്ച കൊഴുക്കുന്നതിനിടെ ജോസ് ടോം പുലിക്കുന്നേൽ ബന്ധുവായ പി.സി ജോർജിനെ പേരെടുത്ത് വിളിച്ചു. ഇതോടെ പി.സി ജോർജ് ഇടപെട്ടു. അമ്മാവായെന്ന് വിളിയെടാ എന്നായി പി.സി ജോർജ്. അമ്മാവനെ കേറി ജോർജ് എന്ന് വിളിക്കുന്നോ എന്നും പി.സി ജോർജ് തമാശ രൂപത്തിൽ ചോദിച്ചു. അതുകൊണ്ടും തീർന്നില്ല. മുൻ കേരള കോൺഗ്രസുകാരനായ പി.സി ജോർജിന് എതിരെയും ജോസ് ടോം പുലിക്കുന്നേൽ വിമർശനം ഉന്നയിച്ചു. കെ.എം മാണിക്കെതിരെ പി.സി ജോർജ് ഉന്നയിച്ച ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. നീ എന്റെ പെങ്ങളുടെ മോനല്ലേ, ഇതല്ല ഇതിലപ്പുറവും പറയും എന്നാണ് പി.സി ജോർജ് മറുപടിക്കിടെ പറഞ്ഞത്. സംഭവം രസകരം ആയിരുന്നുവെങ്കിലും ബന്ധമൊക്കെ വീട്ടിലാണെന്നും ചർച്ചയിൽ ഇരു നേതാക്കളും പരസ്പരം ബഹുമാനം കാണിക്കണം എന്നും അവതാരകനായ പി.ജി സുരേഷ്‌കുമാർ ഓർമപ്പെടുത്തി. ജോസ് കെ.മാണി യു.ഡി.എഫ് വിട്ടതോടെ മുന്നണിയിൽ കയറിപ്പറ്റാനുളള ശ്രമങ്ങളിലാണ് പി.സി ജോർജ്.
*** *** ***
മാധ്യമ വിചാരണക്കെതിരെ സുപ്രീം കോടതിയിൽ അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ. കോടതി കേസുകൾ പരിഗണിക്കുമ്പോൾ ആ വിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങൾ വരുന്നുവെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഒരു ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ചാനൽ കുറ്റാരോപിത വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന സംഭാഷണങ്ങൾ സംപ്രേഷണം ചെയ്തതും, റഫാൽ പരിഗണിക്കുന്ന ദിവസം രേഖകളടക്കം പത്രത്തിൽ വന്നതും കെ.കെ വേണുഗോപാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് അറ്റോണിയും കോടതിയും ഇപ്പോൾ ശ്രദ്ധിക്കുന്നതേയുള്ളൂ. എത്ര കാലമായി നാട്ടുകാർ ഇതെല്ലാം കേൾക്കുന്നു. കേരളത്തിലെ ഒരു ഹൈക്കോടതി ജഡ്ജി വിധിന്യായത്തേക്കാൾ മീഡിയയെ ലക്ഷ്യം വെച്ചുള്ള കമന്റുകൾ കാച്ചുന്നതിൽ വിദഗ്ധനായിരുന്നു.
*** *** ***
ചാനലിന്റെ ടി.ആർ.പി റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്ക് കുരുക്കിട്ടിരിക്കുകയാണ് മുംബൈ പോലീസ്. ബോളിവുഡും അർണബ് ഗോസ്വാമിക്കെതിരെ പുതിയ കുരുക്കുമായി രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാറൂഖ് ഖാനും അമീർഖാനും ഉൾപ്പെടെ 34 നിർമാതാക്കളും ബോളിവുഡ് വ്യവസായ അസോസിയേഷനുകളും രംഗത്തെത്തിയിരിക്കുകയാണ്.
ബോളിവുഡ് സിനിമാ ലോകത്തിനെതിരെ അവഹേളനപരവും നിരുത്തരവാദപരവും അപകീർത്തിപരവുമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് ബോളിവുഡ് കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ദൽഹി ഹൈക്കോടതിയെയാണ് താരങ്ങളും ബോളിവുഡ് അസോസിയേഷനുകളും സമീപിച്ചിരിക്കുന്നത്. അർണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, രാഹുൽ ശിവശങ്കർ, നവിക കുമാർ എന്നിവർക്കെതിരെയാണ് ഹരജി സമർപ്പിച്ചത്. നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമാ ലോകത്തിനെതിരെയും സിനിമാ പ്രവർത്തകരെയും മോശമാക്കി ചിത്രീകരിച്ചതിനെതിരെയാണ് ബോളിവുഡ് നിയമ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായം മയക്കുമരുന്നിന് അടിമകളാണെന്നൊക്കെയുള്ള പരാമർശങ്ങൾ ചാനൽ നടത്തിയിരുന്നു. കരൺ ജോഹർ, യഷ് രാജ്, അമീർ ഖാൻ, ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരുടേതടക്കമുള്ള നിർമാണ കമ്പനികൾ കേസിൽ ഭാഗമായിട്ടുണ്ട്. ചാനലുകൾക്കെതിരെ പരോക്ഷ വിമർശനവുമായി നടൻ സൽമാനും രംഗത്തെത്തി. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യം ഇനിയും തുടരുകയാണെങ്കിൽ ചാനലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് സൽമാൻ പറഞ്ഞത്. ബിഗ് ബോസ് പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് താരം വിമർശനം നടത്തിയത്.
*** *** ***
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ നാടോടിക്കാറ്റിൽ ഒരു രംഗമുണ്ട്. മദിരാശി നഗരത്തിൽ അലഞ്ഞു തിരിഞ്ഞ ശ്രീനിവാസൻ ഐ.വി ശശിയെ കണ്ട് സിനിമയിൽ ചാൻസ് ഒപ്പിക്കാനുള്ള ശ്രമത്തിലാണ്. വീട്ടിൽ ചെന്നപ്പോൾ സീമ വാതിൽ തുറന്നു. ശശിയേട്ടൻ എവിടെയാണ് എന്നു ചോദിച്ചപ്പോൾ ഭരണിയിലാണെന്ന് മറുപടി. സീമയെ ഇംപ്രസ് ചെയ്യാൻ ശ്രീനിവാസന്റെ കഥാപാത്രം ഞാൻ അവളുടെ രാവുകൾ പത്ത് പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് പറയുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായ ഉത്സവത്തിലൂടെ രംഗപ്രവേശം ചെയ്ത് മലയാളത്തിൽ വിപ്ലവത്തിന് തുടക്കം കുറിച്ച ശശിയുടെ ആദ്യ കാലത്തെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അവളുടെ രാവുകൾ. നായകൻ രവികുമാറിന്റെ താമസ സ്ഥലത്തെത്തിയ സീമ ഒരു ഷർട്ടണിഞ്ഞ് നിൽക്കുന്ന ചിത്രത്തിന് കുറുകെ ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ എ എന്ന് രേഖപ്പെടുത്തിയ സിക്‌സ് ഷീറ്റ് പോസ്റ്ററുകൾ കേരളത്തിലെ അങ്ങാടികളിൽ നിറഞ്ഞു നിന്നു. വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ ചില പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ കണ്ടപ്പോൾ അര നൂറ്റാണ്ടിനിടയ്ക്ക് കേരളം ഏറെ മാറിയെന്ന് തിരിച്ചറിയാവുന്നതാണ്. പാവം ഷക്കീല നിരപരാധി. മനുഷ്യർ ഗോപ്യമായി ചെയ്യുന്ന ചില കാര്യങ്ങളുണ്ടെന്ന് ഈ പടം പിടുത്തക്കാർക്ക് ആരാണ് പറഞ്ഞു കൊടുക്കുക?






