മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിൽ ബാലതാരമായായിരുന്നു പ്രയാഗ മാർട്ടിന്റെ അരങ്ങേറ്റം. ഒന്നുരണ്ടു വർഷം കഴിഞ്ഞപ്പോൾ ഉസ്താദ് ഹോട്ടലിലും വേഷമിട്ടു. എന്നാൽ വഴിത്തിരിവായത് മിഷ്കിന്റെ പിശാശ് എന്ന ചിത്രത്തിൽ വേഷമിട്ടതോടെയായിരുന്നു.
കൊച്ചിക്കാരായ മാർട്ടിൻ പീറ്ററിന്റെയും ജിജി മാർട്ടിന്റെയും മകളായ പ്രയാഗ എളമക്കര ഭവൻസ് വിദ്യാമന്ദിറിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് സെന്റ് തെരേസാസ് കോളേജിൽനിന്നും ഇംഗ്ലീഷ് ലിറ്ററേച്ചർ ആന്റ് കമ്യൂണിക്കേഷനിൽ ബിരുദം നേടി. ട്രാവൽ ആന്റ് ടൂറിസത്തിലാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. കുട്ടിക്കാലം തൊട്ടേ നൃത്തപരിശീലനം നേടിയ ഈ അഭിനേത്രി സിനിമയിലെത്തുന്നതിനു മുമ്പു തന്നെ ചില വ്യവസായ സ്ഥാപനങ്ങളുടെ മോഡലുമായിരുന്നു.
പിശാശ് എന്ന ചിത്രത്തിലെ നായികയായ ഭവാനിയെ അവതരിപ്പിച്ചതിന് മികച്ച പുതുമുഖ നടിക്കുള്ള സൗത്ത് ഇന്റർനാഷണൽ അവാർഡും പ്രയാഗ നേടിയെടുത്തിരുന്നു. തുടർന്ന് ഒട്ടേറെ മലയാള ചിത്രങ്ങളുടെ ഭാഗമായ ഈ അഭിനേത്രി ഈയിടെ ഒരു ഹ്രസ്വ ചിത്രത്തിൽ കാളിദാസിനോടൊപ്പവും വേഷമിട്ടിരുന്നു. മത്സരിച്ച് കാറോടിച്ച് ഒടുവിൽ അപകടത്തിൽപ്പെടുന്നതും തുടർന്ന് പ്രണയത്തിലെത്തുന്നതുമായ ഒരു കൊച്ചു ചിത്രം.
എന്തു കാര്യത്തിലും സ്വന്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള പ്രയാഗ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുന്നു.

സിനിമാ ജീവിതം?
പഠനത്തോടൊപ്പം സിനിമയിലും അഭിനയിച്ച കാലമുണ്ടായിരുന്നു. ഇപ്പോൾ പഠനം പൂർത്തിയായി. പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു. ഇനി സിനിമയിൽ സജീവമാവുകയാണ് ലക്ഷ്യം. എങ്കിലും നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. ഏതു തരം സിനിമകൾ തെരഞ്ഞെടുക്കണം, ഒരു അഭിനേത്രി എന്ന നിലയിൽ പ്രേക്ഷക ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളെ എങ്ങനെ തെരഞ്ഞെടുക്കണം എന്നൊക്കെയുള്ള ചിന്താഗതിയിലാണിപ്പോൾ. ഇതുവരെ അവതരിപ്പിച്ചയെല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു. ഓരോ സിനിമയും ഓരോ പാഠങ്ങളായിരുന്നു. ആ പാഠങ്ങളിൽനിന്നുള്ള ഊർജമുൾക്കൊണ്ടാണ് മുന്നോട്ടുള്ള യാത്ര. കാരണം എത്ര കാലം ഈ രംഗത്ത് നിലനിൽക്കാനാവുമെന്ന് ആർക്കും കൃത്യമായി പറയാനാവില്ലല്ലോ.
സിനിമയിലേയ്ക്കുള്ള വരവ്?
അപ്പയുടെ സുഹൃത്തുക്കളായിരുന്നു അമൽ നീരദ് അങ്കിളും അൻവർ അങ്കിളും. അങ്ങനെയാണ് സാഗർ ഏലിയാസ് ജാക്കിയിലും ഉസ്താദ് ഹോട്ടലിലും മുഖം കാണിച്ചത്. രണ്ടു സിനിമയിലും ഒന്നോ രണ്ടോ സീനിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അവയൊന്നും സിനിമാനുഭവം എന്നു പറയാനാവില്ല. അഭിനേത്രി എന്ന നിലയിൽ വ്യത്യസ്തമായ അനുഭവം സമ്മാനിച്ചത് പിശാശ് എന്ന ചിത്രത്തിൽ വേഷമിട്ടപ്പോഴായിരുന്നു.
പിന്നെയും ഒരു വർഷം കഴിഞ്ഞാണ് മലയാളത്തിൽ നായികയായെത്തുന്നത്. ഒരു മുറൈവന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായ പാർവതി എന്ന കഥാപാത്രം. തുടർന്ന് പാവയിലെ മേരി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ അന്ന മരിയ, ഒരേ മുഖത്തിലെ ഭാമ, ഫുക്രിയിലെ നഫ്സി, വിശ്വാസപൂർവം മൻസൂറിലെ മുംതാസ്... തുടങ്ങി കുറെ ചിത്രങ്ങൾ. കട്ടപ്പനയിലെ ഋത്വിക് റോഷനാണ് ബ്രേക്കായത്. തുടർന്ന് ഒന്നൊന്നായി കുറെ ചിത്രങ്ങൾ... പോക്കിരി സൈമണിലെ ദീപ, രാമലീലയിലെ ഹെലേന, ഒരു പഴയ ബോംബ് കഥയിലെ ശ്രുതി, ബ്രദേഴ്സ് ഡേയിലെ റൂബി, ഉൾട്ടയിലെ പാറു, ഭൂമിയിലെ മനോഹര കാവ്യത്തിലെ അന്ന... തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഇവയിൽ പല ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

കോവിഡ് കാലം എങ്ങനെ വിനിയോഗിക്കുന്നു?
സ്വയം വിലയിരുത്താനുള്ള കാലമായിരുന്നു കോവിഡ് കാലം. എവിടെയൊക്കെയാണ് കുറവു സംഭവിച്ചതെന്ന് തിരിച്ചറിയാൻ ശ്രമിച്ചു. കൂടാതെ സിനിമയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമവും തുടങ്ങി. കുറെ ക്ലാസിക് സിനിമകൾ കണ്ടു. സിനിമയെക്കുറിച്ചുള്ള കുറെ പുസ്തകങ്ങളും വായിച്ചു. അതു കഴിഞ്ഞാണ് സിനിമയെക്കുറിച്ച് സീരിയസായി ചിന്തിക്കാൻ തുടങ്ങിയത്.
മലയാളി നായികമാർ തമ്മിൽ മത്സരം?
അത്തരം മത്സരങ്ങളിൽ വിശ്വസിക്കുന്നില്ല. മത്സരം നല്ലതാണ്. അത് തന്നോടു തന്നെയാകണം. എങ്കിൽ മാത്രമേ ഇന്നത്തെ കാലത്ത് മുന്നേറാൻ കഴിയൂ. ഇവിടെ മത്സരിച്ചിട്ട് കാര്യമില്ല. ഓരോരുത്തരും അവരവരുടെ കഴിവു കൊണ്ടും ബുദ്ധി കൊണ്ടും സാമർത്ഥ്യം കൊണ്ടും പരിചയസമ്പത്തു കൊണ്ടുമൊക്കെയാണ് നിലനിന്നു പോകുന്നത്. അവിടെ എനിക്കുമൊരു സ്പേസ് ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അതിനായി മീഡിയയും ട്രെൻഡും നന്നായി നിരീക്ഷിക്കണം. അങ്ങനെയല്ലെങ്കിൽ നമ്മൾ വിജയിക്കില്ല. അങ്ങനെ തോറ്റുകൊടുക്കാനൊന്നും എന്റെ മനസ്സ് അനുവദിക്കില്ല. എപ്പോഴും വിജയിക്കണമെന്നു തന്നെയാണ് ആഗ്രഹം. ഞാൻ എന്നോടു തന്നെ മത്സരിക്കുമ്പോൾ എവിടെയാണ് കുറവ്, എവിടെയാണ് എത്തേണ്ടത് എന്നൊക്കെയുള്ള ബോധമുണ്ടാകും. അവിടെയാണ് നമ്മുടെ സന്തോഷവും സമാധാനവും നിലകൊള്ളുന്നത്. എങ്കിൽ മാത്രമേ നല്ല രീതിയിൽ ജോലി ചെയ്യാനും മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാനും കഴിയുകയുള്ളൂ. മറ്റുള്ളവരുടെ വിജയത്തെ അംഗീകരിക്കാനും നമുക്കു കഴിയണം.
സിനിമ ഒരു ഓഫീസ് ജോലി പോലെയല്ല. ഉറക്കമില്ലാതെ രാവും പകലും വെയിലും മഴയും സഹിച്ച് ദിവസങ്ങളെടുത്ത് ചിത്രീകരിക്കുന്നതാണ് സിനിമ. വിജയിക്കുമെന്ന യാതൊരു ഗാരന്റിയുമില്ല. എല്ലാം പ്രേക്ഷകരുടെ കൈയിലാണ്. അവർക്ക് ഇഷ്ടപ്പെട്ടാൽ മാത്രമേ അടുത്ത ചിത്രത്തിലേയ്ക്കുള്ള അവസരം ലഭിക്കൂ. പ്രേക്ഷകരുടെ ഇഷ്ടവും പ്രീതിയും അംഗീകാരവും നേടിയെടുക്കുക എന്നതാണ് ഒരു അഭിനേതാവിനു വേണ്ട ഏറ്റവും വലിയ ഗുണം. അവിടെ മത്സരത്തിന് യാതൊരു സ്ഥാനവുമില്ല.

പുതിയ സിനിമകൾ?
ഒരു മലയാള സിനിമയും ഒരു തമിഴ് സിനിമയും കമ്മിറ്റ് ചെയ്തതായിരുന്നു. എന്നാൽ കോവിഡ് കാരണം രണ്ട് പ്രോജക്ടുകളും നീട്ടിവെച്ചു. ഒടുവിൽ പുറത്തിറങ്ങിയത് ഉൾട്ടയും ഭൂമിയിലെ മനോഹര കാവ്യവുമാണ്.
ഭൂമിയിലെ മനോഹര കാവ്യം ശ്രദ്ധേയമായിരുന്നു?
നല്ലൊരു പ്രണയ കഥയായിരുന്നു ഭൂമിയിലെ മനോഹര കാവ്യം. ഒരു അഭിനേത്രി എന്ന നിലയിൽ ഒരു മാറ്റം വേണമെന്നാഗ്രഹിച്ചപ്പോൾ ലഭിച്ച സിനിമയായിരുന്നു അത്. ചിത്രത്തിലെ ഒരു ഗാന രംഗമാണ് എല്ലാവരേയും ഏറെ ആകർഷിച്ചത്. അതിലെ കാമുകീഭാവം പലരും എടുത്തുപറയാറുണ്ട്. ദീപക് പറമ്പോലായിരുന്നു നായകനായി വേഷമിട്ടത്. നല്ലൊരു നടനാണ് ദീപക്. മികച്ച സഹകരണമായിരുന്നു അദ്ദേഹത്തിൽനിന്നും ലഭിച്ചത്.

സിനിമകൾ തെരഞ്ഞെടുക്കുന്നത്?
കഥ നോക്കിയാണ് ചില ചിത്രങ്ങൾ സ്വീകരിക്കുന്നത്. ചിലതാകട്ടെ, സ്ക്രീൻ പ്ലേ നോക്കിയായിരിക്കും. കഥാപാത്രങ്ങളുടെ മികവോ അവതരണ രീതിയോ ആയിരിക്കും ചില ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് കാരണമാകുന്നത്. ചിലത് സംവിധായകരുടെ മികവു കൊണ്ടാകാം. ഒരു സിനിമാനുഭവം പോലെയാവില്ല മറ്റൊന്ന്. അത് മാറിക്കൊണ്ടിരിക്കും.
ഏറ്റവും വലിയ വിമർശകർ?
എന്റെ ഏറ്റവും വലിയ വിമർശക ഞാൻ തന്നെയാണ്. ആ സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കില്ല. എന്നെ ആർക്കും വിമർശിക്കാം. എല്ലാം കേൾക്കും. ഒന്നും മറുത്തു പറയാറില്ല. എങ്കിലും മറ്റുള്ളവർക്ക് വിമർശിച്ചു മുന്നേറാൻ അവസരം നൽകാറില്ല.






