മലയാള സിനിമയിൽ മാറ്റത്തിന് തുടക്കം കുറിച്ച സംവിധായകനാണ് ഇന്നലെ വിട പറഞ്ഞ ഐ.വി ശശി. 1975ൽ ആദ്യ ചിത്രമായ ഉത്സവമാണ് യഥാർഥത്തിൽ മലയാളത്തിന്റെ ആദ്യ പുതുതലമുറ സിനിമ. നിലവാരമുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതി തെളിഞ്ഞ സാഹിത്യകാരനൊന്നുമായിരുന്നില്ല ഇതിന്റെ തിരക്കഥ രചിച്ച ഷെരീഫ്. നസീർ, മധു, ഉമ്മർ, വിൻസെന്റ്, ഷീല, ജയഭാരതി, വിജയശ്രീ, വിധുബാല എന്നീ താരങ്ങൾക്കൊപ്പിച്ച് ഫോർമുല സിനിമകൾ മാത്രം പുറത്തിറങ്ങിയ കാലത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതച്ചത് ശശിയായിരുന്നു. ത്രികോണ പ്രണയത്തിനപ്പുറവും സിനിമയ്ക്ക് ചിലത് പറയാനുണ്ടെന്ന് തെളിയിച്ച പ്രതിഭ. നസീർ യുഗത്തിന് ശേഷം കുറേക്കാലം മലയാള ചലച്ചിത്ര രംഗം ശശിയുടെ നിയന്ത്രണത്തിലായി. മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തതും ശശിയാണ്.
ആധുനിക കാലത്ത് കൊട്ടിഘോഷിക്കപ്പെടുന്ന ന്യൂജെൻ സിനിമകളെ പറ്റി തീരെ മതിപ്പില്ലാത്ത ആളായിരുന്നു ശശി. 2008ലാണ് മലയാളത്തിലെ ന്യൂ ജനറേഷന്റെ ആവിർഭാവമെന്നാണ് അവകാശവാദം. പുതിയ നൂറ്റാണ്ടിലെ ഈ അവതാരങ്ങളെ കുറിച്ച് ശശി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇവരെല്ലാം അനുകരണ വീരന്മാരാണെന്നാണ്. ലോക ക്ലാസിക്കുകളിൽനിന്ന് പൊക്കിയെടുത്ത് സ്വന്തം പേരിലാക്കി വെള്ളിത്തിരയിലെത്തിച്ച് മേനി നടിക്കുന്ന മിടുക്കന്മാർ. മൗലികമായ സൃഷ്ടികളിലൂടെ കഴിവ് തെളിയിക്കാനാണ് ഇക്കൂട്ടർ ശ്രദ്ധിക്കേണ്ടതെന്നും ശശി അഭിപ്രായപ്പെടുകയുണ്ടായി. സോമൻ, ജയൻ, രതീഷ്, മമ്മുട്ടി, ശ്രീേദവി, സീമ എന്നീ നായികാനായകന്മാരെ ചലച്ചിത്ര രംഗത്തിന് പരിചയപ്പെടുത്തിയത് ഐ.വി ശശിയാണ്. ഒരു ദക്ഷിണേന്ത്യൻ സിനിമ ആദ്യമായി അമേരിക്കയിൽ ചിത്രീകരിച്ചത് ഐ.വി ശശിയുടെ ഏഴാം കടലിനക്കരെ.
സമകാലിക രാഷ്ട്രീയമായിരുന്നു ശശിയുടെ ഹിറ്റ് ചിത്രങ്ങളിലെ പ്രതിപാദ്യ വിഷയം. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ മലയാളി പ്രേക്ഷകർക്ക് രാഷ്ട്രീയ ബോധം പകർന്നു നൽകിയത് അദ്ദേഹമായിരുന്നു. ഒരു പൊതുയോഗത്തിന് വേണ്ടത്രയും നടീനടന്മാരെന്നത് ശശിയുടെ ചിത്രങ്ങളിലെ സവിശേഷതയായിരുന്നു. എന്നാൽ എല്ലാവർക്കും ചിത്രത്തിന്റെ വിസ്തൃതമായ കാൻവാസിൽ കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടാവും. മെഗാ ഹിറ്റായിരുന്ന ഈ നാട് എന്ന സിനിമയിൽ നായകന്റെ പ്രാധാന്യം ഇല്ലാതാക്കി ജനക്കൂട്ടത്തിന് ആ റോൾ നൽകുകയായിരുന്നു. നിലവിലെ വ്യവസ്ഥിതിയ്ക്ക് മാറ്റം വരാൻ ആളുകൾ സംഘടിക്കേണ്ടതിന്റെ പ്രാധാന്യം ചിത്രം എടുത്തു പറഞ്ഞു. ഐ.വി ശശിയുടെ സിനിമകളിൽ പ്രധാന നടന്മാർ തന്നെ രണ്ടും മൂന്നുമുണ്ടാവാറുണ്ടായിരുന്നു. സോമനും സുകുമാരനും രാഘവനും ഒരേ സിനിമയിൽ തുല്യ പ്രാധാന്യത്തോടെ അഭിനയിച്ചു. പലരിൽ ഒരാളായി നിൽക്കുന്നതിൽ രസക്കേട് കണ്ടെത്തിയ ചില താരങ്ങളാണ് പിൽക്കാലത്ത് സൂപ്പർ സ്റ്റാറുകളായി മാറിയത്.
കോഴിക്കോടായിരുന്നു ശശിയുടെ പ്രിയ ലൊക്കേഷൻ. പി.വി ഗംഗാധരനുമായി ചേർന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്രയെത്ര സൂപ്പർ ഹിറ്റുകളാണ് പിറന്നത്. ചിത്രീകരണം ആരംഭിക്കുന്നത് മുതൽ കെ.ടി.സി ബസുകൾക്ക് പിന്നിൽ പുതിയ പടത്തിന്റെ പരസ്യം സ്ഥാനം പിടിക്കും. കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, നെല്ലിക്കോട്, ശാന്താ ദേവി മുതൽ നഗരത്തിലെ പരിചിത മുഖങ്ങളില്ലാതെ ശശിയുടെ സിനിമ പൂർണമാവില്ല. പൊളിച്ചു മാറ്റിയ പഴയ കല്ലായി പാലം ശശിയുടെ ക്യാമറയ്ക്ക് ഒഴിവാക്കാനാവാത്ത കാഴ്ചയായിരുന്നു. സിനിമകൾക്ക് ഒരു പ്രാദേശിക കാഴ്ചപ്പാട് നൽകാൻ അദ്ദേഹത്തിനായി. അതേസമയം, മലബാർ സമൂഹത്തിലെ ചില അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ഇനിയെങ്കിലും എന്ന ചിത്രം ഹർത്താലിനും ബന്ദിനുമെതിരെ ശക്തമായ താക്കീതാണ് നൽകിയത്. മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങളുടെ പദവി ഉറപ്പിക്കുന്നതിൽ ആദ്യകാല ഐ.വി ശശി ചിത്രങ്ങൾ നിമിത്തമായി.