യു.എ.ഇ തൊഴില്‍ വിസ പുനരാരംഭിക്കുന്നു; എന്‍ട്രി പെര്‍മിറ്റ് വിതരണവും തുടങ്ങി

അബുദാബി- രാജ്യത്തെ സുപ്രധാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മേഖലകളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രവേശനാനുമതിയും (എന്‍ട്രി പെര്‍മിറ്റ്) നല്‍കിത്തുടങ്ങി. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുമായി (എന്‍.സി.ഇ.എം.എ) ചേര്‍ന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) യാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

ഔദ്യോഗിക ചാനലുകള്‍ വഴി മാത്രമേ എന്‍ട്രി പെര്‍മിറ്റ് ലഭ്യമാവുകയുള്ളു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ട്രാവല്‍ ഏജന്‍സികള്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ ക്രമങ്ങള്‍ക്കനുസരിച്ചായിരിക്കും വിസ നടപടികളെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്ത് തിരിച്ചെത്തുന്നവര്‍ യാത്രക്ക് മുമ്പ് കോവിഡ് പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശം വെച്ചിരിക്കല്‍ നിര്‍ബന്ധമാണ്. തൊഴിലാളികളെ സ്വീകരിക്കലും അവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ സൗകര്യം ലഭ്യമാക്കലും തൊഴിലുടമകളുടെ ബാധ്യതയാണ്. 

സാധുവായ വിസ കൈവശമുള്ള വീട്ടുജോലിക്കാര്‍ക്കുമുള്ള പ്രവേശനാനുമതി തുടരുമെന്ന് ഐ.സി.എ വ്യക്തമാക്കി. ബന്ധപ്പെട്ട കക്ഷികള്‍ അതോറിറ്റിയുടെ വെബ്സൈറ്റായ ica.gov.ae വഴി അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം സാധുവായ റെസിഡന്‍സി വിസ കൈവശമുള്ളവര്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും എന്‍ട്രി പെര്‍മിറ്റ് ലഭ്യമാവുമെന്നും ഐ.സി.ഐ അധികൃതര്‍ അറിയിച്ചു.

Latest News