ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം ഇന്ത്യയിലെ ഒരു കേന്ദ്ര ഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതാണ്. 1956 ൽ രൂപം കൊണ്ട ലക്ഷദ്വീപിൽ 36 ദ്വീപുകളും തുരുത്തുകളുമുണ്ട്.
1973 ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന് പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഇന്ത്യയിൽ ഏറ്റവും മനോഹരമായ ബീച്ചുകളുള്ളത് ഗോവയിലായിരിക്കാം. ധാരാളം വിദേശ സഞ്ചാരികളും ഗോവയിലെത്തുന്നു. എന്നാൽ അറബിക്കടലിന്റെ പവിഴ മുത്തുകളായ ലക്ഷദ്വീപുകളുടെ പ്രകൃതി ഭംഗി മറ്റൊരിടത്തും കാണാനാവില്ല.
ജീവിതത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമെന്നാണ് ലക്ഷദ്വീപിനെക്കുറിച്ച് സഞ്ചാരികളുടെ വഴികാട്ടിയായ ലോൺലി പ്ലാനറ്റിൽ വിവരിക്കുന്നത്.
നയനാനന്ദകരമായ കാഴ്ചകൾ മാത്രമല്ല ലക്ഷദ്വീപിലുള്ളത്. ഇളം വെയിലേറ്റ് തിരകളെണ്ണി സൂര്യസ്‌നാനം ചെയ്യാനും ബീച്ച് ഗെയിംസിനുമൊക്കെ സൗകര്യമുണ്ട്. വർണ മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ തുടങ്ങിയ സമുദ്ര വിസ്മയങ്ങളുടെ വൈവിധ്യവും ദ്വീപിന്റെ പ്രത്യേകതയാണ്.
ചരിത്രം ഉറങ്ങുന്ന ലക്ഷദ്വീപിൽ നിരവധി പൈതൃക സ്മാരകങ്ങളുമുണ്ട്. വിനോദ സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ലക്ഷദ്വീപ് ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണ്.
ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിനു പടിഞ്ഞാറ് അറബിക്കടലിലാണ് ഈ ദ്വീപ് സമൂഹങ്ങളുടെ സ്ഥാനം. കവരത്തി, കൽപേനി, മിനിക്കോയ്, അഗത്തി, കദ്മത്ത്, ആന്ത്രോത്ത്, അമിനി, ചെത്‌ലത്ത്, ബിത്ര, കിൽത്താൻ തുടങ്ങിയ ദ്വീപുകളിലാണ് ജനവാസമുള്ളത്. കൽപിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി (പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി എന്നിവയാണ് ജനവാസമില്ലാത്ത ദ്വീപുകൾ.
ലക്ഷ്വദീപിലേക്ക് എത്തിച്ചേരാൻ പ്രധാനമായും ആശ്രയിക്കുന്നത് കപ്പലിനെയാണ്. വായു മാർഗവും ലക്ഷ്വദീപിലെത്തിച്ചേരാൻ സാധിക്കും. കാഴ്ചകൾ കാണണമെങ്കിൽ കപ്പൽ യാത്ര തന്നെയാണ് ഉചിതം. കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് കപ്പൽ പുറപ്പെടുന്നത്. കേരളത്തിൽ ലക്ഷദ്വീപുമായി അടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം കോഴിക്കോടാണ്. എന്നാൽ കപ്പൽ സർവീസ് കൂടുതൽ നടത്തുന്നത് കൊച്ചിയിൽ നിന്നാണ്. കൊച്ചിയിൽനിന്ന് 16 മണിക്കൂർ യാത്ര ചെയ്താൽ ലക്ഷ്വദീപിലെ ആദ്യ ദ്വീപായ മിനിക്കോയിലെത്തും. തുടർന്നാണ് മറ്റു ദ്വീപുകളിലേക്കു കപ്പൽ യാത്ര തുടരുന്നത്. ആകെ പത്ത് ദ്വീപുകളിലേക്കാണ് കപ്പൽ സർവീസുള്ളത്. വിനോദ സഞ്ചാരികൾക്കായി ലക്ഷദ്വീപ് ടൂറിസം വകുപ്പിന്റെ പാക്കേജുണ്ട്. (തുടരും)