കൊയിലാണ്ടിയിൽ നിന്ന് തുടങ്ങി ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വരെ നിരവധി അരങ്ങുകളിൽ നിറഞ്ഞു നിന്ന ഒരു നാടകത്തിന്റെ സർഗധനനായ രചയിതാവിന്റെ ജീവിത യവനികയ്ക്ക് പിന്നിലേക്ക്...
1985 ഒക്‌ടോബർ 18 സായാഹ്നം. വടകരക്കടുത്തുള്ള കൊയിലാണ്ടി പട്ടണത്തിലെ തിരക്കിലൂടെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഒരു പ്രതിഷേധ പ്രകടനം വരുന്നു. തൊട്ടതിനും പിടിച്ചതിനും പ്രകടനം നടക്കുന്ന നാട്ടിൽ ആളുകൾ പൊതുവെ അതിനോട് മുഖം തിരിക്കുകയാണ് പതിവ്. പക്ഷേ, ഈ പ്രകടനത്തെ അവരെല്ലാം കൗതുകത്തോടെ നോക്കി നിന്നു. അതിന് കാരണമുണ്ട്. ആ പ്രകടനത്തിൽ ഒരാൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒരു ഒറ്റയാൾ പ്രതിഷേധ പ്രകടനം! ഒരറ്റം മുതൽ മറ്റേ അറ്റം വരെ മുദ്രാവാക്യം വിളിച്ച് നടന്ന അയാൾക്ക് തിരിച്ചു വരുമ്പൊഴേക്കും ഒച്ച അടച്ചിരുന്നു. പക്ഷേ, അത് വകവയ്ക്കാതെ അയാൾ അവിടെ നിർത്തിയിട്ടിരുന്ന ഒരു ബസിന് മുകളിൽ കയറി നിന്ന് പ്രസംഗിക്കുകയും ചെയ്തു.
ആളുകളിൽ ചിലർ പരസ്പരം സംശയത്തോടെ ചോദിച്ചു-ആരാണയാൾ? ഭ്രാന്തനാണോ? എന്താണയാൾ പറയുന്നത്? പക്ഷേ, അവിടെയുള്ള ഭൂരിപക്ഷം പേർക്കും അദ്ദേഹം സുപരിചിതനാണ്. പ്രമുഖ നാടകകൃത്തും ആക്ടിവിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടി ആയിരുന്നു അത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനും കവിയുമായ ബെഞ്ചമിൻ മൊളേയിസിനെ ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻ ഭരണകൂടം തൂക്കിലേറ്റിയ വാർത്ത റേഡിയോയിൽ അറിഞ്ഞ ഉടൻ അതിനോടുള്ള തന്റെ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഉൾപ്പെടെയുള്ള അനേകം രാജ്യങ്ങളുടെ കടുത്ത എതിർപ്പിനെ അവഗണിച്ചുകൊണ്ട് നടത്തിയ ആ അരുംകൊല ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു.

പ്രകടനം നടത്തിയിട്ടും ബസിന് മുകളിൽ കയറി നിന്ന് ആളുകളോട് സംസാരിച്ചിട്ടും അദ്ദേഹത്തിന്റെ മനസിൽ ആളിക്കത്തിയ പ്രതിഷേധത്തിന്റെ അഗ്നിജ്വാല കെട്ടടങ്ങിയില്ല. അപ്പൊഴേക്കും ഇരുൾ വീണ് തുടങ്ങിയിരുന്നു. ഒരു കെട്ട് കടലാസും പേനയും കൂട്ടത്തിൽ ഏതാനും മെഴുകുതിരികളും വാങ്ങി ഏതോ നിയോഗം നിറവേറ്റാനെന്ന പോലെ അദ്ദേഹം താൻ പഠിച്ച പയ്യോളി ഗവ. ഹൈസ്‌കൂളിലേക്ക് നടന്നു. അവിടെ എട്ടാം ക്ലാസിൽ കയറിയിരുന്ന് മെഴുകുതിരി വെട്ടത്തിൽ, ഭരണകൂട ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ജീവൻ ത്യജിക്കേണ്ടി വന്ന ബെഞ്ചമിൻ മൊളേയിസിനെ കുറിച്ച് ഒരു ഏകാങ്ക നാടകമെഴുതാൻ തുടങ്ങി -അസുരഗീതം! നേരം വെളുക്കുമ്പോഴേക്കും നാടകം എഴുതി മുഴുമിപ്പിച്ചിരുന്നു.
സത്യത്തിൽ തന്നെക്കൊണ്ട് ആരോ അത് എഴുതിക്കുകയായിരുന്നു എന്നാണ് ചന്ദ്രശേഖരന് പിന്നീട് തോന്നിയത്. കാരണം അങ്ങനെ ഒരു നാടകം എഴുതാൻ മുൻകൂട്ടി നിശ്ചയിക്കുകയോ എന്തെങ്കിലും മുന്നൊരുക്കം നടത്തുകയോ ഒന്നും ചെയ്തിരുന്നില്ല എന്നതു തന്നെ. നാടകം എഴുതി പൂർത്തിയാക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ മനസ്സൊന്ന് ശാന്തമായത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ആ ധീരദേശാഭിമാനിയായ കവിയ്ക്കായി ഇങ്ങ് കേരളത്തിൽ ചന്ദ്രശേഖരൻ തിക്കോടി ഒരുക്കിയ നിത്യസ്മാരകമായി ആ നാടകം മാറുകയായിരുന്നു.
വടകര മേഴ്‌സി കോളേജ് ദിനാഘോഷത്തോടനുബന്ധിച്ച് ടൗൺഹാളിലായിരുന്നു അസുരഗീതത്തിന്റെ അരങ്ങേറ്റം. വെറും ഒന്നര ദിവസത്തെ പരിശീലനം കൊണ്ടാണ് അന്ന് നാടകം സ്റ്റേജിൽ കയറിയത്. അതിന്റെ കുറ്റവും കുറവും ഉണ്ടായിരുന്നെങ്കിലും നാടകം വമ്പിച്ച ജനശ്രദ്ധ ആകർഷിച്ചു. തുടർന്ന് യു.പി-ഹൈസ്‌കൂൾ യുവജനോത്സവങ്ങളിലും അമച്വർ നാടകവേദികളിലും മറ്റുമായി ആയിരക്കണക്കിന് സ്റ്റേജുകളിൽ അവതരിപ്പിച്ച് നാടകം കൈയടി നേടി. സ്‌കൂൾ യുവജനോത്സവങ്ങളിൽ പല പേരുകളിലായി പലരും കളിച്ച ആ നാടകത്തിന് പലപ്പോഴായി വിധികർത്താവായി ഇരിക്കേണ്ടി വന്ന നിയോഗവും ചന്ദ്രശേഖരൻ തിക്കോടിക്കുണ്ടായി.
കേരളത്തിലുടനീളം വേദികൾ പങ്കിട്ട അസുരഗീതം തുടർന്ന് സംസ്ഥാനത്തിന് പുറത്തും കളിക്കാൻ തുടങ്ങി. കൊൽക്കത്ത, ചെന്നൈ, ദൽഹി, മുംബൈ തുടങ്ങി ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും നാടകം അരങ്ങേറി. ദുബായിൽ ഒരു മത്സരത്തിനെത്തിയപ്പോൾ അസുരഗീതത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് കവി ഒ.എൻ.വി കുറുപ്പായിരുന്നു. നാടകത്തിന് ഒന്നാം സമ്മാനവും കിട്ടി.
സംഘാടകർ നാടകമെഴുതിയ ചന്ദ്രശേഖരന് ഒരു അഭിനന്ദനക്കുറിപ്പും ഒപ്പം പ്രതിഫലവും അയച്ചു കൊടുക്കുകയുണ്ടായി. അവിടെ നിന്ന് നാടകത്തെ കുറിച്ച് അറിഞ്ഞ ചില ആഫ്രിക്കൻ വംശജർ, സംഘാടകരിൽ നിന്നും സ്‌ക്രിപ്റ്റിന്റെ ഇംഗ്ലീഷ് പരിഭാഷ വാങ്ങി. അവരത് കവി ബെഞ്ചമിൻ മൊളേയിസിന്റെ നാടായ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ അവതരിപ്പിക്കാനായി കൊണ്ടുപോയി.
ഒട്ടും തയാറെടുപ്പില്ലാതെ ഒരു നിയോഗം പോലെ എഴുതി, കൊയിലാണ്ടിയിൽ നിന്നും ആരംഭിച്ച അസുരഗീതം എന്ന നാടകത്തിന്റെ ഈ ജൈത്രയാത്ര ചന്ദ്രശേഖരനെ വല്ലാതെ വിസ്മയിപ്പിച്ച വസ്തുതയാണ്. അതെങ്ങനെ സംഭവിച്ചു എന്നതിന് കൃത്യമായ ഒരുത്തരം ഇപ്പോഴും തന്റെ പക്കലില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, മനുഷ്യത്വരഹിതമായി പെരുമാറുന്ന അധികാരവർഗത്തിന്റെ അപ്രമാദിത്തം ചോദ്യം ചെയ്തുകൊണ്ടുള്ള നമ്മുടെ പ്രതിഷേധങ്ങൾക്ക് കാല-ദേശ-വർഗ-വർണ പരിമിതികളില്ല എന്ന് താൻ തിരിച്ചറിഞ്ഞതായി ചന്ദ്രശേഖരൻ തിക്കോടി വ്യക്തമാക്കി.
മുതലാളിത്ത മനോഭാവമുള്ള ഭരണകൂടങ്ങൾ മനുഷ്യരെ നിഷ്‌ക്രിയരും നിരാലംബരുമാക്കി ചൂഷണം ചെയ്ത് പൊറുതിമുട്ടിക്കുമ്പോൾ അടിമത്ത സ മാനമായ ആ സാഹചര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെ ഉണർവിലേക്ക് ഉയിർത്തെഴുന്നേൽക്കാൻ ലോകജനതയെ ആഹ്വാനം ചെയ്ത മാർക്‌സിന്റെ ജീവിതത്തിന് നാടകാവിഷ്‌കാരം നൽകാൻ ചന്ദ്രശേഖരൻ തിക്കോടിയെ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നല്ല. 1993-ൽ കണ്ണൂർ സംഘചേതനയ്ക്ക് വേണ്ടി ചരിത്രം അവസാനിക്കുന്നില്ല എന്ന നാടകം എഴുതിയത് അങ്ങനെയാണ്. ഓരോ സീൻ അവസാനിക്കുമ്പോഴും കാണികളെ ഗദ്ഗദകണ്ഠരാക്കിയ ആ നാടകം, മാർക്‌സിന്റെ ജീവിതം ആസ്പദമാക്കി ലോകഭാഷകളിൽ തന്നെ ആദ്യമുണ്ടായ നാടക സാക്ഷാത്കാരമായിരുന്നു എന്ന് വിലയിരുത്തിയത് സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു.
ബഹുഭാഷാ പണ്ഡിതനും ഭാരതീയ ഇതിഹാസങ്ങളിൽ അവഗാഹമുണ്ടായിരുന്ന ആളും രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനുമായ അച്ഛൻ ശങ്കരനാണ്, ചന്ദ്രശേഖരൻ തിക്കോടിക്ക് എഴുതാനുള്ള പ്രചോദനമാകുന്നത്. 1980-ൽ എഴുതിയ നാവ് എന്ന ഏകാങ്ക നാടകമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സൃഷ്ടി. യുക്തിവാദി സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ടൗൺഹാളിലായിരുന്നു അതിന്റെ അരങ്ങേറ്റം. തുടർന്നുള്ള 40 വർഷങ്ങൾക്കിടയിൽ 25-ഓളം പൂർണ നാടകങ്ങൾ അദ്ദേഹമെഴുതി 40-ഓളം അമച്വർ നാടകങ്ങളുടേയും 60-ഓളം റേഡിയോ നാടകങ്ങളുടേയും രചയിതാവ് കൂടിയാണ് അദ്ദേഹം.

സ്റ്റേജ് ഇന്ത്യ, സംഗമം, സംഘചേതന, വടകര വരദ തുടങ്ങിയ കേരളത്തിലെ പല പ്രമുഖ സമിതികൾക്ക് വേണ്ടിയും അദ്ദേഹം നാടകങ്ങൾ രചിച്ചിട്ടുണ്ട്. ജോസ് ചിറമേൽ, വിക്രമൻ നായർ, ഷിബു എസ്.കൊട്ടാരം തുടങ്ങി മലയാളത്തിലെ ഏറ്റവും പ്രഗത്ഭമതികളാണ് അദ്ദേഹത്തിന്റെ മിക്ക നാടകങ്ങളും സംവിധാനം ചെയ്തത്. അച്യുതന്റെ സ്വപ്‌നം, ലക്ഷ്മണരേഖ, സ്യമന്തകം, അമൃതംഗമയ, തണ്ണീർ തണ്ണീർ, മറുപുറം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ നാടകങ്ങളാണ്. അവയിൽ പലതും കേരളത്തിനും പുറത്തുമായി ആയിരക്കണക്കിന് സ്റ്റേജുകളിൽ നിറഞ്ഞാടി കാണികളുടെ മുക്തകണ്ഠം പ്രശംസ നേടിയവയാണ്.
വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് വേരോട്ടമുള്ള ഒരു കുഗ്രാമമായ പാടിക്കുന്നിലെ കർഷകരുടെ ധീരോദാത്തമായ പോരാട്ടത്തിന്റെ കഥ, പാടിക്കുന്ന് എന്ന പേരിൽ കോഴിക്കോട് സംഗമം തിയേറ്റേഴ്‌സിനായി അദ്ദേഹം നാടകമാക്കുകയുണ്ടായി.
കമ്യൂണിസത്തെ അടിമുടി വെറുക്കുന്ന ഒരു മുതലാളിത്ത രാജ്യമായ അമേരിക്കയിൽ ലോസാഞ്ചലസ് മുതൽ ന്യൂയോർക്ക് വരെയുള്ള നിരവധി നഗരങ്ങളിലെ വമ്പിച്ച ജനാവലിക്ക് മുന്നിൽ ആ നാടകം അരങ്ങു തകർത്തു എന്നതും ശ്രദ്ധേയമാണ്. ഒപ്പം അച്യുതന്റെ സ്വപ്‌നം എന്ന അദ്ദേഹത്തിന്റെ മറ്റൊരു നാടകവും അന്ന് അമേരിക്കയിൽ കളിക്കുകയുണ്ടായി. ഇവയ്‌ക്കൊപ്പമായിരുന്നു സംഗമം തിയേറ്റേഴ്‌സ് അന്ന് എം.ടി.വാസുദേവൻ നായർ എഴുതിയ ഏക നാടകമായ ഗോപുരനടയിൽ അവതരിപ്പിച്ചത്.
കണ്ണൂർ ജില്ലയിലെ പറശ്ശിനിപ്പുഴയുടെ മറുകരയിൽ, കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ ധീരസമര ചരിത്രത്തിൽ നിർണായക പങ്കു വഹിച്ച പാടിക്കുന്നിന്റെ ഓർമകൾ ഉറങ്ങുന്ന കയരളം ഗ്രാമവും ഇന്ത്യൻ സ്വാതന്ത്ര്യ സമരക്കാലത്ത് ബ്രിട്ടീഷ് അധികാരവർഗത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി വിറപ്പിച്ച പ്രമാദമായ ബോംബ് കേസിന് രംഗവേദിയായ കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമവും കേന്ദ്രമാക്കി മലബാറിന്റെ 70-75 വർഷത്തെ ചരിത്രം പറയുന്ന വടക്കൻ കാറ്റ് എന്നൊരു നോവൽ ചന്ദ്രശേഖരന്റേതായി അടുത്തു തന്നെ പുറത്തിറങ്ങുന്നുണ്ട്.
കഴിഞ്ഞ 40 വർഷത്തിലേറെയായി ഒരു നാടകകൃത്തായിരിക്കുമ്പോഴും അദ്ദേഹം പല തവണ മാറ്റിവെച്ചതാണ് വടക്കൻ കാറ്റിന്റെ കഥ. ഒരു നാടകത്തിന്റെ പരിമിതമായ ഫ്രെയിമിനപ്പുറത്തായി സംഭവബഹുലമായ ഒട്ടേറെ കാര്യങ്ങൾ അതിലുണ്ട് എന്നതിനാലാണത്. പക്ഷേ, ഇനിയുമത് എഴുതാതിരുന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വലമായ ചില മുഹൂർത്തങ്ങൾ പുതിയ തലമുറകൾ അറിയാതെ പോകും എന്നതാണ് ഇപ്പോൾ ഒരു നോവലായി അത് എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
പ്രൊഫഷണലും അമച്വറുമായ സമിതികൾക്ക് വേണ്ടി നാടകങ്ങൾ എഴുതുന്ന ചന്ദ്രശേഖരൻ തിക്കോടി നാടകങ്ങളെ കച്ചവടവൽക്കരിച്ച് അവതരിപ്പിക്കുന്ന സമിതികളുമായി പൊതുവെ സഹകരിക്കാൻ താൽപര്യമുള്ള ആളല്ല. നാടകാചാര്യൻ കെ.ടി. മുഹമ്മദിന്റെ ശിഷ്യനായ തനിക്ക് അതിന് ആവില്ല എന്നദ്ദേഹം തുറന്നു പറയുന്നു. അത്തരക്കാരുടെ വലിയ പ്രതിഫല വാഗ്ദാനം പോലും നിരസിച്ച ചന്ദ്രശേഖരൻ, എഴുത്തിലും ഒരു ആക്ടിവിസ്റ്റിന്റെ സത്യസന്ധത പുലർത്തുന്ന കലാകാരനാണ്. ഭാര്യ വത്സലയ്‌ക്കൊപ്പം തിക്കോടിയിലാണ് അദ്ദേഹത്തിന്റെ താമസം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ബയോകെമിസ്റ്റായ സുരഭിയും വ്യോമസേനയിൽ ജോലി ചെയ്യുന്ന ദീപാങ്കുരനും മക്കളാണ്.






