ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന വികസനം എത്തിനോക്കാത്ത ഒരു പ്രദേശമായിരുന്നു ലക്ഷദ്വീപ്. എന്തിനും കേരളത്തെ ആശ്രയിച്ചായിരുന്നു അവിടത്തുകാരുടെ ജീവിതം. കാറ്റിന്റെ ഗതിക്കനുസരിച്ച് മാത്രം സഞ്ചരിക്കുന്ന പായക്കപ്പലായിരുന്നു ആദ്യ കാലത്തെ ഗതാഗത സംവിധാനം. അതിൽ നിന്നും മാറി ഇന്ന് ആധുനിക സൗകര്യങ്ങളോട് കൂടിയ എയർകണ്ടീഷൻഡ് കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും ഗതാഗത രംഗത്ത് സജീവമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് പോലും ദ്വീപുകാർ അറിയുന്നത് മാസങ്ങൾക്ക് ശേഷമായിരുന്നു. ഇന്ന് ആധുനിക വാർത്താവിനിമയ സംവിധാനം എല്ലാ ദ്വീപുകളിലും ലഭ്യമാണ്.
വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ലക്ഷദ്വീപിന്റെ സകല മേഖലകളിലും വികസന പദ്ധതികൾ നടപ്പാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പലതും വേണ്ട വിധത്തിൽ പ്രയോജനപ്പെടുന്നില്ലെന്നത് വസ്തുതയാണ്. വൻകരയിലേക്ക് യാത്രക്കായി നിരവധി കപ്പലുകൾ ഉണ്ടായിട്ടും കൃത്യമായ ഷെഡ്യൂൾ ഇല്ലാത്തതിനാൽ ഇന്നും ജനങ്ങൾ ദുരിതം അനുഭവിക്കുന്നു. 35 വർഷത്തിനുള്ളിൽ ദ്വീപിൽ വന്ന വൻ വികസനങ്ങൾക്ക് പിന്നിൽ ലക്ഷദ്വീപിനെ ലോകത്തിന് പരിചയപ്പെടുത്തിയ മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം എം.പിയുമായിരുന്ന പി.എം. സഈദ് സാഹിബെന്ന മഹാന്റെ സംഭാവനകൾ വിലപ്പെട്ടതാണ്.
അഗത്തി ദ്വീപിലെ എയർ പോർട്ട് ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാണ്. ആധുനിക ലക്ഷദ്വീപിന്റെ ശിൽപി പി.എം.സഈദിന്റെ ശ്രമഫലമായാണ് ഇത് യാഥാർഥ്യമായത്.
കൊച്ചിയിലേക്ക് നിത്യേന വിമാന സർവീസുകളുണ്ട്.
നാടിന്റെ സാമ്പത്തിക ഉയർച്ചക്കും തൊഴിൽ സാധ്യതകൾ വർധിക്കാനും വിനോദ സഞ്ചാര രംഗം കരുത്താർജിക്കുന്നതിലൂടെ സാധിക്കും. എന്നാലിത് പോലും വേണ്ട വിധം പ്രയോജനപ്പെടുത്തുന്നില്ല. അറബ് നാട്ടിൽ നിന്നും വിരലിലെണ്ണാവുന്ന ടൂറിസ്റ്റുകൾ മാത്രമാണ് വരുന്നത്. കേരളത്തിൽ ധാരാളമായെത്തുന്ന അറബ് വിനോദ സഞ്ചാരികൾക്കിടയിൽ ലക്ഷദ്വീപിന് പ്രചാരം ലഭിക്കാനുള്ള ശ്രമം നടന്നിട്ടില്ല. ആഗോള തലത്തിൽ ലക്ഷദ്വീപ് ഒരു ഡെസ്റ്റിനേഷനായി അംഗീകാരം നേടിയത് നിസ്സാര കാര്യമല്ല. സഞ്ചാരികളെത്തുമ്പോൾ അവർക്ക് അടിസ്ഥാന സൗകര്യമൊരുക്കലും പ്രധാനമാണ്. ലക്ഷദ്വീപിന്റെ സംസ്‌കാരകത്തെ ഹനിക്കാത്ത നിലക്ക് ടൂറിസം വ്യവസായത്തെ ഇനിയും ഒരുപാട് വളർത്താൻ കഴിയും.
പ്രകൃതി തന്നെ ശുചീകരണ പ്രക്രിയ ഏറ്റെടുത്ത ആന്ത്രോത്ത് ദ്വീപിലെ മൂലാ ബീച്ച് ഒരു അത്ഭുതമാണ്. തീരദേശ നിയമം കർശനമായതിന്റെ പേരിൽ ഒട്ടേറെ സ്വകാര്യ വ്യക്തികളുടെ റിസോർട്ടുകൾ പൂട്ടിക്കിടക്കുകയാണ്. ദ്വീപിന്റെ പ്രത്യേക അവസ്ഥ പരിഗണിച്ച് ഈ നിയമങ്ങളിൽ ആനുകൂല്യം നൽകേണ്ടതുണ്ട്. ഇവിടെയെത്തുന്ന വിദേശികൾ വീണ്ടു വീണ്ടും എത്തുന്നതിന് കാരണം ഇവിടത്തെ ഭൂപ്രകൃതിയാണ്. വൃത്തിയുള്ള അന്തരീക്ഷം സന്ദർശകനെ ആഹ്ലാദിപ്പിക്കുന്നു. സവിശേഷതകളേറെയുള്ള ജനവിഭാഗമാണ് മിനിക്കോയ് ദ്വീപ് നിവാസികൾ. ഇവരുടെ സംസാര ഭാഷ പോലും വ്യത്യസ്തമാണ്. ആൾതാമസമുള്ള ദ്വീപുകളിൽ കർശന ഉപാധികളോടെയാണ് സഞ്ചാരികളെ ഇറക്കുന്നത്. ജനവാസമുള്ള എല്ലാ ദ്വീപുകളിലും മദ്യം ശക്തമായി നിരോധിച്ചിരിക്കുന്നു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് ലക്ഷദ്വീപിലേക്ക് ചെല്ലണമെങ്കിൽ ദ്വീപ് നിവാസികൾ സ്‌പോൺസർ ചെയ്യണം. ഇല്ലെങ്കിൽ ടൂറിസം സംഘാടകരായ സ്‌പോർട്‌സ് സ്‌പോൺസർ ചെയ്യണം. ഇവിടത്തെ ഭൂമി അയൽനാട്ടുകാർക്ക് വാങ്ങാനും സാധ്യമല്ല.
ദ്വീപുകളുടെ സാംസ്‌കാരിക പൈതൃകത്തിന് കോട്ടം തട്ടാത്ത നിലക്കാണ് വിനോദ സഞ്ചാരം. പതിറ്റാണ്ടുകൾക്കപ്പുറം ദ്വീപ് എന്ന സിനിമയും അടുത്തിടെ അനാർക്കലിയും ലക്ഷദ്വീപിൽ ചിത്രീകരിച്ച മലയാള പടങ്ങളാണ്.
യുവാക്കൾക്ക് തൊഴിലവസരം വർധിക്കാൻ ഈ മേഖല പാരമ്പര്യം നിലനിർത്തി വളരേണ്ടതുണ്ട്. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറിയ ശേഷം ദ്വീപുകൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. പുതിയ റോഡ് നിർമാണങ്ങൾ മിക്കതും ഇപ്പോൾ നിലച്ചു. മുൻകാലങ്ങളിൽ വികസന കുതിപ്പ് ദൃശ്യമായ പ്രദേശം ഇപ്പോൾ വികസന മുരടിപ്പിലാണ്. ലക്ഷദ്വീപിന് ഏറ്റവും പ്രധാനമായ ഗതാഗത രംഗത്തിന് ഊർജം പകരാൻ പുതിയ കപ്പലുകളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ലക്ഷദ്വീപുകാർക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് കിട്ടാതിരിക്കുന്നു. ആവശ്യത്തിന് ഗതാഗത സൗകര്യവും താമസ കേന്ദ്രങ്ങളുമില്ലാതെ ടൂറിസം വികസിക്കുന്നതെങ്ങനെ?