2001 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം ഇവരെഴുതിയ ഒക്ടോബർ എന്ന കവിത അമേരിക്കയുടെ പുതുമൂലധനത്തിന്റെ നേർചിത്രം വരച്ചു കാണിക്കുന്നു. സാഹിത്യത്തിന് നൊബേൽ സമ്മാനം ലഭിക്കുന്ന 16-ാമത്തെ വനിതയാണ് ലൂയി എലിസബത്ത് ഗ്ലിക്ക്.
ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സാന്ദ്രമൗനിയായ കവയിത്രി ലൂയി എലിസബത്ത് ഗ്ലിക്കിന്.
തന്റെ കവിതകളിലൂടെ ലോകത്തെയും തന്നെ തന്നെയും അവർ നിർവചിക്കാൻ ശ്രമിക്കുകയായിരുന്നു. കവിതകൾ ചൊൽക്കാഴ്ചകളായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് മൗനനൊമ്പരങ്ങളായി ഗ്ലിക്കിന്റെ കവിതകൾ വേറിട്ടു നിൽക്കുന്നു.
കവിതയിൽ ദുരൂഹത കുത്തിനിറക്കുന്നവർക്കുള്ള ഒരു മറുപടി കൂടിയാണ് ഈ അമേരിക്കൻ എഴുത്തുകാരിക്ക് ലഭിച്ച നൊബേൽ സമ്മാനമെന്നു കൂടി പറയേണ്ടതുണ്ട്. കവിതയെ ചുറ്റിപ്പറ്റിയുള്ള ആടയാഭരണങ്ങളൊക്കെ അഴിച്ചുമാറ്റി ജീവിതത്തെയും പ്രകൃതിയേയും കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കാനാണ് ഗ്ലിക്ക് ശ്രമിച്ചിട്ടുള്ളത്. നാഷണൽ ബുക്ക് അവാർഡ്, പുലിറ്റ്സർ പ്രൈസ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടിലെ യു.എസ് കവി എമിലി ഡിക്കിൻസണിന്റെ കാവ്യവഴിയിലുള്ള പിന്തുടർച്ചക്കാരിയാണ് ഗ്ലിക്കെന്ന് പറയാം.
സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം അപ്രതീക്ഷിതമായി അവരെത്തേടിയെത്തിയപ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞതും ഇതുകൊണ്ടു കൂടിയാകാം. അമേരിക്കക്കോ അല്ലെങ്കിൽ യൂറോപ്പിനോ പുറത്ത് അത്രകണ്ട് അറിയപ്പെടുന്ന കവിയായിരുന്നില്ല ഗ്ലിക്ക്. എന്നാൽ അവരുടെ കവിതയ്ക്ക് അമേരിക്കയിൽ സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനമുണ്ടുതാനും. അവിടുത്തെ കവിയരങ്ങുകളിൽ അവർക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. എല്ലാവർക്കും മനസിലാകുന്നുവെന്നതു തന്നെയായിരുന്നു അവരുടെ കവിതയുടെ കരുത്ത്.
സ്ത്രീകളുടെ പ്രശ്നങ്ങളോട് പ്രത്യേകം അനുഭാവം പുലർത്തിയപ്പോഴും ഫെമിനിസത്തിന്റെ മേലങ്കിയെടുത്തണിഞ്ഞ് സമരമുഖത്തവരെ കാണാനും കഴിയുമായിരുന്നില്ല. കവി തന്റെ കവിതയിലൂടെയാണ് ആക്ടിവിസറ്റാകേണ്ടതെന്ന വിശ്വാസക്കാരിയായിരുന്നു. സ്ത്രീകൾ അനുഭവിക്കുന്ന ദുഃഖങ്ങളും യാതനകളും എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവർ തന്റെ കവിതയിലൂടെ അവതരിപ്പിച്ചു. സ്ത്രീത്വത്തിന്റെ മഹനീയതയെക്കുറിച്ച് വാഴ്ത്തിപ്പാടി. അവരുടെ ആരാധകരിൽ വലിയൊരു പങ്കും സ്ത്രീകളായിരുന്നു.
പാരമ്പര്യത്തിൽ നിന്നും മിത്തിൽ നിന്നും ബാല്യത്തിൽ നിന്നും കുടുംബജീവിതത്തിൽനിന്നും ഊർജം ഉൾക്കൊണ്ടായിരുന്നു അവർ കവിതകൾ എഴുതിയിരുന്നത്. കറുത്ത വർഗക്കാരോട് അനുഭാവം പുലർത്തിയിരുന്നു. നമുക്കറിയാം ഇന്നും അമേരിക്കയിൽ ഒരു വനിതയ്ക്ക് പ്രസിഡന്റാകാൻ കഴിഞ്ഞിട്ടില്ല. കറുത്തവർ ഇന്നും ആട്ടിയകറ്റപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. ഒബാമ പ്രസിഡന്റായി മത്സരിച്ചപ്പോൾ കലവറയില്ലാത്ത പിന്തുണയാണ് ഗ്ലിക്ക് നൽകിയത്. കറുത്തവരുടെ പ്രതിനിധാനമാണ് ഇനി അമേരിക്ക് ആവശ്യമെന്നവർ തെളിച്ചു പറഞ്ഞു.
എന്നാൽ കറുത്തവരുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിൽ ഇറങ്ങുന്ന ഒരു ആക്ടിവിസ്റ്റാകാനും അവർ തയാറല്ല. തന്റെ കവിതയിലൂടെയും വാക്കുകളിലൂടെയും പീഡിപ്പിക്കപ്പെടുന്നവരോടുള്ള അനുഭാവം അവർ തുറന്നു പറഞ്ഞു.
ലൂയി എലിസബത്ത് ഗ്ലിക്കിന് നൊബേൽ പുരസ്കാരം ലഭിക്കുമെന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ഈ പേര് പുരസ്കാര സമിതി പരിഗണിക്കുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകർക്കുപോലും കണ്ടെത്താനായിരുന്നില്ല. എൺപതുകളിലാണ് ഗ്ലിക്കിന്റെ കവിതകൾ യു.എസിലും യൂറോപ്പിലും അറിയപ്പെട്ടു തുടങ്ങിയത്. ആദ്യ കൃതിയായ ഫസ്റ്റ്ബോണിന് നല്ല സ്വീകാര്യത ലഭിച്ചു. മിത്തുകളെ തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു കൊണ്ടുള്ള കവിതകൾ അവരുടെ മുഖമുദ്രയായിരുന്നു.
അറരാത് (Ararat1990) എന്ന കവിത വായിച്ചിട്ടുള്ളവർ ഇതു സമ്മതിക്കും.
കണ്ണുനീർതുള്ളിയെ സ്ത്രീയോടുപമിച്ച ഈ കവി ഒറ്റപ്പെട്ട ജീവിതത്തിന്റെ ഉടമയാണ്. 2001 ലെ വേൾഡ് സെന്റർ ആക്രമണത്തിനു ശേഷം ഇവരെഴുതിയ ഒക്ടോബർ എന്ന കവിത അമേരിക്കയുടെ പുതുമൂലധനത്തിന്റെ നേർചിത്രം വരച്ചു കാണിക്കുന്നു. സാഹിത്യത്തിന് നൊബേൽ സമ്മാനം ലഭിക്കുന്ന 16-ാമത്തെ വനിതയാണിവർ. കൊടുംശൈത്യത്തെ അതിജീവിച്ച് ജീവനുകൾ ഉയിർത്തെഴുന്നേൽക്കുന്ന വിസ്മയത്തെക്കുറിച്ച് കവി എഴുതുന്നു:
I did not expect to survive
earth suppressing me, i did not expect
to waken again, to feel, in damp earth my body
able to respond again, remembering
after so long how to open again
in the cold light
of earliest spring...
1943 ൽ ന്യൂയോർക്കിൽ ജനിച്ച ഗ്ലിക്ക് ഇപ്പോൾ മസാച്യൂസറ്റ്സിലാണ് താമസം. യേൽ സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്ക് 12 കാവ്യസമാഹാരങ്ങളും നിരവധി ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫസ്റ്റ്ബോൺ (1968), വെൽഡ് ഐറിസ് (1992), അവർണോ (1992) എന്നിവയും ഈ എഴുപത്തിയേഴുകാരിയുടെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്. നൊബേൽ പുരസ്കാരലബ്ധിയിലൂടെ ഗ്ലിക്കും അവരുടെ കവിതകളും ലോകത്തിന്റെ നാനാഭാഗത്തേക്ക് സഞ്ചരിക്കുമെന്നകാര്യത്തിൽ സംശയമില്ല.






