പത്തൊമ്പതാം ഓവറില്‍ രാജസ്ഥാന്‍ കലമുടച്ച

ദുബായ് - ഐ.പി.എല്ലിലെ സൂപ്പര്‍ ത്രില്ലറില്‍ പരാജയം തുറിച്ചുനോക്കിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരെ എബി ഡിവിലിയേഴ്‌സിന്റെ വെടിക്കെട്ട് ഷോയില്‍ അവര്‍ ഏഴ് വിക്കറ്റിന്റെ വിജയം പിടിച്ചു. 32 പന്തില്‍ 43 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പിന്നണി പാടി. രാജസ്ഥാന്റെ ആറിന് 177 രണ്ട് പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. സ്‌കോര്‍:  രാജസ്ഥാന്‍ ആറിന് 177, ബാംഗ്ലൂര്‍ മൂന്നിന് 179.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (36 പന്തില്‍ 57) റോബിന്‍ ഉത്തപ്പയുമാണ് (22 പന്തില്‍ 41) രാജസ്ഥാനെ മികച്ച സ്‌കോറിേേലക്ക് നയിച്ചത്. ക്രിസ് മോറിസും (4-26) സ്പിന്നര്‍ യുസവേന്ദ്ര ചഹലും (2-34) ആറ് വിക്കറ്റ് പങ്കുവെച്ചു. 
അവസാന രണ്ടോവറില്‍ 35 റണ്‍സ് വേണമായിരുന്നു ബാംഗ്ലൂരിന് ജയിക്കാന്‍. ജോഫ്ര ആര്‍ച്ചറെ പത്തൊമ്പതാം ഓവര്‍ എറിയിക്കാതിരുന്നത് രാജസ്ഥാന് പറ്റിയ വന്‍ പിഴവായി. പകരം ബൗള്‍ ചെയ്ത ജയദേവ് ഉനാദ്കത്തിനെ തുടര്‍ച്ചയായി മൂന്നു തവണ ഡിവിലിയേഴ്‌സ് ഗാലറിയിലേക്കുയര്‍ത്തി. ആ ഓവറില്‍ 25 റണ്‍സൊഴുകി. ഫലത്തില്‍ കളി ബാംഗ്ലൂരിന്റെ പോക്കറ്റിലായി. ആര്‍ച്ചര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്നു പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് പിറന്നത്. നാലാമത്തെ പന്ത് ഡിവിലിയേഴ്‌സ് മിഡ്‌വിക്കറ്റിലൂടെ ഗാലറിയിലേക്ക് പായിച്ചു. റോയല്‍സ് ആകെ അടിച്ചത് അഞ്ച് സിക്‌സറായിരുന്നു, ഡിവിലിയേഴ്‌സ് മാത്രം ആറ് സിക്‌സറടിച്ചു. 
രാജസ്ഥാന്‍ ഇന്നിംഗ്‌സില്‍ സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മ ഒരിക്കല്‍കൂടി പ്രകടമായി. സിക്‌സറോടെ ചഹലിനെ സ്വാഗതം ചെയ്ത സഞ്ജു അതേ ഓവറില്‍ മറ്റൊരു സിക്‌സറിനുള്ള ശ്രമത്തില്‍ പുറത്തായി. 

Latest News