Sorry, you need to enable JavaScript to visit this website.

മൂത്രത്തിന്റെ നിറംമാറ്റത്തിന് കാരണം...

മൂത്രത്തിന്റെ നിറം പച്ചവെള്ളം പോലെ തെളിഞ്ഞ നിറമാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് പറയാം. എന്നാൽ, ആവശ്യത്തിൽ അധികം വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിൽനിന്ന് സോഡിയം ഇല്ലാതാകാനും സാധ്യതയുണ്ട്. മൂത്രത്തിന്റെ നിറം നേരിയ മഞ്ഞയാണെങ്കിൽ ആരോഗ്യകരമായ രീതിയിൽ ശരീരത്തിൽ ജലാംശമുണ്ടെന്നാണ് അർത്ഥം. വൃക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അനുമാനിക്കാം.


തെളിഞ്ഞ മഞ്ഞ നിറം കണ്ട്, ഭയപ്പെടേണ്ട കാര്യമൊന്നും ഇല്ല. ശരീരത്തിൽ ആരോഗ്യകരമായ രീതിയിൽ മതിയായ ജലാംശമുണ്ടെന്ന സൂചനയാണിത്.
അതേസമയം, മൂത്രത്തിന് കടുത്ത മഞ്ഞ നിറം ഉണ്ടാവുന്നത് ആവശ്യത്തിനു വെള്ളം ലഭിക്കാതെ വരുമ്പോഴാകാം. എങ്കിലും അമിത ഉൽക്കണ്ഠ ആവശ്യമില്ല. മഞ്ഞപ്പിത്തം പോലുള്ള ചില രോഗങ്ങൾക്കും ഈ ലക്ഷണം കാണാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെങ്കിലും ഈ അവസ്ഥ ഉണ്ടാവുന്നുണ്ടെങ്കിൽ, വിദഗ്ധ നിർദേശം സ്വീകരിക്കണം.
മൂത്രത്തിന്റെ നിറം തവിട് നിറത്തിലാവുന്നുണ്ടെങ്കിൽ തീർച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്. ഡീ ഹൈഡ്രേഷൻ അഥവാ നിർജലീകരണം ഗുരുതരമായ രീതിയിലാണ് ഉള്ളത്. അപകടകരമായ അവസ്ഥയിലേക്ക് നീളും മുമ്പ് ശരീരം പ്രകടിപ്പിക്കുന്ന സൂചനയായിരിക്കും ഈ നിറം മാറ്റം. ബ്രൗൺ നിറത്തിലെ മൂത്രം ചിലപ്പോൾ, കരൾ പ്രശ്‌നങ്ങളുടെ സൂചനയാകാം. ഇതിലൂടെ ചിലപ്പോൾ തരികൾ കാണപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ കരൾ വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തതുകൊണ്ടാകാം. ഡോക്ടറുടെ പരിശോധന തേടുന്നതായിരിക്കും ഉചിതം.


ബീറ്റ് റൂട്ട് പോലുള്ള ചില ഭക്ഷണങ്ങൾ കുറെ കഴിക്കുമ്പോൾ മൂത്രത്തിന് ഇളം ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറം ഉണ്ടാവാറുണ്ട്. എന്നാൽ, ഇത്തരം ഭക്ഷണങ്ങൾ ഒന്നും കഴിക്കാതെ തന്നെ നിറം മാറം ഉണ്ടാവുകയാണെങ്കിൽ യൂറിനറി ഇൻഫെക്ഷൻ, അല്ലെങ്കിൽ കാൻസർ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നകളുടെ സൂചനയായിരിക്കാം ഇത്. ഉടനടി ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം. ഓറഞ്ച് ജ്യൂസിന്റെ നിറത്തോട് സാമ്യമുള്ള നിറത്തിലാണ് മൂത്രമെങ്കിൽ ശരീരത്തിന് മതിയായ വെള്ളം ലഭിക്കുന്നില്ലെന്നതിന്റെ അടയാളമായിരിക്കാം. കൃത്രിമ നിറം കലക്കിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും കരളിന്റെ ആരോഗ്യ പ്രശ്‌നങ്ങളും മൂത്രത്തിന്റെ ഈ നിറവ്യത്യാസത്തിന് കാരണമായെക്കാം. ഡോക്ടറുടെ നിർദേശം സ്വീകരിക്കുന്നതാവും നല്ലത്.


പച്ച അല്ലെങ്കിൽ നീല നിറം കാണുന്നത് പലപ്പോഴും മൂത്രനാളിയിലെ അണുബാധ മൂലമാകാം. ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണുകയും വിദഗ്ധ നിർദേശം സ്വീകരിക്കുന്നതുമാണ് ഉചിതം. പതിവായി കലങ്ങിയ, പതഞ്ഞ മൂത്രം വൃക്കകൾ തകരാറിലാണെന്നതിന്റെ ലക്ഷണമായിരിക്കാം. ഒരു പക്ഷേ ഭക്ഷണത്തിൽ പ്രോട്ടീൻ അമിത അളവു മൂലവും ഈ ലക്ഷണം ഉണ്ടായെക്കാം. ഈ ലക്ഷണം തുടരുകയാണെങ്കിൽ ഡോക്ടറെ കാണുന്നതാണ് നല്ലത്.


 

Latest News