Sorry, you need to enable JavaScript to visit this website.

അക്ഷര പുണ്യം തേടി സജീവന്റെ യാത്ര

സജീവൻ മാണിക്കോത്ത്‌
സജീവൻ മാണിക്കോത്ത്‌
സജീവൻ മാണിക്കോത്ത്‌
ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ചുള്ള 'നോവിന്റെ ഓർമ' എന്ന പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്യുന്നു. കൂടെ ജോയ് മാത്യു, രഞ്ജിത്ത് എന്നിവർ
ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ചുള്ള 'നോവിന്റെ ഓർമ' എന്ന പുസ്തകം മോഹൻലാലിന് സമ്മാനിക്കുന്നു
സജീവൻ മാണിക്കോത്ത്‌
എം.എൽ.എ. അബ്ദുൽ ഖാദറിന്റെ പ്രവാസി എന്ന കൃതി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു

സജീവൻ മാണിക്കോത്തിനെ നിങ്ങളറിയും. തോളിൽ പുസ്തക സഞ്ചിയുമായി റെയിൽവേ സ്‌റ്റേഷനിലും ബസ് സ്റ്റാന്റിലും ബീച്ചിലും ടൗൺഹാളിലും ടാഗോർ ഹാളിലുമെല്ലാം ഇദ്ദേഹത്തെ കാണാം. സാഹിത്യ സമ്മേളനങ്ങളിലും പുസ്തകോത്സവങ്ങളിലുമെല്ലാം ഈ പുസ്തക പ്രേമി സജീവ സാന്നിധ്യമാണ്. വായന മരിക്കുകയല്ല, കൂടുതൽ ഊർജസ്വലമായി ജീവിക്കുകയാണെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം.
തന്റെ അക്ഷര ജീവിത യാത്ര സാംസ്‌കാരിക ദൗത്യവും ഇടപെടലുമാണെന്ന വിശ്വാസമാണ് സജീവനെ നയിക്കുന്നത്. കേവലമൊരു പുസ്തക വിൽപനക്കാരൻ മാത്രമല്ല, നാടക നടനും പ്രസാധകനും നല്ലൊരു വായനക്കാരനുമാണ് അദ്ദേഹം. നല്ലൊരു വായനക്കാരനു മാത്രമേ നല്ല പുസ്തക വിൽപനക്കാരനാകാൻ കഴിയൂ എന്ന വിശ്വാസം അദ്ദേഹം വെച്ചുപുലർത്തുന്നു. കോഴിക്കോട്ടെ മിക്ക പുസ്തക പ്രസിദ്ധീകരണ ശാലകളിലും ജോലി നോക്കിയ സജീവൻ ഗ്രാൻമ ബുക്‌സ് എന്ന പ്രസിദ്ധീകരണ ശാലയുടെ ഉടമ കൂടിയാണ്.


ബാലുശ്ശേരി എരമംഗലം കുന്നക്കൊടിക്കടുത്ത് മാണിക്കോത്തു വീട്ടിൽ സജീവന് കുട്ടിക്കാലം തൊട്ടേ ഒരു നടനാവുക എന്നതായിരുന്നു സ്വപ്നം. ''സ്‌കൂളിൽ പഠിക്കുമ്പോഴാണ് നാടകപ്പനി എന്നെ ബാധിച്ചുതുടങ്ങിയത്. ഒട്ടേറെ നാടകങ്ങളുടെ അരങ്ങിലും അണിയറയിലുമായി ആ പനിക്കൊപ്പം ഞാനൊഴുകി. ഇബ്രാഹിം വെങ്ങരയുടെ ചിരന്തനയിലും പ്രവർത്തിച്ചു. ചിരന്തനയുടെ മേടപ്പത്ത്, പടനിലം തുടങ്ങി പതിനഞ്ചോളം നാടകങ്ങളിൽ വേഷമിട്ടു. നാടകലോകം ഞാനെന്ന മനുഷ്യനെ സംസ്‌കരിച്ചെടുക്കുകയായിരുന്നു.''
അച്ഛൻ കണാരക്കുട്ടിയാണ് വായനയുടെ ലോകത്തേയ്ക്ക് വഴി തിരിച്ചുവിട്ടത്. അച്ഛൻ നല്ലൊരു വായനക്കാരനായിരുന്നു. പുസ്തകങ്ങളോട് അഭിനിവേശം തോന്നിത്തുടങ്ങിയപ്പോൾ പുതിയ പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ചു തുടങ്ങി. പുതിയ പുസ്തകത്തിന്റെ മണവും വായനയിലൂടെ ലഭിക്കുന്ന അനുഭൂതിയുമെല്ലാം വല്ലാത്തൊരു അനുഭവമായിരുന്നു.


ബാലുശ്ശേരിയിലെ ലൈബ്രറിയായിരുന്നു അക്കാലത്തെ ആശ്രയം. പി.എസ്.സി പരിശീലന ക്ലാസിൽവെച്ച് പരിചയപ്പെട്ട മജീദ് മൂത്തേടത്താണ് വായനയിലെ താൽപര്യം കണ്ടറിഞ്ഞ് ടി.ബി.എസിൽ ജോലി വാങ്ങിക്കൊടുത്തത്. പുസ്തക പ്രദർശനങ്ങളുടെ ചുമതലക്കാരനായായിരുന്നു തുടക്കം. പിന്നീട് ഗോഡൗൺ സൂക്ഷിപ്പുകാരനായി. തുഛ ശമ്പളമായിരുന്നിട്ടും ഒരുപാട് വായിക്കാമല്ലോ എന്നു കരുതി അവിടെ തുടർന്നു. എം.ടിയുടെയും മുകുന്ദന്റെയുമെല്ലാം മിക്കവാറും കൃതികൾ വായിച്ചുതീർക്കാൻ കഴിഞ്ഞു. നാടകകൃത്ത് സതീഷ് കെ. സതീഷുമായുള്ള പരിചയമാണ് നാടകാഭിനയത്തിനുള്ള വാതിൽ തുറന്നു കൊടുത്തത്.
സാമ്പത്തികനില പരുങ്ങലിലായപ്പോൾ ടി.ബി.എസ് വിട്ട് നരിക്കുനിയിലെ അക്ഷര ബുക് സ്റ്റാളിൽ കുറച്ചുകാലം ജോലി നോക്കി. പിന്നീട് ലിപി പബ്‌ളിക്കേഷനിലെത്തി. സുകുമാർ അഴീക്കോടിനെപ്പോലുള്ള പ്രമുഖരുമായി ആത്മബന്ധം സ്ഥാപിക്കുന്നത് ഇവിടെ നിന്നായിരുന്നു. അടുത്ത തട്ടകമായ പിയാനോ ബുക്‌സിൽ പ്രൊഡക്ഷൻ ചുമതലക്കാരനായി.


ലിപി ബുക്‌സിലെ ജീവിത കാലത്താണ് സ്വപ്ന നഗരിയിൽ ഗിരീഷ് പുത്തഞ്ചേരിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച നീലാംബരി എന്ന പരിപാടി അരങ്ങേറിയത്. പരിപാടിക്കിടയിൽ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളടങ്ങിയ പുസ്തകത്തിന്റെ ഒരു ലക്ഷത്തിലേറെ വില വരുന്ന കോപ്പികൾ വെറും രണ്ടു മണിക്കൂറിനുള്ളിലാണ് സജീവൻ വിറ്റുതീർത്തത്.
ആളുകൾക്കിടയിൽ ഇറങ്ങിച്ചെന്നുള്ള പുസ്തക വിൽപനയാണ് സജീവന് ഏറെ സംതൃപ്തി നൽകുന്നത്. ജീവിക്കാനും പ്രതിരോധിക്കാനുമുള്ള മാർഗമായാണ് അദ്ദേഹം പുസ്തകത്തെ കാണുന്നത്. ഈ അലച്ചിലിനിടയിൽ തനിക്ക് വഴിവിളക്കായി മാറിയ ഒട്ടേറെ പേരുണ്ട്. ഇരുപത്തഞ്ച് രൂപയ്ക്ക് മതിയാവോളം ഭക്ഷണം വിളമ്പുന്ന സ്‌റ്റേഡിയത്തിനടുത്ത കാദർക്കയുടെ ഹോട്ടൽ, ഒരു രൂപയ്ക്ക് ചായ കിട്ടുന്ന പാളയത്തെ കുട്ടേട്ടന്റെ ചായക്കട, കുറഞ്ഞ നിരക്കിൽ സുഖസൗകര്യത്തോടെ താമസിക്കാനാവുന്ന ലോഡ്ജുകൾ... ഇവയെല്ലാം സജീവന് ആശ്വാസ ദായകങ്ങളാണ്.


പ്രതീക്ഷയിലുപരി പുസ്തകത്തെ സ്‌നേഹിക്കുന്ന ഒട്ടേറെ പേർ നമുക്കിടയിലുണ്ടെന്ന് സജീവൻ പറയുന്നു. അവരിൽ ബേപ്പൂർ തുറമുഖത്തെ ജീവനക്കാരികളുണ്ട്. ഭക്ഷണത്തെപ്പോലെ ആർത്തിയോടെ പുസ്തകങ്ങളെ സ്‌നേഹിക്കുന്ന കാക്കിക്കുള്ളിലെ കലാകാരൻ പോലീസ് ഓഫീസർ ഷിബുവേട്ടൻ, പുസ്തകം സമ്മാനമായി നൽകാറുള്ള പാളയത്ത് പപ്പടം വിറ്റു പഠനത്തിനുള്ള വഴി കണ്ടെത്തുന്ന കുന്ദമംഗലത്തെ ഏഴാം ക്ലാസുകാരി ദുർഗ, പാളയത്ത് ലോട്ടറി വിറ്റു ഉപജീവനം തേടുന്ന അന്ധനും ബിരുദധാരിയുമായ ജോസേട്ടൻ, ആരോരും തുണയില്ലാത്ത മുറുക്കിച്ചുവപ്പിച്ച പല്ലുകളും കഴുത്തിൽ ഒരു ചാക്കുകെട്ടുമായി കൈനീട്ടുന്ന മൈലാമ്മ... പുസ്തകങ്ങളുമായുള്ള യാത്രയിൽ കൂട്ടായി കിട്ടിയ ഇവരെയെല്ലാം ചേർത്തുപിടിക്കാനും സജീവൻ മുന്നിലുണ്ട്.
കോവിഡ് ഭീതി വിതച്ചപ്പോൾ അധികൃതർ നഗരത്തിൽ അലഞ്ഞു നടന്നവരെ കണ്ടെത്തി മാറ്റിപ്പാർപ്പിച്ചിരുന്നു. അത്തരം കേന്ദ്രങ്ങളിലെ വായനാ തൽപരരെ കണ്ടെത്തി അവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകാനും സജീവൻ മറന്നില്ല. ഊരുചുറ്റി പുസ്തകം വിൽപന നടത്തിയിരുന്ന തന്നെ തേടി ഇപ്പോൾ വായനക്കാർ എത്തുന്നുവെന്ന സന്തോഷവും സജീവനുണ്ട്.


2011 ലാണ് ഗ്രാൻമ ബുക്‌സ് എന്ന പേരിൽ സ്വന്തമായി ഒരു പ്രസിദ്ധീകരണസ്ഥാപനം തുടങ്ങിയത്. പുതിയറയിലെ ഒരു ചെറിയ മുറിയിലായിരുന്നു ഓഫീസ്. സതീഷ് കെ. സതീഷ് എഡിറ്റ് ചെയ്ത ദി തിയേറ്റർ ട്രൂത്ത്' ആണ് ഗ്രാൻമ ആദ്യമായി പുറത്തിറക്കിയത്. തുടർന്ന് ഇരുപത്തഞ്ചോളം പുസ്തകങ്ങൾ ഇതിനകം പ്രസാധനം ചെയ്തുകഴിഞ്ഞു. മറ്റു പ്രസാധകരുടെ പുസ്തകങ്ങൾക്കൊപ്പം തന്റെ പുസ്തകങ്ങളും വിൽപനയ്‌ക്കൊരുക്കിയിരിക്കുകയാണദ്ദേഹം. കല്ലായി റോഡിൽ സ്ഥാപനവും ഓഫീസുമെല്ലാമായി വിപുലമായി പ്രവർത്തനം ആരംഭിച്ചപ്പോഴാണ് കോവിഡ് വിലങ്ങുതടിയായത്.
ഗ്രാൻമ പ്രസിദ്ധീകരിച്ച 'മധുരിക്കുന്ന കോഴിക്കോട്'  എന്ന കൃതിയുടെ പ്രകാശന ചടങ്ങിൽ എം.ടി പറഞ്ഞ വാക്കുകൾ സജീവന് ഒരിക്കലും മറക്കാനാവില്ല. ''അസുഖാവസ്ഥയിലും ഇവിടെയെത്തിയത് സജീവൻ പറഞ്ഞതുകൊണ്ടു മാത്രമാണ്. ആധുനിക കാലത്ത് ചെറുപ്പക്കാർക്ക് പണം സ്വരൂപിക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്. അതിൽനിന്നെല്ലാം വ്യത്യസ്തനായി പുസ്തകങ്ങളെ സ്‌നേഹിക്കുന്ന സജീവൻ പുസ്തകങ്ങളുമായി വായനക്കാരെ തേടിയെത്തുകയാണ്. അതിനാലാണ് ഞാനിവിടെ നിൽക്കുന്നത്...'' കരഘോഷത്തോടെയാണ് സദസ്സ് ആ വാക്കുകൾ ഏറ്റുവാങ്ങിയത്. 'മധുരിക്കുന്ന കോഴിക്കോട്' എന്ന കൃതിയിൽ എം.ടി, സുഗതകുമാരി, എം.ജി.എസ് തുടങ്ങി എൺപത്തിമൂന്നു പേരാണ് കോഴിക്കോടിനെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.


സജീവൻ പ്രസിദ്ധീകരിച്ച 'ഗിരീഷ് പുത്തഞ്ചേരി നോവിന്റെ ഒരോർമ' എന്ന കൃതിയിലും എം.ടി, മമ്മൂട്ടി, മോഹൻലാൽ, യേശുദാസ്, ഇളയരാജ... തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ തങ്ങളുടെ അനുഭവം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ പുത്തഞ്ചേരിയിലെ ഗ്രാമവാസികളും ഗിരീഷിനെ ഓർക്കുന്നുണ്ട്.
ഒരു പുസ്തക വിൽപനക്കാരന്റെ ജീവിതം പകർത്തിയ യു.കെ. കുമാരന്റെ 'കാണുന്നതല്ല ജീവിതങ്ങൾ' എന്ന പുസ്തകം തന്റെ കൂടി ജീവിതമാണെന്ന് സജീവൻ വിശ്വസിക്കുന്നു. പുസ്തകം വായിച്ച പലരും തന്നെ അഭിനന്ദിച്ചിരുന്നു. തീവണ്ടിയിൽ പുസ്തകം വിറ്റു ജീവിക്കുന്ന നന്ദൻ എന്ന കഥാപാത്രം തന്റെ കൂടി പ്രതീകമാണെന്ന് സജീവൻ പറയുന്നു. പുസ്തക വിൽപനക്കാരന് ഓരോ യാത്രയും ഓരോ ഓർമയാണ് -കോഴിക്കോട്ടുനിന്നും എറണാകുളംവരെ പോയി തീവണ്ടിയിൽ പുസ്തകം വിറ്റുനടന്ന കാലം ഓർമിച്ചുകൊണ്ട് സജീവൻ പറയുന്നു.
വർഷങ്ങൾക്കു മുൻപ് തൃശൂരിലെ ഒരു ഡയറക്ട് മാർക്കറ്റിംഗ് കമ്പനിയുടെ സെയിൽസ് എക്‌സിക്യൂട്ടീവായിരുന്നു സജീവൻ. ഡിക്ഷണറികളും സർവവിജ്ഞാനകോശവുമെല്ലാം വലിയ വില കൊടുത്ത് വാങ്ങാൻ ആളുകൾ മടിച്ചപ്പോൾ സജീവൻ കമ്പനിക്കു മുൻപാകെ ഒരു നിർദേശം വെച്ചു. വിൽപനയോടൊപ്പം ചെറിയ തുകയ്ക്ക് പുസ്തകങ്ങൾ വാടകയ്ക്കു കൊടുക്കുക. സജീവന്റെ നിർദ്ദേശം സ്വീകരിച്ച കമ്പനിക്ക് ഇപ്പോൾ കേരളത്തിലുടനീളം ബുക് ഡിപ്പോകളുണ്ട്.


പുസ്തക യാത്രക്കിടയിൽ വലിയൊരു സ്വപ്നവും സജീവൻ യാഥാർത്ഥ്യമാക്കി. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാല സഖി എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കാനായതിന്റെ സന്തോഷം ഇപ്പോഴും ആ മുഖത്തുണ്ട്. പുസ്തക വിൽപനയിലെ വൈവിധ്യം കണ്ടറിഞ്ഞ് ചെന്നൈ മലയാളി സമാജം മലയാളി മാർകഴി മഹോത്സവത്തിൽവെച്ച് സജീവനെ ആദരിച്ചിരുന്നു.
ഇതുവരെയുള്ള തന്റെ ജീവിതാനുഭവങ്ങൾ അക്ഷരങ്ങളിലേയ്ക്ക് പകർത്തുകയാണ് സജീവൻ. 'അക്ഷരങ്ങളിൽ ഒരു പുസ്തക ജീവിതം' എന്ന ഗ്രന്ഥത്തിന്റെ അവസാന മിനുക്കു പണിയിലാണിപ്പോൾ. കൂടാതെ മജീദ് മൂത്തേടത്തിന്റെ ആൾമറ എന്ന നോവൽ, വിനോദിന്റെ കഥകളുടെ സമാഹാരം എന്നിവയും പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു.

 


വായിച്ച പുസ്തകങ്ങളിൽ ഏറെയിഷ്ടപ്പെട്ടത് എം.ടിയുടെ നാലുകെട്ടും രണ്ടാമൂഴവുമാണ്. എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവുമെല്ലാം ഇഷ്ട കൃതികളാണ്. എ.പി.ജെ. അബ്ദുൽകലാമിന്റെ വാക്കുകളാണ് ഏറെ സ്വാധീനിച്ചത്. സ്വപ്നം കാണുക. സ്വപ്നങ്ങൾ ചിന്തകളായി വരുന്നതും ചിന്തകൾ പ്രവൃത്തികളാകാനും പഠിപ്പിച്ചത് അദ്ദേഹമാണ്. ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് യഥാർത്ഥ സ്വപ്നമെന്നും അത് നമ്മെ ഉറക്കം കെടുത്തുമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് എനിക്ക് പ്രചോദനമായത്. പുസ്തകങ്ങൾ നന്മയുടെ വാതിലുകളാണ്. ഇസങ്ങളും ഇതിഹാസങ്ങളും നന്മയുടെ സ്‌നേഹത്തിന്റെയും പ്രതീകങ്ങളാണ് -അദ്ദേഹം പറഞ്ഞിട്ടുണ്ട്.

 


സൗഹൃദങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സജീവൻ നാട്ടിലെ നവതാര ലൈബ്രറിക്ക് മൂന്നു ലക്ഷം രൂപയുടെ പുസ്തകങ്ങൾ സംഘടിപ്പിച്ചുകൊടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ്. വീട്ടിലും നല്ലൊരു ലൈബ്രറി ഒരുക്കിയിട്ടുണ്ട് അദ്ദേഹം. 
ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കിയ ഈ നാൽപത്തിയെട്ടുകാരന് തുണയായി സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കുന്ന ഭാര്യ ലിഷയുടെയും എട്ടു വയസ്സുകാരനായ മകൻ അമറിന്റെയും പിന്തുണയുണ്ട്.

 

 

 

 


 

Latest News