പഠനവും രക്ഷിതാവിന്റെ ആകുലതയും

നാട്ടിലുള്ള മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ പലപ്പോഴും ആശങ്ക പുലർത്തുന്നവരാണ് പ്രവാസികൾ. ഭാര്യക്ക് ഒറ്റക്ക് മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഒന്നും ചെയ്യാനാകാത്തതിന്റെ വേവലാതി ഒരു ഭാഗത്ത്. കോവിഡ് തീർത്ത സ്‌കൂൾ പഠനം നേരിട്ട് സാധ്യമല്ലാത്തതിന്റെ ആശങ്ക മറുഭാഗത്തും. ഈ സഹചര്യത്തിൽ മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കാനുള്ള ചില ടിപ്പുകൾ:

1.    ദൂരത്താണെങ്കിലും മക്കളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധ വെച്ചുപുലർത്തുക.
2.    കുട്ടികളെ സ്‌നേഹിക്കുക, സ്‌നേഹം പ്രകടിപ്പിക്കുക. ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നത് മാത്രമല്ല രക്ഷാകർതൃത്വത്തിന്റെ ഉത്തരവാദിത്തം എന്നറിഞ്ഞ് മക്കളെ അറിയാനും പരിഗണിക്കാനും ശ്രദ്ധിക്കുക. 
3. സൗഹൃദത്തോടെ കുട്ടികളോട് പെരുമാറുക. കൽപനകളോ കണിശമായ നിർദേശങ്ങളോ മൃദുവായി അറിയിക്കുക. അതിൽ വിട്ടുവീഴ്ച ചെയ്യുകയില്ലെന്ന് മക്കളറിഞ്ഞിരിക്കണം.
4.    ഭാര്യയുമായി ആലോചിച്ച് തീരുമാനമെടുക്കുക. അക്കരെയുമിക്കരെയുമിരിക്കുന്ന രക്ഷാകർത്താക്കൾ ഞങ്ങളുടെ കാര്യത്തിൽ ഒരൊറ്റ തീരുമാനക്കാരാണെന്ന് മക്കളറിഞ്ഞിരിക്കണം.
5.    ഏത് പ്രശ്‌ന ഘട്ടത്തിലും കൂടെ നിന്ന്    പ്രശ്‌നപരിഹാരം കാണാൻ രക്ഷിതാക്കളുണ്ടാവുമെന്നുള്ള വിശ്വാസം മക്കൾക്കുണ്ടാവണം. എപ്പോഴും കുറ്റപ്പെടുത്തുന്നവർക്കതാവില്ല. പ്രശ്‌നത്തിന് സാധ്യതയുള്ള പരിഹാരങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും ഉചിതമായത് തെരഞ്ഞെടുക്കാനും കുട്ടിയെ സ്വയം പ്രാപ്തരാക്കുക.
6.    ആവശ്യമുള്ള സന്ദർഭങ്ങളിൽ പ്രോത്സാഹനം നൽകുക. സമ്മാനങ്ങൾ കൈമാറുക. എത്തിച്ചുകൊടുക്കുക.
7.    മക്കളെ താരതമ്യപ്പെടുത്താതിരിക്കുക. ഓരോ കുട്ടിയേയും കഴിവിന്റെയും കഴിവുകളുടെയും അടിസ്ഥാനത്തിൽ മനസ്സിലാക്കുക, അംഗീകരിക്കുക.
8.    ശ്രദ്ധയോടെ ശിക്ഷകൾ നൽകുക. ഗൾഫിൽനിന്ന് ശിക്ഷ 'പാർസ'ലാക്കി അയയ്ക്കുന്ന സ്വഭാവം മാറ്റുക. ഒരാൾ ശിക്ഷ വിധിക്കുമ്പോൾ മറ്റൊരാൾ രക്ഷയ്ക്ക് വന്നെത്തുന്നത് ഒഴിവാക്കുക. എന്തിനാണ് ശിക്ഷ എന്നത് കുട്ടി അറിഞ്ഞിരിക്കണം. അത് ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ നൽകുന്നുവെങ്കിൽ.
9.    കഴിവുകൾ വളർത്താൻ പരിശീലനം നൽകുവാൻ ഏർപ്പാടാക്കുക. ഓർമശക്തിയും ഗ്രാഹ്യശക്തിയും കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയും. പഠനത്തിലുണ്ടാവുന്ന ഒട്ടുമുക്കാലും പ്രശ്‌നങ്ങൾക്കും പരിഹാരം നൽകാൻ പരിശീലകർക്ക് കഴിയും.
10.    തങ്ങൾക്ക് ഫലപ്രദമായി ഇടപെടാൻ കഴിയാത്ത സന്ദർഭങ്ങളിൽ കൗൺസലർമാരുമായോ മനഃശാസ്ത്രജ്ഞന്മാരുമായോ ബന്ധപ്പെടുക. 
11.    മൂല്യബോധം പകുത്തുനൽകുക. മൂല്യങ്ങളെ ആന്തരികവൽക്കരിക്കാൻ പരിശീലനം നൽകുക. സദാചാര മൂല്യങ്ങൾ ഒരു കുട്ടിയുടെ മേന്മയുറ്റ വളർച്ചയ്ക്ക് സഹായകമാവാതിരിക്കില്ല. 
12.    വിദൂര രക്ഷാകർതൃത്വം ഫലപ്രദമാക്കാൻ പരിശീലിക്കുക. പഠിക്കുക. 

 

Latest News