Sorry, you need to enable JavaScript to visit this website.

പുതുവർഷത്തേക്കുള്ള ചോദ്യങ്ങൾ

ഏതു സാഹചര്യത്തിലും ഏതു പ്രതലത്തിലും ഏത് അവസ്ഥയിലും വിജയിക്കാനാവുമെന്ന് കരിയറിലുടനീളം തെളിയിച്ചവരാണ് നദാലും ഫെദരറും നോവക്കും. ഇവരിലാരാണ് ഗ്രെയ്റ്റസ്റ്റ്? 


2020 ലെ ഗ്രാന്റ്സ്ലാം സീസൺ കഴിഞ്ഞു. റോജർ ഫെദരറുടെ 20 ഗ്രാന്റ്സ്ലാമുകളുടെ റെക്കോർഡിനൊപ്പമെത്തി റഫായേൽ നദാൽ. മറ്റൊരു പുരുഷ താരവും ഇതിനെക്കാൾ കൂടുതൽ ഗ്രാന്റ്സ്ലാമുകൾ നേടിയിട്ടില്ല. 17 ഗ്രാന്റ്സ്ലാമുമായി നോവക് ജോകോവിച് തൊട്ടുപിന്നിലുണ്ട്. ഇവരിലാണ് ഗ്രെയ്റ്റസ്റ്റ്.. ചർച്ച അവസാനിക്കുന്നില്ല. 
ഇപ്പോൾ ഒരു തീരുമാനത്തിലെത്താൻ ശ്രമിക്കുന്നത് അസംബന്ധമാവും, പ്രത്യേകിച്ചും മൂവരും സജീവമായി കളിക്കുന്ന സമയത്ത്.  മാത്രമല്ല, അത് അനാവശ്യവുമാണ്. മൂവരെയും ആസ്വദിക്കാനും അഭിനന്ദിക്കാനും അവസരം കിട്ടുമ്പോൾ ഒന്നു മതി എന്ന് തീരുമാനിക്കുന്നതെന്തിന്? നദാൽ 6-0, 6-2, 7-5 ന് നോവക്കിനെ തകർത്ത് ഫെദരറുടെ ഗ്രാന്റ്സ്ലാം റെക്കോർഡിനൊപ്പമെത്തുന്നതിന് രണ്ടാഴ്ച മുമ്പ് സെറീന വില്യംസിനോട് അത്തരമൊരു നേട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചു. എന്നാൽ സെറീന 23 ഗ്രാന്റ്സ്ലാം നേടിയിട്ടുണ്ട്. പ്രൊഫഷനൽ യുഗത്തിൽ മറ്റാർക്കും കഴിയാത്ത നേട്ടം. ഗ്രെയ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു പേരെ താരതമ്യം ചെയ്യാനാവില്ലെന്നായിരുന്നു സെറീനയുടെ നിലപാട്. 99 ശതമാനം പേർക്കും സ്വപ്‌നം കാണാൻ പോലുമാവാത്ത ഉയരങ്ങളിലുള്ളവരാണ് രണ്ടു പേരും. അവർ നേടിയ ഓരോ അംഗീകാരത്തിനും അവർ പൂർണമായി അർഹരാണ്. രണ്ടു പേരുടെയും വലിയ ആരാധികയാണ് ഞാൻ -സെറീന പറഞ്ഞു. 
അതിൽ തെറ്റില്ല. അവരിലൊരാളെ ആരാധിക്കുന്നതിലും തെറ്റില്ല. കളിയെന്നാൽ അങ്ങനെയാണ്. 


എന്നാൽ താൻ എണ്ണങ്ങളുടെ ആരാധകനാണ് എന്നാണ് ഇവാൻ ലെൻഡൽ പറഞ്ഞത്. 1984 നും 1990 നുമിടയിൽ എട്ട് ഗ്രാന്റ്സ്ലാമുകൾ സ്വന്തമാക്കിയിട്ടുണ്ട് ലെൻഡൽ. 'ഏറ്റവും കൂടുതൽ ഗ്രാന്റ്സ്ലാം നേടുന്ന കളിക്കാരൻ ഗ്രെയ്റ്റസ്റ്റായി വാഴ്ത്തപ്പെടുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ അത് ഇപ്പോഴും തീരുമാനിച്ചു കഴിഞ്ഞിട്ടില്ല' -ലെൻഡൽ പറഞ്ഞു. 
എല്ലാ ഗ്രാന്റ്സ്ലാമും ഒരു തവണയെങ്കിലും നേടിയിട്ടുണ്ട് നദാൽ. മൂന്നു പതിറ്റാണ്ടിലും -2000 യിരങ്ങളിലും 2010 കളിലും 2020 കളിലും- ഒരു തവണയെങ്കിലും ഗ്രാന്റ്സ്ലാം സ്വന്തമാക്കിക്കഴിഞ്ഞു. 13 തവണ നദാൽ ഫ്രഞ്ച് ഓപൺ ചാമ്പ്യനായി. മറ്റൊരു ടൂർണമെന്റിലും ഒരു കളിക്കാരനും ഇത്രയധികം തവണ വിജയം വരിച്ചിട്ടില്ല. ഒരുപക്ഷെ ഇനി വിജയം വരിക്കാനും പോവുന്നില്ല. പരസ്പരമുള്ള മത്സരത്തിൽ ഫെദരർക്കെതിരെ 24-16 ന്റെ റെക്കോർഡുണ്ട്. ഗ്രാന്റ്സ്ലാം ഫൈനലുകളിൽ നോവക്കിനെതിരെ 5-4 ന് മുന്നിലാണ്. 
ഫെദരർക്കുമുണ്ട് 20 ഗ്രാന്റ്സ്ലാം. നാല് ഗ്രാന്റ്സ്ലാമുകളിലും ചാമ്പ്യനായിട്ടുണ്ട്. എ.ടി.പി റാങ്കിംഗിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം സ്ഥാനത്ത് ഫെദരറായിരുന്നു. ഏറ്റവും കൂടുതൽ കിരീടങ്ങളും (103) വിജയങ്ങളും (1242) നേടിയത് ഫെദരറായിരുന്നു. 


പതിനാലിലേറെ ഗ്രാന്റ്സ്ലാമുകൾ നേടിയവരുടെ പട്ടികയിൽ നദാലിനും ഫെദരർക്കും പുറമെ ഒരാളേയുള്ളൂ - നോവക്. നോവക്കും എല്ലാ ഗ്രാന്റ്സ്ലാമുകളിലും ചാമ്പ്യനായിട്ടുണ്ട്. ഫ്രഞ്ച് ഓപൺ ഒഴികെ ഗ്രാന്റ്സ്ലാമുകൾ ഒന്നിലേറെ തവണ സ്വന്തമാക്കിയിട്ടുണ്ട്. നദാലിനെ പോലെ മൂന്ന് ദശകത്തിലും ഗ്രാന്റ്സ്ലാം ചാമ്പ്യനായിട്ടുണ്ട്. 
പരസ്പരമുള്ള മത്സരങ്ങളിൽ നദാലിനെതിരെയും (29-27) ഫെദരർക്കെതിരെയും (27-23) മുന്നിലാണ്. ഏറ്റവും മാസ്റ്റേഴ്‌സ് 1000 കിരീടങ്ങൾ നേടിയത് നോവക്കാണ്. എല്ലാ മാസ്‌റ്റേഴ്‌സ് 1000 കിരീടങ്ങളും രണ്ടു തവണയെങ്കിലും സ്വന്തമാക്കിയിട്ടുണ്ട്. മറ്റൊരു കളിക്കാരനും എല്ലാ മാസ്‌റ്റേഴ്‌സ് 1000 കിരീടങ്ങളും ഒരു തവണ പോലും നേടിയിട്ടില്ല. ലോക റാങ്കിംഗിൽ ഏറ്റവുമധികം കാലം വാണ ഫെദരറുടെ റെക്കോർഡിനോടടുക്കുകയാണ് നോവക്. 


അവരുടെ പ്രതിഭയും ശൈലിയും വ്യക്തിത്വവും വെവ്വേറെയാണ്. അമേരിക്കൻ ടെന്നിസ് താരം ജാക് സോക്ക് പറയുന്നു: മൂന്നു പേരും മൂന്ന് രീതിയിലാണ് കളിക്കുന്നത്. മൂവർക്കും അവരുടേതായ ഇഷ്ട പ്രതലമുണ്ട്. ഏതെങ്കിലുമൊരാളെ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. വ്യത്യസ്തങ്ങളായ മാനദണ്ഡങ്ങളിൽ മൂവരും ഗ്രെയ്റ്റസ്റ്റാണ്'.


സെർവും നെറ്റ് ഗെയിമുമാണ് ഫെദരറുടെ കരുത്ത്. വിംബിൾഡൺ പുൽകോർടിൽ അഗ്രഗണ്യനാണ് ഫെദരർ. ഇടങ്കൈയൻ ഫോർഹാന്റും കോർടിന്റെ ഏതു മൂലയിലും ഓടിയെത്തുന്നതുമാണ് നദാലിന്റെ കഴിവ്. ഫ്രഞ്ച് ഓപണിന്റെ ചെമ്മണ്ണിൽ നദാലിനെ വെല്ലാൻ ആരുമില്ല. റിട്ടേണും ബാക്ഹാന്റുമാണ് നോവക്കിനെ വേറിട്ടുനിർത്തുന്നത്. ഓസ്‌ട്രേലിയൻ ഓപണിലെ ഹാർഡ് കോർടുകളാണ് നോവക്കിന്റെ ഇഷ്ട തട്ടകം.
ഏതു സാഹചര്യത്തിലും ഏതു പ്രതലത്തിലും ഏത് അവസ്ഥയിലും വിജയിക്കാനാവുമെന്ന് കരിയറിലുടനീളം തെളിയിച്ചവരാണ് ഈ മൂന്നു പേരുമെന്ന് 2014 ലെ യു.എസ് ഓപൺ ചാമ്പ്യൻ മാരിൻ സിലിച് പറയുന്നു. എല്ലാ പ്രതിസന്ധികൾക്കുമിടയിലും അവർ വിജയിക്കാൻ വഴി കണ്ടെത്തി. യഥാർഥ ചാമ്പ്യന്മാരുടെ ഗുണമാണ് അത്. 
ആരാണ് ഇവരിൽ ഗ്രെയ്റ്റസ്റ്റ് എന്ന ചോദ്യം മാറ്റിനിർത്താം. 2021 ൽ ടെന്നിസ് പ്രേമികൾ ഉത്തരം കണ്ടെത്തേണ്ട മറ്റു ചില ചോദ്യങ്ങളുണ്ട്. 
-മുപ്പത്തൊമ്പതുകാരിയായ സെറീന വില്യംസിന് ഗ്രാന്റ്സ്ലാം വിജയങ്ങൾ തുടരാനുള്ള ആരോഗ്യവും കായികക്ഷമതയും നിലനിർത്താനാവുമോ?
-സമീപകാലത്തെ യുവ വനിതാ ഗ്രാന്റ്സ്ലാം ചാമ്പ്യന്മാരായ ഈഗ ഷ്വാടെക് (19), ബിയാങ്ക ആൻഡ്രിയസ്‌ക്യു (20), സോഫിയ കെനീൻ (21), നവോമി ഒസാക്ക (22), ആഷ്‌ലെയ് ബാർടി (24) എന്നിവരിൽ ആരാവും മികച്ച കളിക്കാരി?


-പുരുഷ താരങ്ങളിൽ ഡൊമിനിക് തിയേമിന് (27) മറ്റു യുവ കളിക്കാരെ പിന്നിലാക്കാനാവുമോ?
-ഡാനിൽ മെദവദേവ് (24), അലക്‌സാണ്ടർ സ്വരേവ് (23), സ്‌റ്റെഫനോസ് സിറ്റ്‌സിപാസ് (22), ആന്ദ്രെ റൂബലേവ് (22), ഡെനിസ് ഷാപോവലോവ് (21), കാസ്പർ റൂഡ് (21), ഫെലിക്‌സ ഓജർ അലിയസിമെ (20), യാനിക് സിന്നർ (19) എന്നിവരിൽ ആരായിരിക്കും അടുത്ത വർഷത്തെ താരം?
ബിഗ് ത്രീയെക്കുറിച്ചുമുണ്ട് ചോദ്യം


-മുപ്പത്തൊമ്പതുകാരനായ ഫെദരർക്ക് രണ്ട് ശസ്ത്രക്രിയകളുടെ ഭാരം പേറി എത്രകാലം കൂടി മുന്നോട്ടുപോവാനാവും. ഈ വർഷം ഫ്രഞ്ച് ഓപണിലും യു.എസ് ഓപണിലും ഫെദരർക്ക് കളിക്കാനായിട്ടില്ല. 
നദാലിന് 34 ആയി, നോവക്കിന് ഇരുപത്തിമൂന്നും. എത്രകാലം കൂടി അവർ ടെന്നിസിന്റെ ഉയരങ്ങളിൽ പരസ്പരം കൊമ്പുകോർക്കും? എന്തായാലും ഒന്നുറപ്പാണ്. ഇതുപോലെ ഗ്രെയ്റ്റസ്റ്റായ ചാമ്പ്യന്മാർ ഒരേസമയം ഇനിയുണ്ടാവുക ഏതാണ്ട് അസാധ്യമാണ്. കാലത്തിന് നന്ദി.  
 

Latest News