സിനി വേള്‍ഡ് തിയേറ്ററുകള്‍ അടച്ചുപൂട്ടുന്നു 

ലണ്ടന്‍-സിനി വേള്‍ഡ് തിയേറ്ററുകള്‍ അടച്ചുപൂട്ടുന്നതായി അറിയിപ്പ്. യുകെയിലെയും അയര്‍ലന്‍ഡിലെയും 128 തിയേറ്ററുകളാണ് അടച്ചുപൂട്ടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമ തീയേറ്റര്‍ ശൃംഖല അടച്ചുപൂട്ടുനത്തോടെ ലോക സിനിമ വ്യവസായത്തിന്റെ ഭാവി തുലാസിലാക്കുകയാണ്. ബിഗ് ബജറ്റ് റിലീസുകള്‍ നീട്ടിവെക്കാനുള്ള ഫിലിം സ്റ്റുഡിയോകളുടെ തീരുമാനം കാരണം വ്യവസായം അസാധ്യമാണെന്ന് സിനി വേള്‍ഡ് മേധാവികള്‍ അറിയിച്ചു. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം തിയേറ്ററുകള്‍ അടയ്‌ക്കേണ്ടിവന്നതിനാല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 1.3 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം ഉണ്ടായതായി സിനിവേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട തിയേറ്ററുകള്‍ ജൂലൈ 10ന് തുറക്കാന്‍ ഒരുങ്ങിയെങ്കിലും കാലതാമസം നേരിട്ടു. സുരക്ഷാനടപടികള്‍ എല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. എങ്കിലും നേരിട്ട വലിയ നഷ്ടം നികത്താന്‍ കഴിയാതെവന്നത്തോടെയാണ് അടച്ചുപൂട്ടാന്‍ ഉടമകള്‍ തയ്യാറാവുന്നത്. ആറായിരത്തോളം പേര്‍ക്ക് ഇപ്പോള്‍ ജോലികള്‍ നഷ്ടമാകുമെങ്കിലും അടുത്ത വര്‍ഷം വീണ്ടും തുറക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് തിരിച്ചെത്താവുന്നതാണ്. എന്നാല്‍ സിനിവേള്‍ഡ് തിയേറ്ററുകള്‍ അടുത്ത വര്‍ഷം വീണ്ടും തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ഡൈ'യുടെ റിലീസ് ഇപ്പോള്‍ രണ്ടുതവണ മാറ്റിവച്ചു. 2021 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. 
 

Latest News