കല, പ്രണയം, സൗഹൃദം

യൂട്യൂബിൽ തരംഗമാവുന്ന 'അവസ്ഥയും' അവസ്ഥക്കാരെയും കുറിച്ച്

രോഗാതുരമായ കൊറോണക്കാലത്തും മഹാകെടുതികളുടെ പ്രളയത്തിലും വറുതിയുടെ പെരുമഴക്കാലത്തും അതിജീവനത്തിന്റെ വേദികകളിൽ ചമൽക്കാരങ്ങളേതുമില്ലാതെ വേഷമിട്ടാടിയതും കാലം താണ്ഡവമാടിയ നിസ്സഹായാവസ്ഥകളിൽ പരിശീലനമില്ലാത്ത താളത്തുടിപ്പുകൾ പങ്കുവെച്ചതും അവർ ഒരുമിച്ചായിരുന്നു.


ദേവരാജൻ, പ്രദീപ് ബാലൻ, സി.ടി കബീർ പിന്നെ അഷ്റഫ് പാലാഴിയും.
അഭിശപ്തമായ വർത്തമാന കാലത്തിന്റെ ജീവിതാവസ്ഥകളെ മറികടക്കാൻ അവർ ഒരുമിച്ചിരുന്നു കണ്ടെത്തിയ വഴിയായിരുന്നു, 'അവസ്ഥ'. മൊബൈൽ ക്യാമറയിൽ പകർത്തി വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്തത്, ആൾക്കൂട്ടം അപരാധമാകുന്ന ഈ ദുരിതക്കാലത്തു സ്റ്റേജ്-ഇതര കലാകാരൻമാരുടെ ജീവിതാ'വസ്ഥ'യുടെ നേർക്കാഴ്ചകളായിരുന്നു.
മിമിക്രി കളിക്കണോ എന്ന് ചോദിച്ചു വീടുവീടാന്തരം കയറിയിറങ്ങുന്ന രണ്ടു പേർ. അതായിരുന്നു അവസ്ഥയുടെ തുടക്കം. ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്കു പറന്ന ആ കൊച്ചു വീഡിയോ ചലച്ചിത്ര-മിമിക്രി രംഗത്തെ പ്രശസ്തരുടെ നിസ്സീമമായ പിന്തുണ എളുപ്പം നേടിയെടുത്തു. അതോടെ അവസ്ഥയെ മിലേനിയം ഓഡിയോ ആൻഡ് വീഡിയോസ് ഏറ്റെടുത്തു.
ഇരുപത്തിയഞ്ചാം എപ്പിസോഡിൽ എത്തുമ്പോൾ പത്തോ പതിനഞ്ചോ മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഈ കൊച്ചുസിനിമ സ്ഥിരമായ ഒരു പ്രേക്ഷകവൃന്ദത്തെ നേടിയെടുത്തത്്്, നർമത്തിന്റെ മേമ്പൊടി ചേർത്ത് നിത്യജീവിതത്തിലെ ഓരോരോ അവസ്ഥകളെ സരസമായി കാണിച്ചത് കൊണ്ടാണ്. ഓരോ വെള്ളിയാഴ്ചയും പുത്തൻ കാഴ്ചകളൊരുക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്ന ഈ ചങ്ങാതിക്കൂട്ടം പ്രത്യേകം പ്രശംസയർഹിക്കുന്നു. 

സംഘാടന മികവിൽ 'ദേവരാജ്'
അനുകരണ കലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവരാജനിൽ ആർക്കും അനുകരിക്കാവുന്ന, മാതൃകയാക്കാവുന്ന ഒരു മികച്ച സംഘാടകനുണ്ട് എന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും. എല്ലാം ഒരുക്കി, എല്ലാവരെയും ഒരുമിപ്പിച്ച് വളരെ ലാഘവത്തോടെ ചെയ്തു തീർത്തത് എന്ന പോലൊരു ഭാവത്തിൽ ഞാൻ ഒന്നിനുമില്ല എന്ന മട്ടിൽ മാറിനിൽക്കുന്ന ദേവൻ തെല്ലൊന്നുമല്ല ആശ്ചര്യപ്പെടുത്തിയിട്ടുള്ളത്. ദേവരാജൻ കലയുടെയും സിനിമയുടെയും വഴിയിൽ സ്വയം അടയാളപ്പെടുത്താൻ പോകുന്നതും ഒരുപക്ഷേ ഈ സംഘാടന മികവ് ആവശ്യപ്പെടുന്ന സംവിധാന മേഖലയിൽ തന്നെയാവാം. ഇപ്പോൾ യൂട്യൂബിൽ ആയിരക്കണക്കിന് സ്ഥിരം പ്രേക്ഷകരുള്ള 'അവസ്ഥ' വെബ് സീരീസിന്റെയും ചാനലിന്റെയും സംഘാടനം വരെ ദേവന്റെ മികവിനുള്ള തെളിവായി തന്നെ കാണാവുന്നതാണ്. കൊറോണക്കാലത്തെ അടച്ചുപൂട്ടൽ സമ്മാനിച്ച തൊഴിൽരാഹിത്യത്തെ മറികടക്കാൻ ദേവന്റെ തലയിലുദിച്ച ആശയം അതാണ്, പിന്നീട് പതിനായിരക്കണക്കിന്ന് സ്ഥിരം കാഴ്ചക്കാരെ സമ്മാനിച്ച അവസ്ഥ എന്ന വെബ് സീരീസായി മാറിയത്.
'മിലേനിയം ഓഡിയോസ്' ഏറ്റെടുത്തതോടെ അവസ്ഥ ഇപ്പോൾ എത്രയോ കലാകാരന്മാരുടെ അന്നവും ആശ്രയവുമായി മാറുകയാണ്. ഓരോ വെള്ളിയാഴ്ചയും യൂട്യൂബിൽ റിലീസ് ചെയ്യുന്ന, ഇപ്പോൾ ഇരുപത്തിയഞ്ചാം എപ്പിസോഡിലേക്ക് കടക്കുന്ന അവസ്ഥക്ക് ഓരോ ആഴ്ചയിലേക്കും ജീവിതഗന്ധിയായ വിഷയങ്ങൾ കണ്ടെത്തുന്നതിൽ ദേവന്റെ സംഭാവന ചെറുതല്ല. അവസ്ഥയുടെ സംവിധാനവും ദേവരാജന്റേതാണ്. 
തന്റെ പരിചയത്തിലുള്ള പരിഗണനയർഹിക്കുന്ന കലാകാരന്മാരെ തേടിച്ചെന്ന് അവസരം നൽകുമ്പോൾ, ദേവനിലെ തീവ്രമായ മനുഷ്യത്വം ഉള്ളിൽ പേറുന്ന ഒരു കലാകാരനെയാണ് അടുത്തറിഞ്ഞ് അനുഭവിക്കാൻ സാധിക്കുന്നത്. 

സകല കലകളിലും കബീർ
എത്രയും കാവ്യാത്മകമായി പാട്ടുകൾ എഴുതുന്ന, അതിലേറെ മനോഹരമായി ചിത്രങ്ങൾ വരയ്ക്കുന്ന, ഭാവതീവ്രത ഒട്ടും ചോർന്നു പോകാതെ തന്റെ ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ ഡബ്ബ് ചെയ്യുന്ന കോഴിക്കോട് ചേവരമ്പലത്ത് ബി.എം മഹാറിൽ താമസിക്കുന്ന സി.ടി കബീർ പക്ഷേ നെഞ്ചോടടുക്കിപ്പിടിച്ച ഒരു പൊൻകിനാവ് നല്ല നടൻ ആവുക എന്നതായിരുന്നു. വിനോദ് കോവൂരിന്റെ ടോം ആൻഡ് ജെറിയിലും കാലിക്കറ്റ് വി ഫോർ യുവിലും കോമഡി സ്‌കിറ്റുകളിലും മറ്റും പേരില്ലാത്ത കഥാപാത്രങ്ങളായി അരങ്ങിലെത്തുമ്പോഴെല്ലാം അയാൾ സ്വയം രാകി മിനുക്കിയ കിനാവ് നല്ല നടനെന്ന് പേരെടുക്കുന്ന ഒരു കാലത്തെ ആയിരുന്നു. മിന്നി മായുന്ന വേഷപ്പകർച്ചകൾ മാത്രം സമ്മാനിച്ച സിനിമ-സീരിയൽ-ടെലിഫിലിമുകളിൽ അഭിനയിക്കുമ്പോഴും സഹ സംവിധായകനായി നിൽക്കുമ്പോൾ പോലും ക്ലാവ് പിടിക്കാതെ താൻ കാത്തുസൂക്ഷിച്ച നടനാവുക എന്ന സ്വപ്‌നത്തിന്ന് ചിന്തേരിടുകയായിരുന്നു അയാൾ അപ്പോഴും.
സ്വയം പരിപോഷിപ്പിച്ചെടുത്ത നടനവൈഭവത്തിന്ന് തിളക്കമേറുന്നുണ്ട് എന്ന് അഭിമാനത്തോടെ ഉയർത്തിക്കാണിക്കാനുതകും വിധം മാറ്റങ്ങൾ അവസ്ഥയിലൂടെ അനുഭവിച്ചറിയാം. ഓരോ എപ്പിസോഡിലും കബീർ കാണിക്കുന്ന പ്രകടനങ്ങൾ അതിന് ഉദാഹരണങ്ങളാണ്. 'ഇത്തിരി നേരം' എന്ന എപ്പിസോഡിലെ ക്യാമറാമാൻ 'മേമന'യിലെ കള്ളൻ സാബു, 'നാളെയാണ് താലിമംഗല'ത്തിലെ വരൻ രഘു, ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും വെബ് സീരീസിൽ മാത്രമല്ല ചലച്ചിത്ര മേഖലയിൽ തന്നെയും തന്റെ സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്താനാവുന്ന പ്രതിഭാവിലാസം തന്നിലുണ്ടെന്ന് കബീർ തെളിയിക്കുന്നത് ആത്മാർഥമായ പരിശ്രമത്തിലൂടെ തന്നെയാണ്.

പ്രദീപ്തം, പ്രകാശപൂർണം, നടനവേദികൾ  
ശംസുദ്ദീൻ വെള്ളിപ്പറമ്പ് സംവിധാനം ചെയ്ത 'ജയന്റെ വീട്' എന്ന ലഘു ചിത്രം, തീർച്ചയായും പ്രദീപ് ബാലൻ എന്ന അഭിനയപ്രതിഭയുടെ അന്നോളം കണ്ടിട്ടില്ലാത്ത, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു മുഖമാവും അരങ്ങിൽ എത്തിക്കുക. കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിച്ച വി ഫോർ യു കാലിക്കറ്റിന്റെ ബോംബ് കോരി സുരേന്ദ്രനിൽ നിന്ന് സുനീർ പാലാഴിയുടെ 'ചായപ്പൊടിയും പഞ്ചസാരയി'ലും എത്തുമ്പോൾ പ്രദീപ് പ്രകടമാക്കിയ നടനചാരുത യാദൃഛികമല്ലെന്ന് തെളിയിക്കുന്ന പ്രകടനങ്ങൾക്ക് ഉദാഹരിക്കാൻ എപ്പിസോഡുകൾ എത്ര വേണമെങ്കിലും ഉണ്ട്, അവസ്ഥയിൽ. ഒരു ചെറു ചലനം കൊണ്ടു പോലും ചിരിയുടെ മാലപ്പടക്കത്തിന്ന് തിരികൊളുത്തിയ 'നാളെയാണ് താലിമംഗല'ത്തിലെ മാമൻ രണ്ടു ഭാഗങ്ങൾ പിന്നിടുമ്പോൾ പ്രദീപിനെയും അവസ്ഥക്കാരെയും തേടി എത്തുന്ന ഫോൺ വിളികൾ ഏറെയും മാമന്റെ മൂന്നാം വരവ് എന്നാണ്, എങ്ങോട്ടാണ് എന്നതാണ്, എന്നറിയുമ്പോൾ ഒരു വെബ് സീരീസിലൂടെ സാധ്യമാകുന്ന കാഴ്ചയുടെ ആഘോഷങ്ങൾക്ക് പുതുമകൾ സമ്മാനിക്കുന്നുണ്ട്, പ്രദീപും 'അവസ്ഥയും'.മിമിക്രി കളിക്കണോ എന്ന് അന്വേഷിച്ചു നടക്കുന്ന ആദ്യ എപ്പിസോഡ് മുതൽ ഇരുപത്തിയഞ്ചാം എപ്പിസോഡ് വരെയും, ഓരോന്നിലും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമല്ല അതെല്ലാം വിവിധങ്ങളായി തന്നെയും അനുഭവവേദ്യമാക്കാൻ പ്രദീപിന് സാധ്യമാകുന്നുണ്ട്.
ദേവൻ, കബീർ, പ്രദീപ് എന്നിവർക്കൊപ്പം അഷ്റഫ് പാലാഴി എന്ന ഛായാഗ്രാഹകനും ചേരുമ്പോൾ അതിമനോഹരമായ, ദൃശ്യചാരുതയോലുന്ന എപ്പിസോഡുകളാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തീർത്തും പരിമിതമായ സാമ്പത്തിക-സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് അഷ്റഫ് പാലാഴി ഒരുക്കിയ ഫ്രെയിമുകൾ അവസ്ഥയുടെ മുന്നോട്ടുള്ള യാത്രയെ എത്രയോ സുഗമമാക്കുന്നുണ്ട്.
മേമനയും പൈപ്പിസവും ഉദയം ക്ലബും എല്ലാം ഒരു സിനിമയെ വെല്ലുന്നുണ്ട് എന്നതിന്ന് അഷ്റഫിനെയും അവസ്ഥക്കാരെയും തേടിയെത്തുന്ന ധാരാളം അവസരങ്ങൾ തന്നെ തെളിവാണ്. ഇരുപത്തിയഞ്ചാം എപ്പിസോഡിൽ ഹരീഷ് കണാരനും കൂടി കൈ കോർക്കുമ്പോൾ 'അവസ്ഥ' മറ്റൊരു ഔന്നത്യമാർന്ന അവസ്ഥയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം. 

Latest News