Sorry, you need to enable JavaScript to visit this website.

വിരൽ കടിക്കുന്ന കുഞ്ഞുങ്ങൾ...


കുഞ്ഞുങ്ങൾ വിരൽ കുടിച്ചു കിടന്നുറങ്ങുന്നതു കാണാൻ നല്ല ചന്തമാണ്. എന്നാൽ കുട്ടികളുടെ വിരലുകുടി പലപ്പോഴും മാതാപിതാക്കൾക്കു പ്രശ്‌നമാണ്. അത് അത്ര കാര്യമാക്കാനില്ല, അഞ്ചു വയസ്സു വരെ. എന്നാൽ ആറു വയസ്സു കഴിഞ്ഞിട്ടും കുട്ടി ആ ശീലം മാറ്റുന്നില്ലെങ്കിൽ ശ്രദ്ധിക്കണം.

അമ്മമാർ ശ്രദ്ധിക്കേണ്ടത്
കുഞ്ഞുങ്ങളുടെ താടിയെല്ലിന്റെ വളർച്ചയും പല്ലിന്റെ വളർച്ചയും നാലു മുതൽ പതിനാലു വയസ്സു വരെയാണ്. അതിനാൽ വിരലു കുടിക്കുന്ന കുഞ്ഞുങ്ങളെ അതിൽ നിന്നു പിന്തിരിപ്പിക്കേണ്ടത് ആവശ്യമാണ്. ഇനി പറയുന്ന കാര്യങ്ങളാണ് അതിനു കാരണം.

ദോഷങ്ങൾ:

* കുഞ്ഞിന്റെ താടിയെല്ലിന്റെ ആകൃതിക്കു മാറ്റം വരുന്നു.
* പല്ലുകൾ പൊങ്ങി നിൽക്കാനും ക്രമമില്ലാതാകാനും ഇടവരും.
* കുഞ്ഞുങ്ങളുടെ സംസാര രീതിയിൽ മാറ്റം.
വിരൽ കുടി സാധാരണമാണോ?
ഗർഭസ്ഥശിശു വിരലു കുടിക്കാറുണ്ട്. കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞ് ഏതാനും മാസങ്ങൾ വിരൽ കുടിക്കും. എന്നാൽ ആറു വയസ്സു കഴിഞ്ഞും കുഞ്ഞുങ്ങൾ ഇതു ശീലമാക്കിയാൽ ശ്രദ്ധിക്കേണ്ടതാണ്. ചില കുഞ്ഞുങ്ങൾ വിരൽ കുടിക്കുന്നതിനൊപ്പം തന്നെ മറ്റു ചില പ്രവൃത്തികളും ചെയ്യാറുണ്ട്. ഉദാഹരണമായി തലമുടിയിൽ പിടിക്കുക, ബെഡ്ഷീറ്റ് പിടിച്ചു വലിക്കുക, ഷർട്ട് തെറുത്തുകയറ്റുക...

വിരൽ കുടിക്കുള്ള കാരണം?

ജന്മനാ കുഞ്ഞുങ്ങളിൽ കാണുന്നതാണ് വിരലുകുടി. പ്രായം കൂടുന്നതിനനുസരിച്ച് ഇതു മാറും. പക്ഷേ, ചില കുഞ്ഞുങ്ങൾ ഇതു ശീലമാക്കും. ഇതു സംതൃപ്തിയുടെ ഭാഗമായിത്തീരും. വിശക്കുമ്പോഴും ഭയമുണ്ടാകുമ്പോഴും ദേഷ്യം വരുമ്പോഴുമൊക്കെ ഇതു ചെയ്യും.
മാതാപിതാക്കൾ ശ്രദ്ധിക്കുകയാണെങ്കിൽ കുഞ്ഞുങ്ങളുടെ ഈ ദുഃശീലം മാറ്റിയെടുക്കാൻ സാധിക്കും. കുഞ്ഞിനെ മനസ്സിലാകുന്ന ഭാഷയിൽ ഉപദേശിക്കുക.
കുഞ്ഞിന്റെ വിരൽ ഒരു ബാൻഡ്എയ്ഡ് വെച്ച് ചുറ്റിക്കെട്ടുക. ഇതൊരു ശിക്ഷയാണെന്നു കുഞ്ഞിനു തോന്നരുത്. ദുഃശീലം മാറ്റാനാണെന്നു പറഞ്ഞുകൊടുക്കണം.
അനുസരിക്കുകയാണെങ്കിൽ അവർക്കു പാരിതോഷികം നൽകാൻ മറക്കരുത്. കുഞ്ഞുങ്ങളെ വാശി പിടിപ്പിക്കുന്ന രീതിയിൽ നിർബന്ധിച്ചു വിരലുകുടി നിർത്തിക്കരുത്. മറ്റു കാര്യങ്ങളിലേക്ക് കുഞ്ഞുങ്ങളുടെ ശ്രദ്ധ തിരിച്ചു വിടണം. ചിത്രം വരയ്ക്കൽ, പെയിന്റിങ് തുടങ്ങിയവ ശീലിപ്പിക്കുക. കുടിക്കുന്ന വിരലിൽ ആര്യവേപ്പിലയോ കുഴമ്പോ പുരട്ടുക. ഈ കുഴമ്പുകൾ തെരഞ്ഞെടുക്കുമ്പോൾ ഹാനികരമല്ലെന്ന് ഉറപ്പു വരുത്തണം. പ്രയാസങ്ങളോ ഉത്കണ്ഠയോ കാരണമാണോ വിരലുകുടിയെന്നു തിരിച്ചറിയണം. അതു മാറ്റിയെടുക്കാൻ ശ്രമിക്കണം.

 

Latest News