ദുബായ്- കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഫീല്‍ഡ് പരിശോധന ശക്തമാക്കി ദുബായ് എക്കണോമി ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.ഇ.ഡി). നാല് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും രണ്ട് ഷോപ്പുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ദുബായ് എക്കോണമിയുടെ ഔദ്യോഗിക ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പരിശോധന വിവരങ്ങള്‍ പുറത്ത് വിട്ടത്.
ദുബായിലെ ഒരു ഷോപ്പിംഗ് സെന്ററിലെയും നായിഫ്, അല്‍ദഗായാ, അയല്‍നസീര്‍ എന്നിവിടങ്ങളിലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഡി.ഇ.ഡിക്ക് കീഴിലെ കൊമേഴ്സ്യല്‍ കംപ്ലയിന്‍സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (സി.സി.സി.പി) വകുപ്പ് പരിശോധന നടത്തിയത്.
ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്നാണ് ചില്ലറ വില്‍പ്പന, ടെക്‌സ്റ്റയില്‍സ്, സുഗന്ധദ്രവ്യങ്ങള്‍, എംബ്രോയിഡറി എന്നിവ വില്‍പ്പന നടത്തുന്ന നാല് കടകള്‍ക്ക് പിഴ ചുമത്തിയത്. ശാരീരിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്ന സ്റ്റിക്കറുകള്‍ സ്ഥാപിക്കാത്തതിനാണ് രണ്ട് ഷോപ്പുകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഒരു കടയും അടച്ച് പൂട്ടിയിട്ടില്ലെന്ന് ഡി.ഇ.ഡി അധികൃതര്‍ അറിയിച്ചു. പരിശോധന കര്‍ശനമായി തുടരുമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ദുബായ് കണ്‍സ്യുമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പറില്‍ വിളിച്ചോ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.